പിരിയാനാവാതെ 

piriyanavumo-01
പ്രതീകാത്മക ചിത്രം
SHARE

മരിച്ചവർ എവിടെയും പോകുന്നില്ല. അവർ ഇവിടെ തന്നെയുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്... ഇതിനെ  ആസ്പദമാക്കി കഥകളും സിനിമകളും ഒക്കെയുണ്ട്. ചിലർ ചില അനുഭങ്ങളും വിവരിച്ചു കേട്ടിട്ടുണ്ട്. മരിച്ചവരെ നമ്മൾ ഭയപ്പെടുന്നു. അത് എത്രതന്നെ അടുത്തവരായാലും പ്രിയപ്പെട്ടവരായാലും. അവരെക്കു റിച്ചുള്ള ഓർമ്മകൾ വിട്ടു പിരിയുന്നുമില്ല.

എന്റെ അമ്മ മരിച്ചിട്ടു വർഷം  പത്തു കഴിഞ്ഞു. എന്നിട്ടും ഞാൻ അമ്മയെപ്പറ്റി പറയാത്ത ഓർക്കാത്ത ഒരു ദിവസം പോലുമില്ല. ഇത് കേട്ടിട്ട് മിലി ചോദിച്ചു.

‘‘മുത്തശ്ശി ഒരു ദിവസം മുന്നിൽ വന്നു നിന്നാൽ അമ്മുമ്മ പേടിക്കുമോ ?’’

‘‘ സത്യത്തിൽ ഉറപ്പിച്ചു പറയാൻ ആവില്ല’’ എന്റെ സത്യസന്ധമായ മറുപടി.

എന്താണീ ഭയത്തിനു കാരണം? കുട്ടിക്കാലം മുതൽ നമ്മൾ കേട്ട് വരുന്ന പേടിക്കഥകളുടെ സ്വാധീനമോ ? മരിച്ചവർ ജീവിച്ചിരിക്കുന്നവരുടെ ശത്രുക്കളാണ് എന്ന വിശ്വാസം എവിടെ നിന്നുണ്ടായി? ഭൂത പ്രേത പിശാചുക്കളിൽ വിശ്വാസമോ ഭയമോ ഇല്ല എനിക്ക്. കുട്ടിക്കാലത്ത് പ്രേതകഥകൾ കേൾക്കാൻ വലിയ ഇഷ്ടവും പേടിയുമായിരുന്നു... വലുതായപ്പോൾ  അത് നിശ്ശേഷം  മാറി. എന്നാലും മരിച്ചു പോയൊരാൾ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ-അത് എന്റെ അച്ഛനോ അമ്മയോ മറ്റു പ്രിയപ്പെട്ടവരോ ആണെങ്കിൽ കൂടി -പേടിതോന്നുകയില്ല എന്നങ്ങ് ഉറപ്പിച്ചു പറയാൻ വയ്യ.

ഇങ്ങനെ ഒരു വിശ്വാസം പണ്ട് മുതലേ നമുക്കിടയിൽ വളർന്നു വന്നതെങ്ങനെ? ഇതിനു പലകാരണങ്ങൾ പലരും ഉന്നയിച്ചിട്ടുണ്ട്. ആത്മാവിന് ബന്ധവും സ്വന്തവും ഇല്ല. സ്നേഹവും അടുപ്പവും ഒന്നുമില്ല. മരിച്ചവർ ആത്മാക്കളല്ലേ? അങ്ങനെയാണെങ്കിൽ അവർക്കു രൂപവും ഭാവവുമില്ലല്ലോ. പിന്നെ പേടിക്കുന്നതെന്തിന് ?എന്റെ സംശയം.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകം രണ്ടാണ്? അവരെ കൂടെ കൂട്ടാനാവുമോ? അങ്ങനെയെ ങ്കിൽ അവർ ഇങ്ങോട്ടു വരികയില്ലല്ലോ. ഞാൻ ചോദിച്ചു. ഇതൊന്നും നമ്മളെ തൃപ്തിപ്പെടുത്തുന്ന ന്യായങ്ങളല്ല. മരിച്ചു കഴിഞ്ഞാൽ ആത്മാവായെന്നോ അന്യരായെന്നോ ഒക്കെ സമ്മതിക്കാം. പക്ഷേ അവർക്കു ഒരു ഭീകരത്വം കല്പിക്കുന്നതെന്തിന്? ഒരു ഉടൽ പോലുമില്ലാത്തവർക്കു ഭീകരരൂപം സ്വീകരിക്കാൻ കഴിയുമോ? നമ്മളെ അവർക്കു ഉപദ്രവിക്കാൻ കഴിയുന്നതെങ്ങനെ? എന്റെ ഈ സംശയം കേട്ട് ഒരു അനുജത്തി ഒരിക്കൽ പറഞ്ഞു.

