ADVERTISEMENT

ദോഹ/ ജനീവ/ വാഷിങ്ടൻ ∙ പലസ്തീൻ ജനതയ്ക്കു സഹായമെത്തിക്കുന്ന യുഎൻ റെഫ്യൂജീസ് ഏജൻസി ഫോർ പലസ്തീനിയൻസിനുള്ള സഹായം നിർത്താനുള്ള 9 രാഷ്ട്രങ്ങളുടെ തീരുമാനം പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന അഭ്യർഥിച്ചു. ഏജൻസിയുടെ ഗാസയിലെ 12 ജീവനക്കാർ ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിൽ പങ്കെടുത്തെന്ന ഇസ്രയേൽ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ സഹായം നിർത്തിയത്. എന്നാൽ, ആരോപണത്തിന്റെ വിശദാംശങ്ങൾ ഇസ്രയേൽ പരസ്യപ്പെടുത്തിയില്ല.

ഇസ്രയേൽ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആരോപണവിധേയരായ 9 പേരെ പിരിച്ചുവിട്ടതായും ഒരാൾ മരിച്ചതായും വ്യക്തമാക്കിയ ഗുട്ടെറസ് ബാക്കി രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു.

സഹായം നിർത്താനുള്ള തീരുമാനം ഗാസയിലെ ദുരിതം രൂക്ഷമാക്കുമെന്നാണ് ആശങ്ക. ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രദേശത്തെ 23 ലക്ഷത്തോളം ജനങ്ങൾ ആശ്രയിക്കുന്നത് യുഎൻ ഏജൻസിയെയാണ്. ഒക്ടോബർ 7 മുതൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 26,422 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മാത്രം 165 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ വംശഹത്യ തടയാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിക്കെതിരായ വെല്ലുവിളിയാണു സഹായം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നിലെന്ന് ഹമാസ് ആരോപിച്ചു. ഏജൻസിയെ അടിച്ചമർത്താൻ ഇസ്രയേൽ ശ്രമിക്കുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. ഏതാനും പേരുടെ അവിവേകത്തിന്റെ പേരിൽ നിരപരാധികളായ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്ന് നോർവീജിയൻ അഭയാർഥി കൗൺസിൽ സെക്രട്ടറി യാൻ ഏഗലൻ അഭ്യർഥിച്ചു.

അതേസമയം, ചെങ്കടലിൽ കപ്പലുകൾക്കു നേരെ യെമനിലെ ഹൂതികളുടെ ആക്രമണം തുടരുന്നു. കഴിഞ്ഞദിവസം ബ്രിട്ടിഷ് യുദ്ധക്കപ്പലിനെതിരെ ഡ്രോൺ ആക്രമണശ്രമമുണ്ടായി. എണ്ണക്കപ്പലിനു നേരെയും ആക്രമണമുണ്ടായി.
ബന്ദിമോചനം: ചർച്ച‌വീണ്ടും സജീവം
∙ ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേൽ രണ്ടു മാസത്തേക്കു താൽക്കാലികമായി ആക്രമണം നിർത്തിവയ്ക്കാൻ സാധ്യതയുള്ളതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങി. സ്ത്രീകളെയും പ്രായമുള്ളവരെയും ആദ്യഘട്ടത്തിൽ മോചിപ്പിക്കണമെന്നാണ് ഇസ്രയേൽ ആവശ്യം. ഗാസയിലേക്കു കൂടുതൽ സഹായമെത്തിക്കാൻ ഇസ്രയേൽ സമ്മതിക്കണമെന്നാണു പകരം ആവശ്യം.

English Summary:

UN chief asks donor countries to ensure 'continuity' of Gaza aid operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com