ബ്രെക്സിറ്റ്: പുനഃപരിശോധന ഇല്ലെന്ന് യൂറോപ്യൻ യൂണിയൻ

European-Union-flag
SHARE

ലണ്ടൻ/ ബ്രസൽസ് ∙ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ എതിർത്ത് ബ്രിട്ടിഷ് പാർലമെന്റ് വോട്ട് ചെയ്തെങ്കിലും ബ്രെക്സിറ്റ് കരാർ വ്യവസ്ഥകളിൽ മാറ്റം വേണമെന്ന ആവശ്യം എത്രത്തോളം നടപ്പാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വ്യവസ്ഥകളിൽ പുനഃപരിശോധന ഇല്ലെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും പ്രതികരിച്ചു. ഐറിഷ് റിപ്പബ്ലിക്കും ഇതേ നിലപാട് ആവർത്തിച്ചു.

അതേസമയം, ഐറിഷ് ബാക്ക് സ്റ്റോപ് ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ ബദൽ സാധ്യത തേടി യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുമെന്നാണു കഴിഞ്ഞ ദിവസം ഭേദഗതി നിർദേശങ്ങളിൽ പാർലമെന്റിലെ വോട്ടെടുപ്പിനു ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യമായ ഐറിഷ് റിപ്പബ്ലിക്കിനും ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിനുമിടയിൽ അതിർത്തി തിരിക്കാൻ പാടില്ലെന്നു കരാറുള്ളതാണു പ്രധാന കീറാമുട്ടി. തൽക്കാലം ഈ സ്ഥിതി തുടരുകയും പകരം വടക്കൻ അയർലൻഡിനും ബ്രിട്ടന്റെ മറ്റു ഭാഗങ്ങൾക്കുമിടയിൽ വെവ്വേറെ കസ്റ്റംസ് ചട്ടങ്ങൾ അനുവദിക്കുകയുമെന്ന 'ഐറിഷ് ബാക്ക് സ്റ്റോപ്' വ്യവസ്ഥയാകട്ടെ പാർലമെന്റിനു സ്വീകാര്യമല്ല. ഇക്കാര്യത്തിൽ വ്യക്തമായ പോം വഴി കണ്ടെത്താൻ മേയ്ക്കു കഴിഞ്ഞിട്ടില്ല.

മാർച്ച് 29നു തുടക്കമിടേണ്ട ബ്രെക്സിറ്റ് നടപടികൾ 9 മാസത്തേക്കു നീട്ടാനുള്ള ഭേദഗതി പാർലമെന്റ് തള്ളുകയും ചെയ്തു. കരാറിലേക്കു നിർദേശിക്കപ്പെട്ട 7 ഭേദഗതികളിൽ രണ്ടെണ്ണമാണു പാർലമെന്റിൽ വിജയിച്ചത്. കരാറുറപ്പിക്കാത യൂറോപ്യൻ യൂണിയൻ വിടുന്നതു വിലക്കുന്ന കാരലിൻ സ്പെൽമാൻ ഭദഗതി, ഐറിഷ് ബാക്ക് സ്റ്റോപ് വ്യവസ്ഥയ്ക്കു ബദൽ സാധ്യത തേടാനുള്ള ഗ്രഹാം ബാഡി ഭേദഗതി എന്നിവയാണു വിജയിച്ചത്. ബ്രെക്സിറ്റ് പദ്ധതിയിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ലേബർ പാർട്ടിയുടെ ഭേദഗതിയും പാർലമെന്റ് തള്ളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA