ജോർജ് ഫ്ലോയ്ഡിന്റെ ബന്ധുവായ 4 വയസ്സുകാരിക്ക് വെടിയേറ്റു
ഹൂസ്റ്റൺ (യുഎസ്) ∙ മിനിയപ്പലിസ് പൊലീസ് ശ്വാസം മുട്ടിച്ചുകൊന്ന കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ ബന്ധുവായ കുട്ടിക്ക് വെടിയേറ്റു. ടെക്സസിലെ ഹൂസ്റ്റണിലുള്ള അപാർട്മെന്റിനു നേരെ പുതുവർഷദിനത്തിൽ പുലർച്ചെ യുണ്ടായ വെടിവയ്പിലാണ് രണ്ടാം നിലയിൽ കിടന്നുറങ്ങിയിരുന്ന 4 വയസ്സുകാരി എരിയാന ഡിലേനു പരുക്കേറ്റത്. ഫ്ലോയ്ഡിന്റെ സഹോദരി സസായുടെ കൊച്ചുമകളാണ് എരിയാന.
കരളിലും ശ്വാസകോശത്തിലും വെടിയേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. വെടിശബ്ദവും കരച്ചിലും കേട്ട് എല്ലാവരും ഉണർന്നപ്പോൾ, രക്തത്തിൽകുളിച്ചു നിൽക്കുന്ന കുട്ടിയെയാണു കണ്ടത്. സസാ ഉൾപ്പെടെ 4 മുതിർന്നവരും ഈ മുറിയിലുണ്ടായിരുന്നു. പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു ശേഷമുള്ള ബ്ലാക് ലൈവ്സ് മാറ്റർ പ്രതിഷേധസമരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ കുട്ടി. ആസൂത്രിത അക്രമമെന്നാണു ബന്ധുക്കളുടെ ആരോപണം. പുലർച്ചെ മൂന്നിനു നടന്ന സംഭവം അപ്പോൾത്തന്നെ അറിയിച്ചിട്ടും രാവിലെ ഏഴായപ്പോഴാണ് പൊലീസ് എത്തിയതെന്നും പരാതിയുണ്ട്.
2020 മേയിൽ കടയിൽ കള്ളനോട്ടു നൽകിയെന്ന് സംശയിച്ചായിരുന്നു ഫ്ലോയ്ഡിനു നേരെ പൊലീസ് അതിക്രമം. പ്രതിയായ പൊലീസുകാരൻ ഡെറക് ഷോവിനെതിരെ കഴിഞ്ഞ വർഷം കോടതി വിധി പ്രഖ്യാപിക്കുന്നതു ടിവിയിൽ കാണാൻ ഫ്ലോയ്ഡിന്റെ ബന്ധുക്കളെല്ലാം ഒത്തുകൂടിയത് വെടിവയ്പു നടന്ന വീട്ടിലാണ്.
English Summary: George Floyd's sister's grand daughter shot injured