ലണ്ടൻ∙ കരാറില്ലാതെയുള്ള ‘ബ്രെക്സിറ്റ്’ വേണ്ടെങ്കിൽ സാധ്യമായൊരു കരാർ അംഗീകരിക്കൂ എന്ന് എംപിമാരോട് പ്രധാനമന്ത്രി തെരേസ മേ. പാർലമെന്റ് തള്ളിയ ബ്രെക്സിറ്റ് കരാർ വ്യവസ്ഥകളിൽ ഭേദഗതി നിർദേശങ്ങൾ അവതരിപ്പിക്കുമ്പോഴാണ് ഒത്തുതീർപ്പിനും ചർച്ചകൾക്കും തയാറാണെന്ന വ്യക്തമാക്കി മേയുടെ ആഹ്വാനം. ഐറിഷ് അതിർത്തി ഉൾപ്പെടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതുമായി ബന്ധപ്പെട്ടു തയാറാക്കിയ കരാറിലെ തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പിനു ശ്രമിച്ചായിരുന്നു ഇന്നലെ മേ പാർലമെന്റിൽ ബദൽപദ്ധതി അവതരിപ്പിച്ചത്.
ഏറ്റവുമധികം വിയോജിപ്പു നേരിടുന്ന വടക്കൻ അയർലൻഡ്– ഐറിഷ് റിപ്പബ്ലിക്ക് അതിർത്തി വിഷയത്തിൽ എംപിമാരുടെ വ്യക്തമായ നിർദേശങ്ങൾ ക്ഷണിച്ചു. ഐറിഷ് ആഭ്യന്തരയുദ്ധത്തിനറുതി കുറിച്ച ‘ഗുഡ് ഫ്രൈഡേ’ കരാറിൽ തൊടാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. രണ്ടാമതൊരു ഹിതപരിശോധനയ്ക്കു വേണ്ടി എംപിമാർ ആഹ്വാനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പിന്മാറ്റ നടപടികൾക്കായി പ്രഖ്യാപിച്ച ‘ആർട്ടിക്കിൾ 50’ കാലാവധി നീട്ടേണ്ടിവരും. പക്ഷേ സമയം നീട്ടിത്തരാൻ ഇയു സമ്മതിക്കില്ല. അപ്പോൾ, പ്രഖ്യാപിച്ച ‘ആർട്ടിക്കിൾ 50’ പിൻവലിക്കുകയെന്നതാകും പോംവഴി. അതായത് ബ്രെക്സിറ്റിൽനിന്നുതന്നെ പിന്മാറ്റം.
ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ളവർ ബ്രിട്ടനിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കേണ്ട 65 പൗണ്ട് ഫീ റദ്ദാക്കുമെന്നും തൊഴിലവകാശങ്ങൾ ഉറപ്പാക്കുമെന്ന മേയുടെ പ്രഖ്യാപനം പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറിമി കോർബിൻ സ്വാഗതം ചെയ്തു. ഇന്നലെ അവതരിപ്പിച്ച ബദൽ പദ്ധതിയിൽ ചർച്ച അടുത്തയാഴ്ച നടക്കും.