95 % വോട്ട് നേടി; സിറിയയിൽ അസദ് വീണ്ടും ഭരണത്തിൽ
ഡമാസ്കസ് ∙ സിറിയൻ പ്രസിഡന്റ് ബഷാർ അസദ് 95 % വോട്ട് നേടി നാലാം തവണയും അധികാരത്തിലെത്തി. എന്നാൽ തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും പ്രഹസനവുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കളും യുഎസ്, യൂറോപ്യൻ യൂണിയൻ നേതാക്കളും കുറ്റപ്പെടുത്തി.
തലസ്ഥാനത്ത് അസദിന്റെ (55) അനുയായികൾ വൻ ആഹ്ലാദപ്രകടനങ്ങൾ നടത്തി. 1.8 കോടി വോട്ടർമാരിൽ 78.6% പേർ വോട്ട് ചെയ്തെന്ന് സ്പീക്കർ ഹമൂദ് സബാഖ് അറിയിച്ചു. അസദിനെതിരെ 2 സ്ഥാനാർഥികളാണുണ്ടായിരുന്നത്. മുൻമന്ത്രി അഹമ്മദ് മാരെയ്ക്ക് 3.3% വോട്ടും മഹ്മൂദ് അഹമ്മദ് സലൂമിന് 1.5% വോട്ടും ലഭിച്ചു. വീണ്ടും തിരഞ്ഞടുക്കപ്പെട്ടതോടെ അസദ് കുടുംബത്തിന്റെ ഭരണം 6 ദശാബ്ദത്തോളമായി തുടരുകയാണ്. 7 വർഷമാണ് സർക്കാരിന്റെ കാലാവധി.
വിമത കുർദ് പോരാളികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ വോട്ടെടുപ്പ് നടന്നില്ല. 10 വർഷമായി ആഭ്യന്തര കലാപം നടക്കുന്ന സിറിയയിൽ 80 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ തന്നെ വീടുവിട്ടു ജീവിക്കുന്നത്. 50 ലക്ഷം അഭയാർഥികൾ അയൽരാജ്യങ്ങളിലുണ്ട്. രാജ്യത്തെ 80% പേരും ദാരിദ്ര്യരേഖയ്ക്കു കീഴിലാണ്. ഇതിനിടെ, പാശ്ചാത്യരാജ്യങ്ങൾ സിറിയയ്ക്കുമേൽ ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
English Summary: Bashar al-Assad wins 4th term as president of Syria