ബാക്കി പാടൂ ..‘‘അപാരതീരം’’ എന്നല്ലേ? ഭാർഗവീനിലയം എന്ന പഴയ സിനിമയിലെ മനസ്സിൽ തറയ്ക്കുന്ന മനോഹരഗാനം. പാട്ടിനിടയിൽ കേൾക്കുന്ന ‘തെരുവീഥികളിൽ’ എന്ന മനോഹരശബ്ദം. അത് ഒരു പ്രേതത്തിന്റേതാണ്. പ്രേതത്തെ കാണുന്നില്ലെങ്കിലും ഭയന്ന് അവിടെയാകെ ആ ശബ്ദത്തിന്റെ ഉടമയെ തിരയുന്ന നായകൻ നമ്മളിലും ഭയം ഉണർത്തും.
ഇതിപ്പോൾ അപാരതയിലൊന്നുമല്ല. മുറിക്കകത്ത്, വീട്ടിനകത്ത്! ഒരു വിലക്ക്! ഇത് ഏകാന്തതയല്ലല്ലോ! വീട്ടിലുള്ളവർ എല്ലാവരുമില്ലേ? കുടുംബാംഗങ്ങൾ ഇങ്ങനെ ഒന്നിച്ചിരിക്കാൻ കിട്ടുന്ന അവസരം കാര്യകാരണ ങ്ങൾ എന്തു തന്നെയായാലും അങ്ങ് ആസ്വദിച്ചാലോ? അതേ നിവർത്തിയുള്ളൂ. ഒരവധി കിട്ടാൻ കൊതിച്ചി രുന്ന കുട്ടികൾ ഇതാ ബോറടിക്കുന്നു എന്ന് പരാതിപ്പെടുന്നു.
ജോലിക്കു പോകാൻ പറ്റാത്തവർക്കു ബോറടി മാത്രമല്ല ജോലികൾ ചെയ്തു തീർക്കാനാവാതെ കുന്നുകൂടി അലങ്കോലമായിക്കിടക്കുന്നല്ലോ എന്നോർത്തുള്ള വേവലാതിയുമുണ്ട്. ഇതിനെല്ലാം പുറമെ പടർന്നുപിടിക്കുന്ന സാംക്രമിക ഭീകരതയെക്കുറിച്ചുള്ള ഉത്കണ്ഠയും. എത്ര കൈകഴുകിയിട്ടും എത്ര സാനിറ്റൈസെർ ഉപയോഗിച്ചിട്ടും പേടി മാറുന്നില്ല. രോഗബാധയോടൊപ്പം ഐസൊലേഷനും ക്വാറന്റൈനും നമ്മളെ നടുക്കുന്നു.
ഏകാന്തത രണ്ടു തരത്തിൽ ഉണ്ട്. സ്വയമേവ ജീവിത സാഹചര്യങ്ങളിൽ വന്നു ചേരുന്ന ഏകാന്തത! മക്കൾ വളർന്ന് ഓരോ വഴി പോകുമ്പോൾ അച്ഛനമ്മമാർ തനിച്ചാകും. ചിലപ്പോൾ അച്ഛനോ അമ്മയോ ആരെങ്കിലുമൊരാൾ തനിച്ചാവുകയുമാവും. ഇത് ജീവിതത്തിൽ അനിവാര്യമാകുമ്പോൾ സഹിച്ചേ പറ്റൂ.
അതെ സമയം ഏകാന്തരാവാൻ നിർബന്ധിക്കപ്പെടുന്നത് അസഹനീയമാണ്. അങ്ങനെയൊന്നാണ് ഇപ്പോൾ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ ചെയ്തേ തീരൂ. നമുക്ക് വേണ്ടി മാത്രമല്ല,നമ്മുടെ നാടിൻറെ ,നാട്ടുകാരുടെ മുഴുവൻ സുരക്ഷയ്ക്ക് വേണ്ടി.
ഒറ്റപ്പെടൽ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയപ്പോൾ ഞാനതിനെ ഇഷ്ടപ്പെട്ടിരുന്നു. മകൾ തിരുവനന്ത പുരത്തും മകൻ എറണാകുളത്തുമായപ്പോൾ എനിക്ക് കുറച്ചു കാലം വീട്ടിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്നു.
ആ സമയത്ത് എനിക്ക് വിഷമമേ തോന്നിയിരുന്നില്ല. ഒരു പാട് നാളത്തെ ഒറ്റനുകം വച്ച വണ്ടിവലിയിൽ നിന്ന് ഒരു വിശ്രമം കിട്ടിയതായി തോന്നി.
എന്റേതായ കൊച്ചുകൊച്ചു ജോലികൾ ചെയ്തു. എഴുതുകയും വായിക്കുകയും ഉറങ്ങുകയും ചെയ്തു. ആവശ്യമില്ലാതെ പുറത്ത് പോകുന്ന ശീലം അന്നുമില്ല. വല്ലപ്പോഴും അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളു. വീടിനകത്ത് അടച്ചിരിക്കുന്നതിൽ ഒരു പ്രത്യേക സുഖം കണ്ടെത്തിയിരുന്നു ഞാൻ.
ഇപ്പോൾ മകൻ കിടപ്പിലായശേഷം ഏഴു വർഷമായി ഞാൻ വീട്ടിനുള്ളിൽ തന്നെയാണ്. അതുകൊണ്ടാവാം ഇപ്പോൾ കൊറോണപ്പേടിയുമായി അകത്തിരിക്കുമ്പോൾ ഒരു പ്രത്യേകതയും തോന്നുന്നില്ല. അല്ലെങ്കിലും ഞാൻ ഇങ്ങനെത്തന്നെയല്ലേ ?
