മാലിയിൽ യുഎൻ സേനയിലെ 8 പേർ കൊല്ലപ്പെട്ടു

ബമാകോ ∙ പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ 8 യുഎൻ സമാധാന സേനാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അൽജീരിയയുടെ അതിർത്തിയോടു ചേർന്ന് ഉത്തര മാലിയിലെ സൈനിക താവളത്തിലാണ് സ്ഫോടനമുണ്ടായത്. 19 പേർക്കു പരുക്കേറ്റു. വാഹനങ്ങളിലെത്തിയ തോക്കുധാരികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. ഉത്തര മാലിയിലെ സഹേൽ മേഖലയിൽ സായുധകലാപം നടത്തുന്ന തീവ്രവാദസംഘങ്ങളെ ചെറുക്കാനാണ് യുഎൻ സേനയും ഫ്രഞ്ച് സൈനികരും നിലയുറപ്പിച്ചിട്ടുള്ളത്.

ഇതേ താവളത്തിൽ കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. യുഎൻ സേനയിലെ 13,000 അംഗങ്ങളാണ് മാലിയിലുള്ളത്. 

2015ൽ മാലി സർക്കാരും വിഘടനവാദികളും തമ്മിൽ സമാധാനകരാറിൽ ഒപ്പിട്ടെങ്കിലും അക്രമം അവസാനിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.