കാമുകിയുടെ ശ്രദ്ധ നേടാൻ സിംഹക്കൂട്ടിലിറങ്ങി; മൃഗശാലാ ജീവനക്കാരന് ദാരുണാന്ത്യം
Mail This Article
താഷ്കന്റ് ∙ കാമുകിയുടെ ശ്രദ്ധപിടിച്ചുപറ്റാൻ വിഡിയോ ചിത്രീകരിക്കുന്നതിനായി സിംഹക്കൂട്ടിലിറങ്ങിയ മൃഗശാലാ ജീവനക്കാരനെ 3 സിംഹങ്ങൾ ചേർന്ന് കടിച്ചുകൊന്നു. കൂട്ടിൽനിന്നു പുറത്തിറങ്ങിയ സിംഹങ്ങൾ അക്രമാസക്തരായി. ഇതിലൊന്നിനെ വെടിവച്ചുകൊന്നു. രണ്ടെണ്ണത്തിനെ മയക്കുവെടി വച്ച് തിരികെ കൂട്ടിലെത്തിച്ചു. ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലുള്ള സ്വകാര്യ മൃഗശാലയിൽ രണ്ടാഴ്ച മുൻപുനടന്ന സംഭവത്തിന്റെ ഭീതിജനകമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇറിസ്കുലോവ് (44) എന്ന ജീവനക്കാരനാണ് സിംഹക്കൂട്ടിൽ കയറിയത്. ശാന്തരായി കിടക്കുന്ന സിംഹങ്ങൾക്കരികിലേക്ക് ഇയാൾ ക്യാമറയുമായി ചെല്ലുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം സിംഹങ്ങൾ ഇയാളുടെ സാന്നിധ്യം അവഗണിച്ചെങ്കിലും അപ്രതീക്ഷിതമായി ഒരു സിംഹം ചാടിവീണു. പിന്നാലെ മറ്റു സിംഹങ്ങളും. കൈയിൽനിന്നു തെന്നിവീണ ക്യാമറയിൽ ഇറിസ്കുലോവിന്റെ അവസാനനിമിഷങ്ങൾ ചോരനനവോടെ പതിഞ്ഞു.