നിയമത്തിനു വഴങ്ങി, അഫ്ഗാനിൽ വനിതാ റേഡിയോ വീണ്ടും ശബ്ദിച്ചു
കാബൂൾ ∙ റമസാനിൽ സംഗീതം പ്രക്ഷേപണം ചെയ്തതിന്റെ പേരിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം അടച്ചുപൂട്ടിയ വനിതകളുടെ റേഡിയോ സ്റ്റേഷൻ ഒരാഴ്ചയ്ക്കുശേഷം പ്രവർത്തനം പുനരാരംഭിച്ചു. വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഡഖ്‌ഷാൻ പ്രവിശ്യയിൽ 10 വർഷം മുൻപ് ആരംഭിച്ച സദയ് ബനോവൻ (‘വനിതകളുടെ ശബ്ദം’) രാജ്യത്തു സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്റ്റേഷനാണ്; 8 ജീവനക്കാരിൽ 6 പേരും സ്ത്രീകളാണ്. നജിയ സോറോഷ് ആണു സ്റ്റേഷൻ മേധാവി. സംഗീതം ഒഴിവാക്കാമെന്നു സമ്മതിച്ചതിനെത്തുടർന്നാണു വിലക്കു നീക്കിയതെന്നു താലിബാൻ അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, അഫ്ഗാനിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതു വിലക്കിയ താലിബാൻ നടപടിയിൽ പ്രതിഷേധിച്ച് യുഎന്നിന്റെ 3,300 അഫ്ഗാൻ പൗരന്മാരായ ജീവനക്കാർ രണ്ടാം ദിവസവും വീടുകളിൽനിന്നു പുറത്തിറങ്ങാതെ പ്രതിഷേധിച്ചു. അഫ്ഗാനിൽ യുഎന്നിന് 600 വനിതാജീവനക്കാരാണുള്ളത്. അടിയന്തരയോഗം ചേർന്ന യുഎൻ രക്ഷാസമിതി, വിലക്ക് പിൻവലിക്കണമെന്ന് അഭ്യർഥിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻരക്ഷാ സഹായം എത്തിക്കാൻ നാട്ടുകാരായ ജീവനക്കാർ അനിവാര്യമാണെന്നും സ്ത്രീകൾക്കുപകരം പുരുഷന്മാരെ നിയോഗിക്കാൻ ആലോചനയില്ലെന്നും യുഎൻ വക്താവ് പറഞ്ഞു. നിലവിൽ അഫ്ഗാനിൽ ആറാം ക്ലാസിനുശേഷം പെൺകുട്ടികൾക്കു പഠനത്തിന് അനുമതിയില്ല. സ്ത്രീകൾ ജോലി ചെയ്യുന്നതിനും തനിച്ചു യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.
English Summary : Womens radio starts fuctioning again in Afghanistan