ഭരണസഖ്യം തകർന്നു; ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിട്ടു
ജറുസലം ∙ ഇസ്രയേലിലെ വിചിത്ര ഭരണസഖ്യം തകർന്നു. 120 അംഗ പാർലമെന്റ് (നെസെറ്റ്) പിരിച്ചുവിടാനുള്ള പ്രമേയം ഐകകണ്ഠ്യേന പാസായതോടെ നാലു വർഷത്തിനിടെ അഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പിനു കളമൊരുങ്ങി. സഖ്യത്തിലെ ധാരണ അനുസരിച്ച് പ്രധാനമന്ത്രിസ്ഥാനം നഫ്താലി ബെന്നറ്റ് വിദേശകാര്യമന്ത്രി യയ്ർ ലപീദിനു കൈമാറി. തിരഞ്ഞെടുപ്പിനുശേഷം പുതിയ പ്രധാനമന്ത്രി അധികാരമേൽക്കും വരെ ലപീദ് കാവൽ പ്രധാനമന്ത്രിയായി തുടരും.
മുൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഇടത്, മധ്യ, വലത്, ഇസ്‍ലാമിസ്റ്റ്, അറബ് പാർട്ടികൾ ആശയപരമായ എതിർപ്പുകൾ മാറ്റിവച്ചു കഴിഞ്ഞ വർഷം ഭരണസഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു. മുന്നോട്ടുള്ള പോക്ക് അസാധ്യമായതോടെയാണു പാർലമെന്റ് പിരിച്ചുവിടാൻ ധാരണയായത്.
1967ൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്കു നിയമസാധുത നൽകുകയും പലസ്തീൻകാരെ 5 വർഷം കൂടുമ്പോൾ പുതുക്കേണ്ട പ്രത്യേക നിയമപരിധിയിലാക്കുകയും ചെയ്തിരുന്നു. പലസ്തീൻകാർക്കുള്ള നിയമം പുതുക്കേണ്ട സമയമായപ്പോഴാണു സർക്കാരിലെ ഭിന്നത പുറത്തുവന്നത്. 2021 മാർച്ചിലായിരുന്നു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ്. നവംബറിലാണ് അടുത്ത തിരഞ്ഞെടുപ്പ്.
English Summary: Israel parliament dissolves sets 5th election in 4 years