ബംഗ്ലദേശിൽ ന്യൂനപക്ഷ സമുദായ അംഗത്തിന്റെ വീടിനു തീയിട്ടു
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്കു നേരെയുള്ള അക്രമം തുടരുന്നു. വടക്കു പടിഞ്ഞാറൻ ബംഗ്ലദേശിലെ ഠാക്കൂർഗാവ് സദർ ജില്ലയിലെ ഫരാബറി മന്ദിർപാറ ഗ്രാമത്തിൽ ഹിന്ദു സമുദായത്തിൽപെട്ട ഒരാളുടെ വീട് അക്രമികൾ തീവച്ചു നശിപ്പിച്ചു. അയൽവാസികൾ ഓടിയെത്തി തീയണച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി. അക്രമികൾ ഓടിമറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം അവസാനിപ്പിക്കുമെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ് ഉറപ്പു നൽകിയ ചൊവ്വാഴ്ച തന്നെയായിരുന്നു ഈ ആക്രമണം. ഈ മാസം 5ന് ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കാൻ ആരംഭിച്ച പ്രക്ഷോഭത്തിനു ശേഷം ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന 278–ാമത് ആക്രമമാണിതെന്ന് ബംഗ്ലദേശ് നാഷനൽ ഹിന്ദു ഗ്രാൻഡ് അലയൻസ് അറിയിച്ചു. പ്രക്ഷോഭം ആരംഭിച്ചശേഷം ഠാക്കൂർഗാവ് ജില്ലയിൽ നിന്ന് ഒട്ടേറെ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.
ഇതേസമയം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മന്ത്രിസഭയിലെ 4 അംഗങ്ങൾക്കും എതിരെ സുപ്രീം കോടതി അഭിഭാഷകൻ സോഹൽ റാണ നൽകിയ പരാതിയിൽ കേസെടുത്തു. 2015 ഫെബ്രുവരിയിൽ തന്നെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്നാണ് സോഹലിന്റെ പരാതി. ഹസീനയ്ക്കെതിരെ ഈയിടെ റജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാണിത്. സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ 230 പേർ കൊല്ലപ്പെട്ടതിനുള്ള കൊലപാതകക്കേസാണ് ആദ്യത്തേത്.
ജനകീയ പ്രക്ഷോഭത്തിൽ വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവമായി ബന്ധപ്പെട്ടവരെ രാജ്യാന്തര കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കുമെന്ന് ഇടക്കാല സർക്കാർ അറിയിച്ചു. യുഎൻ നിരീക്ഷണത്തിലാവും അന്വേഷണം.
ഇതിനിടെ, ബംഗ്ലദേശ് വിമോചനനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ വധിക്കപ്പെട്ട ഓഗസ്റ്റ് 15ന് നൽകിവന്നിരുന്ന ദേശീയ അവധി റദ്ദാക്കാൻ ഇടക്കാല സർക്കാർ തിരുമാനിച്ചു. ഹസീനയുടെ അവാമി ലീഗ് ഒഴികെയുള്ള പാർട്ടികളുമായി ചർച്ച നടത്തിയശേഷമായിരുന്നു തീരുമാനം.