ലിഥിയം അയോൺ ബാറ്ററിയുടെ സ്രഷ്ടാവ്; ജോൺ ഗുഡിനെഫ് അന്തരിച്ചു
ന്യൂയോർക്ക് ∙ രസതന്ത്ര നൊബേൽ ജേതാവും ലിഥിയം അയോൺ ബാറ്ററി വികസിപ്പിക്കുന്നതിൽ പങ്കാളിയുമായ ജോൺ ഗുഡിനെഫ് (100) അന്തരിച്ചു. കംപ്യൂട്ടർ റാം (റാൻഡം ആക്സസ് മെമ്മറി) വികസിപ്പിക്കുന്നതിലും ഇദ്ദേഹം പങ്കാളിയായി. റീചാർജ് ചെയ്യാൻ കഴിയുന്ന ലിഥിയം അയോൺ ബാറ്ററികൾ വികസിപ്പിച്ചെടുത്ത കണ്ടെത്തലിന് 2019 ലാണ് ബ്രിട്ടിഷ്, ജപ്പാൻ ശാസ്ത്രജ്ഞരുമായി ഇദ്ദേഹം നൊബേൽ പുരസ്കാരം പങ്കിട്ടത്.
ജർമനിയിലെ ജിനെയിൽ അമേരിക്കൻ സ്വദേശികളുടെ മകനായി പിറന്ന ജോൺ ഗുഡിനെഫ് യേൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഗണിതപഠനം പൂർത്തിയാക്കി യുഎസ് സേനയിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് സേനയിൽ മെറ്റിരിയോളജിസ്റ്റായി പ്രവർത്തിച്ചു. 1952 ൽ ഷിക്കാഗോ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യുകെയിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ശാസ്ത്രവും ആത്മീയതയും ചർച്ചചെയ്യുന്ന ‘വിറ്റ്നെസ് ടു ഗ്രേസ്’ എന്ന ആത്മകഥ 2008 ൽ പ്രസിദ്ധീകരിച്ചു.
ലോകത്തിന്റെ ഊർജം
1970കളിൽ ലോകമാകെ ഫോസിൽ ഇന്ധനങ്ങൾക്കു കടുത്ത ക്ഷാമം നേരിട്ട കാലത്താണ് സ്റ്റാൻലി വിറ്റിങ്ങാം ടൈറ്റാനിയം ഡൈ സൾഫൈഡ് കാഥോഡ് ആയും ലിഥിയം ആനോഡ് ആയും ഉപയോഗിച്ച് 2 വോൾട്ട് ക്ഷമതയുള്ള ബാറ്ററി ഉണ്ടാക്കിയത്. 1980 ൽ കൊബാൾട്ട് ഓക്സൈഡ് കാഥോഡ് ഉപയോഗിച്ച് ജോൺ ബി ജോൺ ഗുഡിനെഫ്, 4 വോൾട്ട് ക്ഷമതയുള്ള ബാറ്ററി ഉണ്ടാക്കി. 1985 ൽ അകീര യോഷിനോ കുറഞ്ഞ ചെലവിൽ ബാറ്ററികൾ സൃഷ്ടിച്ചു. ഇവർ മൂന്നുമാണ് 2019 ൽ രസതന്ത്ര നൊബേൽ നേടിയത്. ഇന്ന് മൊബൈൽ ഫോൺ മുതൽ ഇലക്ട്രിക് കാർ വരെ ലിഥിയം അയോൺ ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ്.
English Summary : John Goodenough creator of lithium-ion battery passed away