ലൊസാഞ്ചലസ് ∙ മുൻഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ജയിച്ചെങ്കിലും ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ സിനിമയിലെ ഭാവി അനിശ്ചിതത്വത്തിലാകുമോ ? 

ജൂറി തനിക്കു പുതുജീവൻ നൽകിയെന്നാണു 'പൈറേറ്റ്സ് ഓഫ് ദ് കരീബിയനി 'ലൂടെ ശ്രദ്ധേയനായ ഡെപ്പിന്റെ പ്രതികരണം. മാനനഷ്ടം ആരോപിച്ച് ഡെപ് ഉന്നയിച്ച 3 വാദങ്ങൾ അംഗീകരിച്ച കോടതി, ഹേഡ് ഒരു കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. എന്നാൽ ഡെപ്പിന്റെ അഭിഭാഷകനെതിരെയുള്ള മാനനഷ്ട കേസിൽ വിജയം ഹേഡിനായിരുന്നു. അവർക്ക് 20 ലക്ഷം ഡോളർ നഷ്ടപരിഹാരവും അനുവദിച്ചിട്ടുണ്ട്. 

6 ആഴ്ചയോളമായി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട കോടതി നടപടികൾ ഡെപ്പിനും ഹേഡിനും കാര്യമായ പ്രതിഛായ നഷ്ടം ഉണ്ടാക്കുമെന്നാണു വിലയിരുത്തൽ. ഹ്രസ്വമായ വിവാഹജീവിതത്തെക്കുറിച്ചു പുറത്തു വന്ന കാര്യങ്ങൾ ചീത്തപ്പേരുണ്ടാക്കിയെ‌ന്ന് ഇരുവരും സമ്മതിച്ചിരുന്നു. 

കോടതി വിധി ആനുകൂലമായ സാഹചര്യത്തിൽ തന്റെ പ്രതിഛായ മെച്ചപ്പെട്ടുവെന്നും ഹോളിവുഡിൽ വീണ്ടും അവസരം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണു ഡെപ്പ്. കോടതിയിൽ നിന്ന് തനിക്കു നീതി ലഭിച്ചില്ലെന്നാണ് ആംബറിന്റെ പ്രതികരണം. ‘ ജൂറിക്കു മുൻപിൽ ഞാൻ ഹാജരാക്കിയ കുന്നോളം പോന്ന തെളിവുകൾ ​​​​എന്റെ മുൻഭർത്താവിന്റെ വലിയ സ്വാധീനശക്തിക്കു മുന്നിൽ ‌ഒന്നുമായില്ല. ​ഞാൻ ഹൃദയം തകർന്നുപോയിരിക്കുന്നു. ​​​​​എന്റെ നൈരാശ്യം വാക്കുകൾക്കപ്പുറമാണ്’–ആംബർ ട്വിറ്ററിൽ കുറിച്ചു. ഇരകളാവുന്ന മറ്റു സ്ത്രീകൾക്കും കോടതിവിധി നിരാശ പകരുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി. ​​ 

ഗാർഹിക പീഡനത്തിന് ഇരയായ പൊതു വ്യക്തിത്വം ആണു താനെന്ന് വാഷിങ്ടൻ പോസ്റ്റിലെ ലേഖനത്തിൽ ആംബർ ഹേഡ് എഴുതിയതിന് എതിരെയായിരുന്നു ജോണി ഡെപ് മാനനഷ്ടക്കേസ് നൽകിയത്. ഇതിനെതിരെ ആംബറും ഡെപ്പിനെതിരെ കേസ് നൽകി. 

English Summary: Johnny Depp wins defarmation case against Amber Heard