ഫിലിപ്പീൻസിൽ ദേവാലയത്തിൽ ഭീകരാക്രമണം, 20 മരണം

philippines
SHARE

മനില ∙ ഞായറാഴ്ച കുർബാനയ്ക്കിടെ ഫിലിപ്പീൻസിലെ ജോലോ ദ്വീപിലെ കത്തോലിക്ക ദേവാലയത്തിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 111 പേർക്കു പരുക്കേറ്റു. ആദ്യസ്ഫോടനത്തിനു പിന്നാലെ ജനക്കൂട്ടം പള്ളിക്കു പുറത്തേക്ക് ഓടുമ്പോഴാണു പ്രധാന പ്രവേശന കവാടത്തിനു സമീപം രണ്ടാമത്തെ സ്ഫോടനം. 

കൊല്ലപ്പെട്ടവരിൽ അഞ്ചു സൈനികരുമുണ്ട്. ഭീകരസംഘടനയായ അബു സയ്യാഫാണു സ്ഫോടനങ്ങൾക്കു പിന്നിലെന്നു സംശയിക്കുന്നുണ്ടെങ്കിലും ആരും ഉത്തരവാദിത്തമേറ്റിട്ടില്ല. പള്ളിക്കു സൈന്യം കാവൽ നിൽക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. 

തെക്കൻ ഫിലിപ്പീൻസിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയ്ക്ക് സ്വയംഭരണാവകാശം നൽകാൻ തീരുമാനമെടുത്തത് ഒരാഴ്ച മുൻപാണ്. ജനഹിത പരിശോധനയിൽ ജോലോ ദ്വീപ് ഉൾപ്പെടുന്ന സുലു പ്രവിശ്യയിലെ വോട്ടർമാർ എതിർത്ത് വോട്ടു ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാകാം ആക്രമണമെന്നു സംശയിക്കുന്നു. 

അടുത്തിടെ ലനാവോ ദെൽ സുർ പ്രവിശ്യയിൽ ഒട്ടേറെ ഐഎസ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു സമീപമുള്ള മാരാവി 2017ൽ പിടിച്ചെടുത്ത ഐഎസ് ഭീകരരെ കർശന നടപടിയിലൂടെയാണു സൈന്യം തുരത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA