ബലൂണും കേക്കുമില്ല; പുലിയും പാമ്പും നിറഞ്ഞ കൊടുംകാട്ടിലൊരു ഒന്നാം പിറന്നാൾ
ബോഗട്ട ∙ ബലൂണും കേക്കും മെഴുകുതിരികളുമുണ്ടായിരുന്നില്ല; ആരും ‘ഹാപ്പി ബർത്ത്ഡേ’ പറഞ്ഞില്ല...കുട്ടികളിൽ ഇളയവനായ ഒരു വയസ്സുകാരൻ ക്രിസ്റ്റ്യൻ കാട്ടിലാണ് ഒന്നാം പിറന്നാൾ ആഘോഷിച്ചത്. വിമാനം അപകടത്തിൽപെടുമ്പോൾ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന അവനിപ്പോൾ ഒരു വയസ്സ്.
അപകടത്തിൽ അമ്മ മരിച്ചതറിയാതെ ഈ കൈക്കുഞ്ഞ് 3 ചേച്ചിമാർക്കൊപ്പം 40 ദിവസം കാട്ടിൽ കഴിച്ചുകൂട്ടി എന്നതാണ് ഈ അതിജീവനകഥയിലെ ഏറ്റവും ആവേശകരമായ ഏട്. വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ഇവരിൽ മൂത്ത കുട്ടിക്കു 13 വയസ്സുണ്ടെന്നതു നിർണായകമായിട്ടുണ്ടാകാം. നായാട്ടും മീൻപിടിത്തവും മറ്റും ഹുയിറ്റൊട്ടോ ഗോത്രത്തിലെ കുട്ടികൾക്കുപോലും അറിയാമെന്ന് ഇവരുടെ മുത്തച്ഛൻ ഫിഡൻഷ്യോ വലെൻസിയ പറയുന്നു.
എന്നാൽ, ഭക്ഷണം മാത്രമായിരുന്നില്ല വെല്ലുവിളി. ജാഗ്വാറുകൾ (അമേരിക്കൻ പുലി) ഉൾപ്പെടെ വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള പാമ്പുകളും വിഷച്ചെടികളും നിറഞ്ഞതാണ് ആമസോൺ കാടുകൾ. രക്ഷപ്പെടുത്തുമ്പോൾ പ്രാണികളുടെ കടിയേറ്റ പാടുകൾ കുട്ടികളുടെ ദേഹത്താകെയുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ കൊടുങ്കാറ്റ് അതിശക്തമായിരുന്നു. ഗറില സംഘങ്ങളുടെ ഭീഷണിയുള്ള മേഖലയാണിതെന്നതും തിരച്ചിൽ സംഘത്തെ ആശങ്കപ്പെടുത്തി. പ്രതികൂല സാഹചര്യത്തിലും ശുഭാപ്തിവിശ്വാസമുണ്ടായിരുന്നതു കുട്ടികളുടെ ഉറ്റവർക്കു തന്നെയായിരുന്നിരിക്കണം. അവർ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കുട്ടികളുടെ അച്ഛൻ മാനുവൽ. കാരണമുണ്ട്– മാനുവലിന്റെ സഹോദരിയെ പണ്ട് ഇതുപോലെ കാട്ടിൽ കാണാതായിരുന്നു. കണ്ടുകിട്ടിയത് ഒരുമാസത്തിനു ശേഷമാണ്. കാട്ടിലകപ്പെട്ടാൽ രക്ഷപ്പെടുന്നതെങ്ങനെയെന്ന പാഠവും കുട്ടികൾക്കു പകർന്നുകിട്ടിയിരിക്കണം.
English Summary: Missing children found after more than month in Amazon