അഫ്ഗാനിൽ താലിബാൻ ആക്രമണം: 126 മരണം

കാബൂൾ∙ അഫ്‌ഗാനിസ്ഥാനിലെ മധ്യ മൈതാൻ വാർദക് പ്രവിശ്യയിലെ സൈനിക പരിശീലന കേന്ദ്രത്തിൽ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ 126 സുരക്ഷാസൈനികർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുമെന്നാണു സൂചന. 190 സൈനികരെ വധിച്ചതായി താലിബാൻ കേന്ദ്രങ്ങൾ അവകാശപ്പെട്ടു. ഉഗ്രസ്ഫോടനത്തിൽ കെട്ടിടം മുഴുവനായും തകർന്നടിഞ്ഞു.

തിങ്കളാഴ്ച രാവിലെ സൈനിക കേന്ദ്രത്തിന്റെ വളപ്പിലേക്ക് ചാവേറുകൾ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റിയാണു സ്ഫോടനം നടത്തിയത്. മൈതാൻ വാർദക് പ്രവിശ്യയുടെ തലസ്ഥാനമായ മൈതാൻ ഷഹറിലാണു ഭീകരാക്രമണം.

ചാവേർ സ്ഫോടനത്തിനു മുൻപേ രണ്ടു തോക്കുധാരികൾ സൈനികകേന്ദ്രത്തിൽ വളപ്പില്‍ അതിക്രമിച്ചു കയറി വെടിവയ്പ് നടത്തിയിരുന്നു. ഇവരെ സൈനികർ വെടിവച്ചുവീഴ്ത്തിയതിനു പിന്നാലെയാണു സ്ഫോടനമുണ്ടായത്. യുഎസ് നിർമിതമായ കവചിതവാഹനമാണു ചാവേറാക്രമണത്തിനു താലിബാൻ ഉപയോഗിച്ചതെന്ന് അഫ്ഗാൻ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ഇത് അഫ്ഗാൻ സൈന്യത്തിൽനിന്ന് യുദ്ധത്തിനിടെ താലിബാൻ തട്ടിയെടുത്തതാണ്.