ഇസ്രയേലിനൊപ്പം നിന്ന് പ്രശ്നം തീർക്കാൻ യുഎസ്; ഇന്റലിജൻസ് പരാജയം സമ്മതിച്ച് ഇസ്രയേൽ
Mail This Article
ജറുസലം ∙ ഇസ്രയേലിനു പിന്തുണയുമായാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്തുന്നത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്കുശേഷം അദ്ദേഹം ജോർദാനിലേക്കു പോകും. ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ജോർദാൻ രാജാവുമായും ഈജിപ്ത് പ്രസിഡന്റുമായും നടത്തുക. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ബൈഡനെ കണ്ടേക്കും.
ഗാസയ്ക്കുള്ള രാജ്യാന്തര സഹായം ഇപ്പോഴും ഈജിപ്തിൽ കെട്ടിക്കിടക്കുകയാണ്. ഇസ്രയേൽ അനുവദിച്ചാൽ മാത്രമേ ഇവ ഗാസയിലെത്തുകയുള്ളു. തിങ്കളാഴ്ച നെതന്യാഹുവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മിൽ ഈ വിഷയത്തിൽ നടന്ന ചർച്ച 9 മണിക്കൂർ നീണ്ടു. കിഴക്കൻ മെഡിറ്ററേനിയൻ തീരത്ത് യുഎസിന്റെ 2000 മറീനുകൾ ഇസ്രയേലിനു പിന്തുണയുമായി എത്തി. 2000 യുഎസ് സൈനികരെക്കൂടി സജ്ജമാക്കി നിർത്തിയിരിക്കുന്നു.
ഇസ്രയേലിനുള്ള സൈനികപിന്തുണ ഉറപ്പിക്കുമ്പോഴും മേഖലയിലെ സംഘർഷം പൂർണയുദ്ധത്തിലേക്കു വഴുതിപ്പോകാതിരിക്കാനുള്ള നയതന്ത്രമാണ് യുഎസ് നടത്തുന്നത്. ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരടക്കമുള്ളവരുടെ മോചനമാണു യുഎസ് മുൻഗണന നൽകുന്ന മറ്റൊന്ന്. ബന്ദികളുടെ സുരക്ഷ സംബന്ധിച്ചു ഹമാസ് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ഇസ്രയേൽ ആക്രമണം നിർത്താതെ ഇവരെ കൈമാറാൻ വഴിയൊരുങ്ങില്ല.
ഇസ്രയേലിനു സഹായവുമായി യുഎസ് ഇടപെടുന്നതിനെതിരെ ഇറാനും റഷ്യയും ചൈനയും മുന്നറിയിപ്പു നൽകിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ കാണാൻ ഇന്നലെ ബെയ്ജിങ്ങിൽ എത്തി. ഗാസ സംഘർഷവും ഇവർ ചർച്ച ചെയ്യും.
ഇന്റലിജൻസ് പരാജയം സമ്മതിച്ച് ഇസ്രയേൽ
ജറുസലം ∙ തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്ന് ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ അഹറോൺ ഹലീവ സമ്മതിച്ചു. സഹപ്രവർത്തകർക്ക് അയച്ച കത്തിലാണ് ഇന്റലിജൻസ് പരാജയം ഏറ്റുപറഞ്ഞത്.
ബന്ദിയായ യുവതിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്
ടെൽ അവീവ് ∙ ഗാസയിൽ ബന്ദിയായ ഫ്രഞ്ച്–ഇസ്രയേലി യുവതിയെ മോചിപ്പിക്കണമെന്ന് കുടുംബം അഭ്യർഥിച്ചതിനു പിന്നാലെ ഹമാസ് യുവതിയുടെ പുതിയ വിഡിയോ പുറത്തുവിട്ടു. പരുക്കേറ്റ കൈയ്ക്കു ബാൻഡേജിട്ടു ചികിത്സ നൽകിയ നിലയിലാണു മിയ സ്കാം (21) പ്രത്യക്ഷപ്പെട്ടത്. അവരെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരെയും വിഡിയോയിൽ കാണാം. താൻ എത്രയും വേഗം മടങ്ങിയെത്തുമെന്നും അവർ വിഡിയോയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച മിയയുടെ ആദ്യ വിഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണു കുടുംബം മോചനത്തിനായി അഭ്യർഥിച്ചത്.