‘ശ്വാസം നിലച്ച’ നിമിഷങ്ങൾ; തിരച്ചിൽ നടത്തിയത് 17,000 ചതുരശ്ര കിലോമീറ്റർ സമുദ്രവിസ്തൃതിയിൽ
സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ) ∙ അഞ്ചുജീവനുകളുമായി അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ കാണാതായ ടൈറ്റൻ പേടകത്തിനായി നടന്നത് സർവസന്നാഹങ്ങളോടെയുള്ള തിരച്ചിൽ. പേടകത്തിലെ ഓക്സിജൻ പരിധിയായ 96 മണിക്കൂറിനുമുൻപേ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ.
യുഎസ്, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബടുകളും ഇതിനായി രംഗത്തിറങ്ങി. 17000 ചതുരശ്രകിലോമീറ്റർ സമുദ്ര വിസ്തൃതിലാണു തിരച്ചിൽ. എന്നാൽ ദൗത്യം ലക്ഷ്യം കണ്ടില്ല. 96 സമയപരിധിയും കടന്നുപോകവേ 2 ദിവസം മുൻപ് കനേഡിയൻ വിമാനത്തിന് സോണർ സംവിധാനം വഴി കടലിൽ നിന്നു ലഭിച്ച മുഴക്കങ്ങളും നിലച്ചു.
ഇന്നലെ വൈകിട്ടോടെ പ്രതീക്ഷ ഏതാണ്ടു മങ്ങി. അപ്പോഴും ചില അദ്ഭുതങ്ങൾ പ്രതീക്ഷിച്ചാണു രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്. അതിലൊരു പ്രതീക്ഷ ആഴക്കടൽ പര്യവേഷണത്തിൽ പരിചിതരായ വിദഗ്ധർ ഓക്സിജന്റെ അളവ് കൂടുതൽ സമയത്തേക്ക് കരുതിവച്ചിട്ടുണ്ടാകുമോയെന്നതാണ്. ഫ്രഞ്ച് റോബട്ടിക് പേടകമായ വിക്ടർ 6000 സമുദ്രത്തിന്റെ അടിത്തട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും അനുകൂലമായി ഒന്നും ലഭിച്ചില്ല.
ഹാമിഷ് ഹാർഡിങ്: സാഹസികതയുടെ തോഴൻ
സംഘത്തിലെ ഏറ്റവും സാഹസികൻ. ബ്രിട്ടീഷുകാരനെങ്കിലും ദുബായ് ആസ്ഥാനമായി വിമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ഉടമ. സാഹസികതയ്ക്കു 3 ഗിന്നസ് റെക്കോർഡ്. ഭൂമിയിൽ നിന്ന് 107 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച ബഹിരാകാശയാത്രയിൽ ഉൾപ്പെട്ടു. 2019ൽ ഇരുധ്രുവങ്ങളിലൂടെയും ഏറ്റവും വേഗത്തിൽ ഭൂമിയെ വലംവച്ച എട്ടംഗ സംഘത്തിലെ പ്രധാനി.
2021ൽ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് യാത്ര ചെയ്തു. അന്ന് 13 വയസ്സുകാരൻ മകനെയും കൂടെക്കൂട്ടി. തലേവർഷം ദക്ഷിണധ്രൂവത്തിലേക്കു നടത്തിയ യാത്രയിലും മകൻ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം നമീബിയയിൽ നിന്നു ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ ആക്‌ഷൻ ഏവിയേഷൻ വിമാനത്തിലാണ്. മൃഗശാലയിൽ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചിത്രവുമെടുത്ത ശേഷമാണു മടങ്ങിയത്.
ഹെൻറി നാർസലേ: ‘മിസ്റ്റർ ടൈറ്റാനിക്’
ടൈറ്റൻ പേടകത്തിന്റെ ക്യാപ്റ്റനാണ് ഹെൻറി നാർസലേ (77). 35 തവണ ടൈറ്റാനിക് അവശിഷ്ടം കണ്ട ഫ്രഞ്ച് പൗരൻ. മിസ്റ്റർ ടൈറ്റാനിക് എന്നു വിളിക്കപ്പെടുന്നു. നർസലേയുടെ കുട്ടിക്കാലം ആഫ്രിക്കയിലായിരുന്നു. 20 വർഷം ഫ്രഞ്ച് നാവികസേനയിലും ജോലി ചെയ്തു. പിന്നീട് സമുദ്രാന്തർഭാഗത്തു പോകുന്ന പേടകങ്ങളോടായി പ്രിയം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി (1985) രണ്ടുവർഷത്തിനുള്ളിൽ അദ്ദേഹം അവിടേക്ക് ആദ്യയാത്ര നടത്തി.
സ്കോട്ടൻ റഷ്: ടൈറ്റന്റെ പിതാവ്
ടൈറ്റൻ നിർമിച്ച ഓഷൻഗേറ്റ് കമ്പനിയുടെ ഉടമയാണ് സ്കോട്ടൻ റഷ് (61). 19–ാമത്തെ വയസ്സിൽ യുണൈറ്റഡ് എയർലൈൻസ് ജെറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടി. ടൈറ്റന്റെ യാത്ര നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിഡിയോ ഗെയിം കൺട്രോളർ റഷ് പരിചയപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. റഷിന്റെ ഭാര്യ ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ഇസിദോർ–ഐഡ ദമ്പതികളുടെ പിൻമുറക്കാരി വെൻഡി.
ഷഹ്സാദ, സുലൈമാൻ: അച്ഛനും മകനും
ടൈറ്റൻ പേടകത്തിലെ സങ്കടക്കാഴ്ചയാണ് ആ അച്ഛനും മകനും. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമാണു ഷഹ്സാദ ദാവൂദ് (48), മകൻ സുലൈമാൻ (19). പ്രിൻസ് ട്രസ്റ്റ് ഇന്റർനാഷനൽ, ബ്രിട്ടിഷ് ഏഷ്യൻ ട്രസ്റ്റ് തുടങ്ങിയ ജീവകാരുണ്യസ്ഥാപനങ്ങളിൽ സജീവമാണ് ഷഹ്സാദ. ഭൂമിക്കു പുറത്ത് ജീവനുണ്ടോ എന്നു ഗവേഷണം നടത്തുന്ന കലിഫോർണിയ എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡംഗം കൂടിയാണ്. മകൻ സുലൈമാൻ, ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ബിസിനസ് സ്കൂളിൽ ആദ്യവർഷ വിദ്യാർഥിയായിരുന്നു.
English Summary: Oceangate Titan Submersible