കഠ്മണ്ഡു ∙ എവറസ്റ്റ് കയറുന്നതിനിടെ കാൽ തെന്നി കയറിൽ തൂങ്ങിക്കിടന്ന മലേഷ്യക്കാരനായ പർവതാരോഹകനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവ ഷെർപ്പ താരമായി. മരണം പതിയിരിക്കുന്ന തണുത്തുറഞ്ഞ അപകടമേഖലയിലാണ് ഗൽജെ ഷെർപ്പ (30) രക്ഷകനായത്. താപനില മൈനസ് 30 ഡിഗ്രി വരെ താഴുന്ന പ്രദേശമാണിത്. 

ചൈനീസ് പർവതാരോഹകന്റെ ഗൈഡായി എവറസ്റ്റ് കയറുന്നതിനിടെയാണ്, അപകടത്തിൽപെട്ടയാളെ രക്ഷിക്കുകയെന്ന 6 മണിക്കൂർ നീണ്ട മഹാദൗത്യം ഗൽജെ ഏറ്റെടുത്തത്. ചൈനക്കാരനും ആരോഹണ പദ്ധതി ഉപേക്ഷിച്ച് സഹകരിച്ചു. 8,849 മീറ്റർ ഉയരമുള്ള എവറസ്റ്റിന്റെ 7,700 മീറ്റർ വരെ കയറിയപ്പോൾ കഴിഞ്ഞ 18നായിരുന്നു സംഭവം. 

അപകടത്തിൽ പെട്ടയാളെ പുതപ്പിൽ പൊതിഞ്ഞ് സുരക്ഷിതനാക്കി മഞ്ഞിലൂടെ വലിച്ചും തോളിലേറ്റിയും 600 മീറ്റർ താഴെയിറക്കാൻ നിമ താഹി എന്ന മറ്റൊരു ഷെർപ്പയും ഗൽജയ്ക്കൊപ്പം കൂടി. അങ്ങനെ തിരിച്ചിറങ്ങി 7,162 മീറ്റർ ഉയരത്തിലുള്ള ക്യാംപിലെത്തിച്ച ഇദ്ദേഹത്തെ ഹെലികോപ്റ്ററിൽ ബേസ് ക്യാംപിലേക്കും മാറ്റി. 

ഇത്തവണ 478 പേർ എവറസ്റ്റ് കയറാൻ പെർമിറ്റ് എടുത്തു. ഇവരിൽ 12 പേർ മരിച്ചു. 5 പേരെ കാണാതായി. 

English Summary : Accident on everest climbing