വേനലിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഏപ്രിൽ എന്ന് ഓർമ വച്ച നാൾ മുതൽ ഞാൻ വിശ്വസിച്ചു പോന്നു. ഇന്നും അതിനു മാറ്റമില്ല. ഏപ്രിലിനെ കുറിച്ചെഴുതാത്ത എഴുത്തുകാർ ലോകത്തൊരിടത്തുമില്ലത്രേ.
‘‘ഏപ്രിൽ ഈസ് ദി ക്രൂവെലെസ്റ്റ് മന്ത്’’ എന്ന് ടി.എസ് എലിയട്ട് എന്ന മഹാനായ കവി പറഞ്ഞിട്ടുള്ളത് എടുത്തു പറയാത്ത ഒരെഴുത്തുകാരനുമില്ല. അതേസമയം ഏപ്രിൽ ഈസ് ദി മോസ്റ്റ് ബ്യൂട്ടിഫുൾ മന്ത് ബികോസ് ഇറ്റ് ഈസ് സ്പ്രിങ്’’ എന്ന് പാടിയവരുമുണ്ട്.
മലയാളത്തിലെ പലഎഴുത്തുകാരും എല്ലാ ഏപ്രിലിലും ആ മാസത്തെക്കുറിച്ചെഴുതുകയും ഓരോ വർഷവും അത് റീ പോസ്റ്റ് ചെയ്യുകയും ചെയ്യും. ഞാനും എഴുതിയിട്ടുണ്ട് പലതവണ. വർഷത്തിലെ ഏറ്റവും നല്ല മാസം ഏതാണെന്നു ചോദിച്ചാൽ യാതൊരു സംശയവുമില്ലാതെ ഞാൻ പറയും ഏപ്രിൽ! അവധിക്കാലം എന്ന ഉത്സാഹം. പൂക്കൾ വിടരുന്നു എന്ന സന്തോഷം. പിന്നെ ആഘോഷങ്ങളുടെ മാസമല്ലേ ഏപ്രിൽ. വിഷു, ഈസ്റ്റർ ...പിന്നെയോ? ഈ ദേവിയുടെ പിറന്നാളും ഈ മാസത്തിലല്ലേ?
പ്രണയത്തിന്റെ ഗ്രീക്ക് ദേവതയായ അഫ്രോഡൈറ്റിൽ നിന്നാണ് ഏപ്രിൽ മാസത്തിനു ആ പേര് ലഭിച്ചത്. അതുകൊണ്ടാവാം ഏപ്രിൽ മാസത്തിൽ ജനിച്ചവരെല്ലാം സ്നേഹസമ്പന്നരായി രിക്കും എന്ന് പറയപ്പെടുന്നത്. മനസ്സിൽ നന്മയുള്ളവർ, ബുദ്ധിയു ള്ളവർ, നല്ല വ്യക്തിത്വമുള്ളവർ ഈ ഗുണഗണങ്ങൾ ഏപ്രിലിൽ ജനിച്ചവർക്ക് ഉണ്ടെന്ന് സങ്കൽപം. ഒരു പാട് മഹാന്മാർ ഈ മാസത്തിൽ ജനിച്ചവരാണ് എന്ന് ചരിത്രം. വില്യം വേർഡ്‌സ് വർത്ത്, ലിയനാർഡോ ഡാവിഞ്ചി, വില്യം ഷേക്‌സ്പിയർ ഇവരൊക്കെ അവരിൽ ചിലരാണ്.
കുട്ടിക്കാലത്ത് ഏപ്രിൽ വരാനായി ഞാൻ കാത്തിരിക്കും. മറ്റൊന്നുമല്ല, എന്റെ പിറന്നാൾ. അന്ന് പുതിയ ഉടുപ്പില്ല, കേക്ക് വെട്ടാറില്ല. ഹാപ്പി ബർത്ത്ഡേ പാടാനായി കൂട്ടുകാർ വരാറില്ല. ഞങ്ങളുടെ വീടുകളിൽ അന്ന് അതൊന്നും പതിവുണ്ടായിരുന്നി ല്ല. പക്ഷേ അന്ന് മൂത്തവരുടെ പ്രത്യേക ശ്രദ്ധയും സ്നേഹവും കിട്ടും... ചിലപ്പോൾ തൊട്ടടുത്തുള്ള അമ്പലത്തിൽ ഞാനും അനിയത്തിയും കൂടി ഒന്ന് പോയാലായി. ഒരു ചെറിയ സദ്യ ഉണ്ടാവും വീട്ടിൽ. പരിപൂർണ വെജിറ്റേറിയൻ അത് നിർബന്ധം.
