പ്രക്ഷോഭം തുടരുന്നു; മ്യാൻമറിൽ ഇന്റർനെറ്റിനു നിരോധനം
Mail This Article
യാങ്കൂൺ ∙ മ്യാൻമറിൽ ജനകീയ പ്രക്ഷോഭം 2 മാസം പിന്നിട്ട് കൂടുതൽ ശക്തിനേടുന്നതിനിടെ പട്ടാള ഭരണകൂടം അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ്, വയർലെസ് സേവനങ്ങൾ നിർത്തിവച്ചു. പുറത്താക്കപ്പെട്ട ജനാധിപത്യ നേതാവ് ഓങ് സാൻ സൂ ചിക്കെതിരെ രഹസ്യ നിയമപ്രകാരം പുതിയ കേസ് കൂടി ചുമത്തി. ഇതിനിടെ നിരപരാധികളെയും കുട്ടികളെയും കൊല ചെയ്യുന്നതിൽ പ്രതിഷേധിച്ച് ബ്രിട്ടൻ മ്യാൻമറിനെതിരെ ഉപരോധം ഏർപ്പെടുത്തി.
2 ആഴ്ച മുൻപ് സൂ ചിക്കും പുറത്താക്കപ്പെട്ട 3 മന്ത്രിമാർക്കും ഓസ്ട്രേലിയൻ സാമ്പത്തിക ഉപദേശകനുമെതിരെ രഹസ്യനിയമ ലംഘനത്തിനു കേസെടുത്തതിനു പുറമേയാണ് കഴിഞ്ഞദിവസം 2 വകുപ്പുകൾ കൂടി ചുമത്തിയത്. തെളിയിക്കപ്പെട്ടാൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. കോവിഡ് ചട്ടങ്ങൾ ലംഘിച്ചു, വിദേശത്തുനിന്ന് നിയമവിരുദ്ധമായി റേഡിയോ ഇറക്കുമതി ചെയ്തു തുടങ്ങിയ നിസ്സാര കുറ്റങ്ങൾ വരെ ഉൾപ്പെടുത്തി സൂ ചിയ്ക്കും നേതാക്കൾക്കുമെതിരെ നേരത്തേ 6 കേസുകൾ ചുമത്തിയിരുന്നു.
സൈന്യം അധികാരം പിടിച്ചതിനെ തുടർന്ന് ഫെബ്രുവരി ഒന്നിനാരംഭിച്ച ജനകീയ പ്രക്ഷോഭം ഇന്നലെ 2 മാസം പിന്നിട്ടു. ഇതിനകം 538 പേരെങ്കിലും വെടിയേറ്റു മരിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്. ശനിയാഴ്ച മാത്രം 141 പേർ മരിച്ചു. കൊല്ലപ്പെട്ടവരെ ആദരിച്ച് യാങ്കൂൺ തെരുവിൽ ഇന്നലെ വിവിധ പരിപാടികളും പ്രകടനവും നടന്നു. പലയിടത്തും പ്രക്ഷോഭകർ സൈനിക ഭരണഘടന കത്തിച്ചു. ഇതേസമയം, പല നഗരങ്ങളിലും ഇന്നലെയും വെടിവയ്പ് തുടർന്നു. അയൽ രാജ്യങ്ങളിലേക്കുള്ള ഗ്രാമീണരുടെ പലായനവും തുടരുകയാണ്.