വാഷിങ്ടൻ ∙ നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള ക്ഷണം യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി പിൻവലിച്ചതിനു പിന്നാലെ, ചടങ്ങ് മാറ്റിവച്ചതായി ട്രംപിന്റ പ്രഖ്യാപനം. 29 നു ജനപ്രതിനിധി സഭ(ഹൗസ്)യിൽ ‘സ്റ്റേറ്റ് ഓഫ് ദ് യൂണിയൻ’ പ്രസംഗം നടത്താൻ ചട്ടപ്രകാരം ഈ മാസം ആദ്യം പെലോസി യുഎസ് പ്രസിഡന്റിനു ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാൽ, ഭാഗിക ഭരണസ്തംഭനം തുടരുന്നതു ചൂണ്ടിക്കാട്ടി ബുധനാഴ്ച പിൻവലിച്ചു.
ആദ്യം ക്ഷണിക്കുകയും പിന്നീടു പിൻവലിക്കുകയും ചെയ്തതു സ്പീക്കറുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും ഭരണസ്തംഭനത്തിനു പരിഹാരമായ ശേഷം നയപ്രഖ്യാപന പ്രസംഗം നടത്താമെന്നും ട്രംപ് ട്വിറ്ററിൽ അറിയിച്ചു. ഏറ്റവുമടുത്ത തീയതിയിൽ സഭയിൽവച്ചു തന്നെ ‘കിടിലൻ’ പ്രസംഗം നടത്താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു.