കാബൂൾ ∙ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിന്റെ സൂത്രധാരൻ, താലിബാൻ കമാൻഡർ നൊമാനെ വധിച്ചതായി അഫ്ഗാൻ ചാരസംഘടന അവകാശപ്പെട്ടു. വ്യോമാക്രമണത്തിൽ ഇയാളുടെ 7 കൂട്ടാളികളും കൊല്ലപ്പെട്ടതായി നാഷനൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എൻഡിഎസ്) അറിയിച്ചു. എന്നാൽ താലിബാൻ ഇതു നിഷേധിച്ചു.
കാബൂളിനു പടിഞ്ഞാറുള്ള മൈദാൻ വാർദക് സൈനികത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 36 എന്നാണ് എൻഡിഎസ് പറയുന്നത്. എന്നാൽ 126 പേർ മരിച്ചെന്ന് മുതിർന്ന പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. 190 പേരെ വധിച്ചുവെന്നാണ് താലിബാന്റെ അവകാശവാദം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം.