കലാപം പുട്ടിന്റെ അറിവോടെയെന്നും വാദം; ജനറൽമാരെ ഒതുക്കാൻ കൈവിട്ട കളിയോ?
ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രാഷ്ട്രത്തോടു നടത്തിയ 5 മിനിറ്റ് പ്രസംഗത്തിൽ ഒരു കാര്യം സമ്മതിച്ചു–വാഗ്‌നർ ഗ്രൂപ്പിന്റെ കലാപം രാജ്യത്തിനേറ്റ അടിയാണ്. പിന്നിൽനിന്നുള്ള കുത്താണ്. വിശ്വസ്തൻ ഭസ്മാസുരനായി മാറിയെന്നു പുട്ടിൻ സമ്മതിച്ചെങ്കിലും പ്രസംഗത്തിൽ പ്രിഗോഷിന്റെ പേരെടുത്തു വിമർശനമുണ്ടായില്ല.
യുക്രെയ്നിൽ തങ്ങളുടെ 2000 അംഗങ്ങളെ റഷ്യൻ സൈന്യം മിസൈൽ ആക്രമണത്തിൽ വധിച്ചെന്നാണ് പ്രിഗോഷിന്റെ പ്രധാന ആരോപണം. ബഹ്മുത് പിടിക്കാൻ മാസങ്ങൾ നീണ്ട യുദ്ധത്തിനിടെ, ആയുധങ്ങൾ നൽകാതെ തങ്ങളെ കുരുതികൊടുത്തെന്നും മുൻപ് പലവട്ടം പരസ്യവിമർശനം ഉയർത്തി.
പ്രിഗോഷിൻ ഇപ്പോൾ പുട്ടിനുമായി തെറ്റിയതെന്തെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഒരു വാദം, 16 മാസം പിന്നിടുന്ന യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കു സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്തം സൈനികനേതൃത്വത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ പുട്ടിൻ തന്നെ ആസൂത്രണം ചെയ്തതാണ് ഈ കലാപം എന്നാണ്. മാടമ്പികളായ ചില ജനറൽമാരെ ഒതുക്കണം. വേണ്ടിവന്നാൽ പ്രിഗോഷിനെ തന്നെയും ഇല്ലായ്മ ചെയ്തു പുട്ടിൻ നില ഭദ്രമാക്കും. പക്ഷേ, യുക്രെയ്നുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെയൊരു സാഹസത്തിനു പുട്ടിൻ മുതിരുമോ എന്നതാണു മറുചോദ്യം.
രണ്ടാം ലോകയുദ്ധകാലത്തു സ്റ്റാലിൻ സൈനികതലപ്പത്തു നടത്തിയിരുന്ന രീതിയിലുള്ള അഴിച്ചുപണിക്കായി പുട്ടിൻ ഒരുങ്ങുന്നതിനു മുന്നോടിയാണിതെന്നും കരുതുന്നവരുണ്ട്. വാഗ്നർ ഗ്രൂപ്പിന്റെ നീക്കങ്ങളോട് അസാധാരണമായ സംയമനത്തോടെയാണു ഭരണനേതൃത്വം പ്രതികരിക്കുന്നതെന്നുകൂടി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും സായുധസേനകളുടെ മേധാവി വലേരി ജെരാസിമോവുമാണു പ്രിഗോഷിന്റെ ഉന്നം. യുക്രെയ്ൻ യുദ്ധം ആരംഭിക്കാൻ കാരണം ഷൈഗുവാണെന്നാണു പ്രീഗോഷിന്റെ കുറ്റപ്പെടുത്തൽ. എന്നാലിത് പുട്ടിൻ മുന്നോട്ടുവച്ച ന്യായത്തിനു കടകവിരുദ്ധമാണ്. റഷ്യയുടെ സുരക്ഷ ഉറപ്പുവരുത്താനും യുക്രെയ്നിനെ നാത്‌സി രഹിതമാക്കാനും വേണ്ടിയാണു സൈനിക നടപടിയെന്നാണു അന്നു പുട്ടിൻ വിശദീകരിച്ചത്. 16 മാസം പിന്നിടുന്ന യുദ്ധത്തിൽ പുട്ടിന്റെ കണക്കുകൂട്ടൽ തെറ്റിയതു സ്ഥിതി മോശമാക്കുന്നു.
English Summary: Is Wagner Group coupe attempt with knowledge of Vladimir Putin?