സ്ത്രീകൾക്ക് തുല്യവേതനവും അവകാശങ്ങളും; യുഎസ് സെനറ്റിൽ വോട്ടെടുപ്പ്
വാഷിങ്ടൻ ∙ സ്ത്രീകളെ പുരുഷന്മാർക്കു തുല്യമായി പരിഗണിക്കാൻ വ്യവസ്ഥ ചെയ്യുന്ന തുല്യാവകാശ ഭേദഗതി യുഎസ് സെനറ്റിന്റെ പരിഗണനയിൽ. റിപ്പബ്ലിക്കൻ പക്ഷം എതിർക്കാൻ സാധ്യതയുള്ളതിനാൽ ഭരണഘടനാ ഭേദഗതി നീക്കം പരാജയപ്പെടുമെന്നാണു വിലയിരുത്തൽ. ഗർഭഛിദ്ര അവകാശത്തിനെതിരെ യുഎസ് സുപ്രീം കോടതി കഴിഞ്ഞവർഷം വിധി പറഞ്ഞിരിക്കെ, ഭേദഗതി ഏറെ അനിവാര്യമാണെന്നാണു ഡെമോക്രാറ്റുകളുടെ നിലപാട്.
ഒരു നൂറ്റാണ്ടു മുൻപ് 1923ലാണ് തുല്യാവകാശ ഭേദഗതി ആദ്യം ചർച്ചയ്ക്കു വന്നതെങ്കിലും 1972 ൽ മാത്രമാണ് യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചത്. യുഎസ് നിയമപ്രകാരം ഭരണഘടനാ ഭേദഗതികൾക്ക് അൻപതിൽ 38 സംസ്ഥാനങ്ങളുടെയെങ്കിലും അനുമതി വേണം. 2020 ൽ മാത്രമാണ് 38–ാം സംസ്ഥാനമായി വെർജീനിയ ഇതിനെ അനുകൂലിച്ചത്. എന്നാൽ ഇക്കാര്യത്തിലെ 10 വർഷ സമയപരിധി 1982 ൽ അവസാനിച്ചതിനാൽ നടപടിക്രമങ്ങൾ ആദ്യം മുതൽ തുടങ്ങണമെന്നായിരുന്നു അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. സമയപരിധി വ്യവസ്ഥ ആവശ്യമില്ലെന്ന നിർദേശമാണ് ഇപ്പോൾ സെനറ്റിനു മുന്നിലുള്ളത്.
സെനറ്റിൽ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷം (51–49) ഉണ്ടെങ്കിലും 60 പേരെങ്കിലും പിന്തുണച്ചാലേ ഭേദഗതി പാസാകൂ. അംഗീകരിക്കപ്പെട്ടാലും നിയമക്കുരുക്കിനാണു സാധ്യത. വർഷങ്ങൾക്കു മുൻപ് അനുകൂല നിലപാടെടുത്ത ചില സംസ്ഥാനങ്ങൾ ഇപ്പോൾ ഭേദഗതിക്ക് എതിരാണ്. ഭേദഗതി പാസായാൽ സ്ത്രീകൾക്കു തുല്യ വേതനവും നിയമ അവകാശങ്ങളും ലഭിക്കുമെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു. ഗർഭഛിദ്ര അവകാശം നിയമപരമാകുമെന്നും സൈനികസേവനം സ്ത്രീകൾക്കു നിർബന്ധിതമാകുമെന്നുമാണ് എതിർക്കുന്നവരുടെ വാദം.
English Summary : US senate election on women's equal wages and rights