ADVERTISEMENT

വാഷിങ്ടൻ ∙ അമേരിക്കയ്ക്കു ലാഭകരമല്ലാത്ത ഒരു ഇടപാടിലും പണം ചെലവാക്കാൻ പാടില്ലെന്നതാണു ഡോണൾഡ് ട്രംപിന്റെ നയം. യുഎസിലെ പരമ്പരാഗത വ്യവസായങ്ങൾക്കു ഗുണകരമല്ലാത്തതിനാൽ ട്രംപ് കാലാവസ്ഥ വ്യതിയാനം തടയാനുള്ള ഒരു ഉടമ്പടിയിലും ഒപ്പ് വയ്ക്കില്ല. ചൈനീസ് ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ മേധാവിത്വം സ്ഥാപിച്ചതോടെ അമേരിക്കൻ വ്യവസായരംഗത്തു മാന്ദ്യമുണ്ടായി.

അമേരിക്കൻ വ്യവസായത്തെ സംരക്ഷിക്കാനായി ചൈനീസ് ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. ഫലത്തിൽ ഇതു വിലക്കയറ്റമുണ്ടാക്കും. തൊഴിൽരംഗത്തും സ്വദേശിവൽക്കരണത്തിലാണ് ഊന്നൽ. അമേരിക്കൻ സാമ്പത്തികരംഗത്തെ ശക്തമാക്കാനാവശ്യമായ രക്ഷാപദ്ധതികളാണ് അമേരിക്ക ആദ്യം എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. 

അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ഭീഷണി യാഥാർഥ്യമാക്കാൻ ട്രംപിനു കഴിയുമോ ? എളുപ്പമുള്ള കാര്യമല്ല അതെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും സൈന്യം മുതൽ കോടതി വരെ തലങ്ങളിലെ ഏകോപനവും പിന്തുണയും ഇക്കാര്യത്തിൽ ട്രംപ് ഉറപ്പാക്കുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തർ കരുതുന്നു. ഒരു വർഷം 10 ലക്ഷം പേർ എന്ന നിലയിൽ കുടിയേറ്റക്കാരെ നാടുകടത്താനാകുമെന്ന് ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കിയിട്ടുണ്ട്. വർഷം തോറും യുഎസ് ഒട്ടേറെപ്പേരെ നാടുകടത്താറുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകളെ ഒരുമിച്ചു നാടുകടത്തുന്നതു ചെലവേറിയ പ്രക്രിയയാകും. 1.3 കോടിയാണു യുഎസിലെ അനധികൃത കുടിയേറ്റക്കാരെന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ കണക്കാക്കിയിട്ടുണ്ട്. 

ട്രംപ് ശൈലി പ്രകടമാകാൻ പോകുന്ന മറ്റൊരു മേഖല വിദേശനയമാണ്. ഗാസ യുദ്ധം, യുക്രെയ്ൻ യുദ്ധം എന്നിവ ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇതെങ്ങനെയെന്നു വ്യക്തമാക്കിയിട്ടില്ല.  

റഷ്യൻ പ്രസിഡന്റ് പുട്ടിനുമായുള്ള ട്രംപിന്റെ സൗഹൃദം രഹസ്യമല്ല. സങ്കുചിത ദേശീയവാദിയും കുടിയേറ്റവിരുദ്ധനുമായ ഹംഗറിയിലെ വിക്തർ ഓർബനാണ് യൂറോപ്പിൽ ട്രംപിന് ബഹുമാനമുള്ള രാഷ്ട്രനേതാവ്. റഷ്യയോടു ശീതയുദ്ധകാല ശത്രുത കാലഹരണപ്പെട്ടു. എന്നാൽ, വ്യാപാരരംഗത്ത് ചൈനയുടെ അധിനിവേശം ചെറുക്കണം. അമേരിക്കൻ വിപണയിൽനിന്ന് ചൈനീസ് കമ്പനികൾ ലാഭമുണ്ടാക്കുന്നതിനാൽ അവരാണു ട്രംപിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു.  

വിദേശത്ത് അമേരിക്കയ്ക്കു ഗുണമില്ലാത്ത സൈനികച്ചെലവുകൾ അവസാനിപ്പിക്കണം. ഇതിനാൽ നാറ്റോ സൈനികസഖ്യത്തിൽ യുഎസ് തുടരുന്നതിനെ അദ്ദേഹം എതിർക്കുന്നു. കാരണം യൂറോപ്പിൽ ചെലവഴിക്കുന്നതെല്ലാം ഫലരഹിതമാണ്. എങ്കിലും യുഎസിന് പുതിയ മിസൈൽ കവചം ഉണ്ടാക്കുമെന്നും പറയുന്നു. 

ഐക്യരാഷ്ട്രസംഘടന, ലോകാരോഗ്യസംഘടന തുടങ്ങിയ രാജ്യാന്തര സംഘടനകൾ അമേരിക്കൻവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത് അതിനാൽ അവർക്കു പണം നൽകരുതെന്നാണു ട്രംപിന്റെ നയം. ഒന്നാം ഭരണത്തിൽ അദ്ദേഹം യുഎന്നിനു പണം നൽകുന്നതു നിർത്തിയിരുന്നു. രണ്ടാം ഭരണത്തിലും ഈ നയമായിരിക്കും തുടരുക.

English Summary:

Homeland Security policies with more force in USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com