‘നിങ്ങളെ ഞാൻ നിരാശപ്പെടുത്തില്ല’: ബംഗ്ലദേശിന്റെ പ്രതീക്ഷ ജനറൽ വഖാറുസ്സമാന്റെ വാക്കുകളിൽ
Mail This Article
ധാക്ക ∙ കഴിഞ്ഞ ജൂൺ 23നാണ് 3 വർഷത്തെ കാലാവധിയിൽ ജനറൽ വഖാറുസ്സമാൻ (58) ബംഗ്ലദേശിലെ സൈനിക മേധാവിയായത്. 15 വർഷമായി അധികാരത്തിൽ തുടരുന്ന ശക്തയായ ഭരണാധികാരിക്ക് രാജ്യം വിട്ടുപോകാൻ അദ്ദേഹം അനുവദിച്ചത് 45 മിനിറ്റ് മാത്രമാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഷെയ്ഖ് സഹീനയുടെ രാജി പ്രഖ്യാപിച്ചതും അദ്ദേഹം ആയിരുന്നു. ഇടക്കാല സർക്കാർ വരുന്ന കാര്യവും പ്രഖ്യാപിച്ചു. ഹസീനയോട് രാജിവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.
ധാക്കയിലെ നാഷനൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം ലണ്ടനിലെ കിങ്സ് കോളജിൽ നിന്ന് പ്രതിരോധ പഠനത്തിൽ എംഎ ബിരുദം നേടിയ ശേഷമാണ് വഖാറുസ്സമാൻ സൈന്യത്തിലെത്തിയത്. 1997 മുതൽ 2000 വരെ സൈനിക മേധാവിയായിരുന്ന ജനറൽ മുഹമ്മദ് മുസ്തഫിസുർ റഹ്മാന്റെ മകൾ ഷർഹനാസ് കമാലികയാണ് ജനറൽ വഖാറുസ്സമാന്റെ ഭാര്യ. 35 വർഷമായി സൈനിക സേവനം നടത്തുന്ന ജനറൽ വഖാറുസ്സമാൻ, കരസേനാ മേധാവിയാകുന്നതിനു മുൻപ് 6 മാസം ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ആയിരുന്നു. ഈ കാലയളവിൽ രാജ്യത്തെ സൈനിക പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണം, സമാധാനസേന എന്നിവയുടെ ചുമതല വഹിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അടുത്തുപ്രവർത്തിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി തന്നെ ജനറൽ വഖാറുസ്സമാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ സൈന്യം ഇടപെടുമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.
സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിച്ചുകൊണ്ട് അഭിസംബോധന ചെയ്ത വാക്കുകൾ ജനറൽ വഖാറുസ്സമാന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ‘ഈ രാജ്യം ഒരുപാട് സഹിച്ചു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കും. അതു കാത്തിരിക്കുന്ന നിങ്ങളെ ഞാൻ നിരാശപ്പെടുത്തില്ല. എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. എനിക്ക് പിന്തുണ നൽകണം’.