കുട്ടികൾ ഈ ക്വാറന്റീൻ കാലത്ത് പഴയ സിനിമകൾ കണ്ടു രസിക്കുന്നുണ്ട്. റാംജിറാവു, മാന്നാർ മത്തായി ,ഗോഡ്‌ഫാദർ,എന്ന് സ്വന്തം ജാനകികുട്ടി .ഇടയ്ക്കൊക്കെ ഞാനും അവരുടെ കൂടെ കൂടും, എല്ലാം മറന്നു കുറേനേരം ചിരിക്കാമല്ലോ.
പറമ്പിലും തൊടിയിലുമൊക്കെ അലഞ്ഞു തിരിയുന്ന ജാനകിക്കുട്ടിയെ കണ്ടപ്പോൾ ഞാനെന്റെ കുട്ടിക്കാലം ഓർത്തുപോയി. ഒരുപാട് അംഗങ്ങളുള്ള ഒരു തറവാട്ടിലാണ് ഞാൻ വളർന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടില്ലേ ? അടുത്ത തലമുറയിലെ ആദ്യ സന്തതിയായിരുന്നു ഞാൻ. ബാക്കി വീട്ടിലുള്ളവരെല്ലാം എന്നേക്കാൾ മുതിർന്നവർ.
സ്നേഹവും വാത്സല്യവും സുഖസൗകര്യങ്ങളും ആവോളമുണ്ടെങ്കിലും എനിക്ക് കൂട്ടുകാരില്ല. ഒരുപാടു പറമ്പും മരങ്ങളും ചെടികളും പുല്ലും കാടും ഒക്കെയുണ്ട്. ഞാൻ അവയ്ക്കിടയിലൂടെ തനിയെ നടക്കും. സമൃദ്ധമായി പൂവിടുന്ന കാട്ട് ചെടികൾ പോലും എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു. വീടിന്റെ മുൻവശത്താണെങ്കിലും വിശാലമായ ഒരു നടൻ പൂന്തോട്ടവും പടിപ്പുരയുംമൊക്കെയുണ്ട്.
ചെമ്പരത്തിയും ചെത്തിയും മുല്ലയും പിച്ചിയുമൊക്കെ പൂത്തുലയുന്നത് എനിക്ക് വേണ്ടിയാണെന്ന് പോലും തോന്നിയിരുന്നു. ഇതിനിടയിൽ ഒരു പാട് പശുക്കളും അവയുടെ കുട്ടികളുമുണ്ട്. കോഴികളുണ്ട്. എല്ലാം എനിക്ക് കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ.
യക്ഷിക്കഥകൾക്കും അന്ന് എന്റെ തറവാട്ടിൽ പഞ്ഞമുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് കാടുപിടിച്ചു കിടക്കുന്ന പറമ്പിലൂടെ ചുറ്റി നടക്കുമ്പോഴും ജാനകിക്കുട്ടിയെപ്പോലെ ഞാനൊരു ‘‘കുഞ്ഞാത്തോലയേ’’ കണ്ടില്ല .
പെട്ടെന്നാവും വലിയവരാരെങ്കിലും എന്നെ തേടിയെത്തുന്നത്.
‘‘എന്തിനാ ഈ കാടോട്ടം? വല്ല പാമ്പുമൊക്കെ കാണും. വാ ഇവിടെ’’ സ്നേഹശാസന.
‘‘അയ്യോ ഞാൻകണ്ടില്ലല്ലോ. ഞാൻ പാമ്പിനെ തിരഞ്ഞു ചുറ്റും നോക്കിത്തുടങ്ങും’’
‘‘വേണ്ട വരൂ കുട്ടീ ഊണ് കഴിക്കണ്ടേ? ദേ എല്ലാവരും തിരയുകയാ അവിടെ’’
ആരെങ്കിലും കൊഞ്ചിച്ച് ലാളിച്ചു കൂട്ടിക്കൊണ്ടു പോകും. പിറ്റേന്നും അതുതന്നെ സ്ഥിതി. മുതിർന്നവർ ജോലികളിൽ ഏർപ്പെടുമ്പോൾ ഞാനെന്ന കുട്ടി ഏകാന്തതയുമായി പറമ്പിൽ മെല്ലെ മെല്ലെ നടക്കും. അന്ന് മുതലേ ഇഷ്ടമായിരുന്നു ഒറ്റയ്ക്കൊരു ചുറ്റിക്കറങ്ങൽ. ഇന്നും ഇടയ്ക്കു തറവാട് സന്ദർശിക്കുമ്പോൾ പഴയതു പോലൊന്നു കാടോട്ടം നടത്താൻ മോഹിക്കാറുണ്ട്.
ഇന്നവിടെ കൂട്ടുകുടുംബമില്ല. ഒക്കെ പിരിഞ്ഞു പലവഴിപോയില്ലേ? എന്നാലും ഏറെ പ്രിയപ്പെട്ട ചിലർ തന്നെയാണ് അവിടെ ഇപ്പോഴും വസിക്കുന്നത്. കാടും പടലുമൊക്കെ അതേ പടിയുണ്ട് . പിച്ചി മുല്ല പടർപ്പുകൾ പോലും നശിച്ചു പോയിട്ടില്ല. വെറുതെ വീട്ടിനുള്ളിൽ ഒറ്റക്കിരിക്കുമ്പോൾ, ഒന്നും ഒന്നും ചെയ്യാതെ വെറുതെ വെറുതെയങ്ങനെ ഓർമകളിൽ സ്വപനങ്ങളിൽ മുഴുകി ഇന്നും ഞാൻ ഏകാന്തത ആസ്വദിച്ചിരിക്കാറുണ്ട്.
English Summary: Quarantine and Loneliness