ഏപ്രിലിന്റെ ഏറ്റവും വലിയ അഴകാണ് നിറയെ മഞ്ഞപ്പൂങ്കുലകൾ നിറയുന്ന കണിക്കൊന്ന. വിഷുവിനു പായസമുണ്ടാക്കി അമ്മ അടുത്ത ഒന്നുരണ്ടു വീടുകളിൽ കൊടുത്തയക്കും. ‘‘അതെന്താ അവർക്കു വിഷുവില്ലാത്തത് ?’’ എന്റെയും അനിയത്തിയുടെയും സംശയമാണ്. ജാതിമത ചർച്ചകൾ എന്റെ വീട്ടിൽ തീരെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആഘോഷങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ തീരെ ചെറുപ്പത്തിൽ ഞങ്ങൾക്കറിയില്ലായിരുന്നു.
എങ്ങും തൊടാതെ അമ്മ പറഞ്ഞു തരും. ‘‘അവർ ഈസ്റ്ററാണ് ആഘോഷിക്കുക’’ അമ്മ പറഞ്ഞാൽ പിന്നെ ചോദ്യമില്ല. ഈസ്റ്ററിന് ആ വീടുകളിലിൽ നിന്ന് നിറയെ വിഭവങ്ങളാണെത്തുക. അതും നോൺ വെജിറ്റേറി യൻ. ഞങ്ങൾക്ക് സന്തോഷം. സ്കൂളിൽ ചെന്ന ശേഷമാണ് ജാതിമത വേർതിരിവുകൾ ഞങ്ങൾക്ക് തിരിഞ്ഞത്.
പറമ്പിൽ ചക്കയും മാങ്ങയും പഴുത്ത് മധുരവും മണവും കണിക്കൊന്നയേക്കാൾ കടുത്ത മഞ്ഞനിറവും പരത്തുന്നതും ഏപ്രിൽ മാസത്തിൽ തന്നെയല്ലേ? കുട്ടികളുടെ പഠിത്തത്തിൽ അതീവ ശ്രദ്ധ കാട്ടിയിരുന്ന എന്റെ അച്ഛനമ്മമാർ ഒന്നോ രണ്ടോ സിനിമയ്ക്ക് കൊണ്ടുപോകുന്നതും ഏപ്രിൽ അവധിക്കാണ്. അമ്മവീട്ടിലും അച്ഛൻ വീട്ടിലുമൊക്കെ ഒരു പറക്കും സന്ദർശനമേ പറ്റൂ. കാരണം എന്റെ അച്ഛനമ്മമാർ ഗവണ്മെന്റ് ഉദ്യോഗസ്ഥരായിരുന്നു. കുട്ടികൾക്കെന്നപോലെ അവർക്കു നീണ്ട അവധികളില്ലല്ലോ. വീട്ടിൽ വേറെയും ചിലരുള്ളതിനാൽ അച്ഛനമ്മമാർ ജോലിക്കു പോകുമ്പോൾ ഞങ്ങൾ കുട്ടികൾ ഒറ്റപ്പെടും എന്ന ഉത്ക്കണ്ഠയും എന്റെ ബാല്യത്തിലുണ്ടായിരുന്നില്ല.
മെയ്‌മാസത്തിലും അവധിയാണെങ്കിലും ഏപ്രിലിൽ ഞങ്ങൾക്ക് കിട്ടുന്ന രസമൊന്നും മെയ്മാസത്തിലില്ല. അതെന്താണെന്നു ചോദിച്ചാൽ അന്ന് അങ്ങനെയായിരുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ. അതൊ ക്കെ പൊയ്‌പ്പോയ വസന്തങ്ങൾ. ഇന്ന് കാലം മാറിപ്പോയില്ലേ? ഈ വർഷമാണെങ്കിൽ ഏപ്രിൽ മാസത്തെ കൊറോണ ഭീഷണിപ്പെടുത്തിയിരിക്കുന്നു. അതു കൊണ്ട് വീട്ടിനകത്തടച്ചിരിക്കുന്ന വിചിത്രമായ ഒരു ഏപ്രിൽ മാസം നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നു. ആഘോഷങ്ങളില്ലാത്ത വെറുമൊരു ഏപ്രിൽ മാസം. രോഗഭയം മനസ്സിനെ നടുക്കുന്ന ഒരു ഏപ്രിൽ മാസം. എന്നാലും എന്റെ പ്രിയപ്പെട്ട ഏപ്രിൽ നിനക്കിതെന്തു പറ്റി ?
English Summary : April Memories