ഇസ്‌ലാമാബാദ് ∙ പാക്ക് ക്രൈസ്തവ വനിത ആസിയ ബീബിയുടെ വധശിക്ഷ റദ്ദു ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജി തള്ളി. ചീഫ് ജസ്റ്റിസ് അസിഫ് സായീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജി തള്ളിയത്.
മതനിന്ദാക്കുറ്റം ആരോപിച്ചാണു ആസിയയെ (47) കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 31 നാണു സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്. ഇതിനെതിരെ തീവ്രവാദസംഘടനയായ തെഹ്‌രീകീ ലബൈക്കിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ വൻ പ്രക്ഷോഭങ്ങൾ നടന്നതിനെ തുടർന്നാണു സർക്കാർ, വിധിക്കെതിരെ ഹർജി നൽകാൻ അനുമതി നൽകിയത്. കോടതി വിധിയിൽ പിഴവുണ്ടെന്നു തെളിയിക്കാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്നു ബെഞ്ച് നിരീക്ഷിച്ചു
ഗ്രാമീണ സ്ത്രീയായ ആസിയയും അയൽവാസികളും തമ്മിലുണ്ടായ വഴക്കാണു മതനിന്ദാക്കേസിൽ കലാശിച്ചത്. 2010 ൽ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചതു 2014 ൽ ലഹോർ ഹൈക്കോടതി ശരിവച്ചിരുന്നു. 8 വർഷം ഏകാന്ത തടവിലായിരുന്ന ആസിയ, സുപ്രീം കോടതി വിധിയെത്തുടർന്നു ജയിൽമോചിതയായെങ്കിലും അജ്ഞാതകേന്ദ്രത്തിൽ കഴിയുകയാണിപ്പോൾ. ഭീഷണികളെത്തുടർന്നു രാജ്യം വിട്ട ആസിയയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം തിരിച്ചെത്തി സുപ്രീം കോടതിയിൽ ഹാജരായിരുന്നു.