ചേച്ചീ ഒരാളും ജീവിച്ചു കൊതി തീർന്നിട്ടല്ല  മരിക്കുന്നത്. മോഹങ്ങളും ആശകളും ശരീരത്തോടൊപ്പം നശിക്കുന്നുണ്ടാവില്ല. അപ്പോൾ സ്വാഭാവികമായും പകയോടെ അസൂയയോടെ നീരസത്തോടെയാവും ആത്മാക്കൾ ജീവിച്ചിരിക്കുന്നവരെ നോക്കുന്നത്. അങ്ങനെ നോക്കുന്നുണ്ടോ? ഞാൻ അപ്പോഴും ചോദിച്ചു. അവൾ തുടർന്നു. ജീവിച്ചിരിക്കുമ്പോൾ ഒരാൾ ശ്രദ്ധയോടെ താത്പര്യത്തോടെ ഇഷ്ടത്തോടെ സൂക്ഷിക്കുന്ന ഒന്നും തന്നെ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ല. എല്ലാം ഇവിടെ ഉപേക്ഷിക്കേണ്ടിവരുന്നു. വസ്ത്രങ്ങൾ , ആഭരണങ്ങൾ, പുസ്തകങ്ങൾ, ഫോട്ടോകൾ, ഡയറികൾ ഇങ്ങനെ പ്രിയവസ്തുക്കൾ എത്രയോ ഉണ്ടാവും. അവയെല്ലാം തന്നെ മറ്റുള്ളവർ എടുക്കുകയും സ്വന്തമാക്കുകയും ചിലപ്പോൾ നശിപ്പിക്കുകയും ചെയ്യുന്നത് മരിച്ചവർ എവിടെയോ മറഞ്ഞു നിന്ന് കാണുന്നുണ്ടെങ്കിൽ അവർക്കു സങ്കടവും ദേഷ്യവും തോന്നുകയില്ലേ ?

 മരിച്ചു കഴിഞ്ഞാൽ മൃതശരീരം ദഹിപ്പിക്കും അല്ലെങ്കിൽ അടക്കും. രണ്ടായാലും അത് ഇല്ലാതാകും. അപ്പോൾ ആത്മാവിന് കണ്ണുണ്ടോ, മറഞ്ഞുനിന്നു നോക്കാൻ ? സത്യത്തിൽ ഇതിനൊന്നും ഒരു വിശദീകരണവുമില്ല. പണ്ടുള്ളവർ അങ്ങനെയൊക്കെ പറഞ്ഞു വച്ചു. അതൊക്കെ തെറ്റാണെന്നു തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ആ വിശ്വാസങ്ങൾ നമ്മൾ വച്ച് പുലർത്തുന്നു.മരിച്ചവർക്കു ഒരു പൈശാചികത്വംകൽപ്പിച്ചു കൊടുത്തതും ഉപദ്രവകാരികളായി അവരെ ചിത്രീകരിച്ചതും ജീവിച്ചിരിക്കുന്നവരുടെ ഭാവനയല്ലേ ?  

ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും എനിക്ക് പ്രിയപ്പെട്ട ചിലർ യാത്രയായപ്പോൾ വിങ്ങുന്ന മനസ്സോടെ ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. എന്തിനാണ് ജീവിതകാലം മുഴുവൻ ഓരോന്ന് സമ്പാദിക്കുകയും കൂട്ടിവയ്ക്കുകയും ചെയ്തത് ? എന്തിനാണ് പ്രിയപ്പെട്ടവരേ ഇത്രയും സ്നേഹിച്ചത് ? എല്ലാമെല്ലാം ,എല്ലാവരെയും ഇവിടെ വിട്ടു മറ്റൊരു ലോകത്തേക്ക് പോകാനോ ? അങ്ങനെ ഒരു ലോകമുണ്ടോ മരിച്ചവർക്കായി ?അതോ മണ്ണിലലിഞ്ഞും ചാരമായി തീർന്നും എന്നത്തേയ്ക്കുമായി ഇല്ലാതായോ? അറിയില്ല. മരിച്ചവർ തിരിച്ചു വന്നു പറഞ്ഞാലല്ലേ അറിയാനാവൂ. ജീവിച്ചിരിക്കുന്നവർ മരിച്ചവരെ ഭയപ്പെടുന്നതെന്തിന് എന്ന സംശയത്തിന് ഇപ്പോഴും ഉത്തരമില്ല .

English summary : Does Death Mean Separation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