വിളിച്ചാൽ വിളിപ്പുറത്ത് എന്ന് സാധാരണ നമ്മൾ പറയാറുള്ളത് ദൈവങ്ങളെക്കുറിച്ചാണ്. എന്നാൽ ചില മനുഷ്യരും നമ്മുടെ വിളിപ്പുറത്തുണ്ടാവും. വിളിച്ചാൽ വിളികേൾക്കും. നമ്മൾ ആവശ്യപ്പെടുന്നതെന്തും സാധിച്ചു തരും. എന്നാൽ നമുക്കുള്ളതല്ലാത്ത ചില വിളികൾക്കു നമ്മൾ വിളികേൾക്കുന്ന രസകരമായ ചില സന്ദർഭങ്ങൾ ഉണ്ടാവാറില്ലേ?
ലാൻഡ് ലൈൻ മാത്രമുള്ള കാലത്ത്, കാളർ ഐഡി പോലുമില്ലാത്ത കാലത്ത് ഒരു ഫോൺ വിളി വന്നാൽ നമ്മൾ റിസിവർ എടുക്കും. വിളിക്കുന്നതാരാണ് എന്ന് മറുവശത്തു നിന്ന് പറയണം. അല്ലാതെ മനസ്സിലാവില്ല . നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ ആണെങ്കിൽ ശബ്ദം കൊണ്ട് തിരിച്ചറിയാം. അല്ലാത്തവർ ഫോൺ എടുത്ത ഉടനെ പേര് പറയുക എന്നതാണ് മര്യാദ.
അക്കാലത്തൊരിക്കൽ എന്റെ ലാൻഡ് ഫോൺ മണിയടിച്ചു. ഞാൻ ഫോൺ എടുത്തു.
‘‘ങാ ഞാൻ ശശിയാണ്’’ മറുവശത്തു നിന്ന് കേട്ടു.
‘‘ ശശിയോ ഏതു ശശി ?’’ ഞാൻ അമ്പരപ്പിനിടയിൽ സൗമ്യമായി ചോദിച്ചു.
‘‘ഗീതയല്ലേ’’ മറുവശത്തു നിന്ന് വീണ്ടും.
ഗീത എന്നത് എന്റെ വിളിപ്പേരാണ് (പെറ്റ് നെയിം ) ഏറ്റവും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും അത് വിളിക്കാറില്ല. വിളിക്കുന്നത് എനിക്കിഷ്ടവുമല്ല. ദേവി, ദേവിചേച്ചി ,ദേവിയേടത്തി , ദേവിയമ്മ ഇങ്ങനെയാണ് പരിചയക്കാരും സുഹൃത്തുക്കളും വിളിക്കാറുള്ളത്.
ഒരു നിമിഷം നിന്നിട്ടു ഞാൻ പറഞ്ഞു.
‘‘അതെ...ആരാണ് എനിക്ക് മനസ്സിലായില്ല’’
‘‘ഓഹോ ശശി എന്ന് പറഞ്ഞാൽ നിനക്കിപ്പോൾ മനസ്സിലാവില്ല അല്ലേ?’’
മറുവശത്തെയാൾ കോപാകുലനായി.
ഞാൻ അമ്പരന്നു. എന്നിട്ടും ക്ഷമ കൈവിടാതെ പറഞ്ഞു.
‘‘ എന്റെ സ്വന്തത്തിലും പരിചയത്തിലും ഒരുപാട് ശശിയുണ്ട്. അതാണ് ആരെന്നു ചോദിച്ചത്’’
‘‘ ഓ അപ്പോൾ നിനക്ക് ഒരുപാടു ശശിയുണ്ട്’’ അയാൾ സമനില കൈവിടുന്നു...
‘‘ഞാൻ ഗീത എന്നുകൂടി പേരുള്ള ദേവി. നിങ്ങൾ വിളിച്ചത് എന്നെത്തന്നെയാണെങ്കിൽ കാര്യം പറയൂ’’
മറുവശത്ത് ഒരു സ്തംഭനം. ഇനി മിണ്ടാതിരുന്നാൽ ശരിയാവില്ല.
‘‘ഫോണിൽ വിളിച്ചാൽ ആദ്യം നമ്പർ ചോദിക്കണം. നിങ്ങൾ ഉദ്ദേശിച്ച ആൾ തന്നെയാണ് എന്ന് ഉറപ്പു വരുത്തണം. എന്നിട്ടു പോരെ ദേഷ്യപ്പെടുന്നതും ശകാരിക്കുന്നതുമൊക്കെ. എത്ര മര്യാദയില്ലാതെയാണ് നിങ്ങൾ സംസാരിച്ചത്’’
അപ്പുറത്തു അനക്കമില്ല.
‘‘ഏതായാലും നിങ്ങൾ ഡയൽ ചെയ്ത നമ്പർ ഒന്ന് തരൂ. നിങ്ങളുടെ ഗീതയെ ഞാനും ഒന്ന് പരിചയപ്പെ ട്ടിരിക്കട്ടെ’’
മറു വശത്തു നിശബ്ദത അയാൾ ശരിക്കും ‘‘ശശിയായി’’ എന്നെനിക്കു മനസ്സിലായി.
‘‘സോറി’’ എന്ന ശബ്ദം പതുക്കെയാണ് വന്നത്.
പിന്നെ ഞാനൊന്നും പറഞ്ഞില്ല. പതുക്കെ ഫോൺ വച്ചു. തെറ്റ് അയാളുടേതാണെങ്കിലും മറ്റൊരാളെ വിളിച്ച പ്പോൾ ഞാൻ വിളികേട്ടല്ലോ എന്ന ചമ്മൽ എനിക്കുമുണ്ടായി. ഏതോ ഒരുത്തന്റെ വഴക്ക് കേൾക്കുകയും ചെയ്തു.
അതിലും രസകരമായ ഒരു സംഭവത്തിന് ഈയിടെ ഞാൻ ദൃക്സാക്ഷിയായി. ഞാൻ ഒരു പ്രഭാത നടപ്പിനിറ ങ്ങാറുണ്ട്. സ്ഥിരം നടക്കുമ്പോൾ പല സവാരിക്കാരെയും ഓട്ടക്കാരെയും കാണാറുണ്ട്. ചിലർ മുഖപരിചയം ഭാവിച്ചു പുഞ്ചിരിക്കുകയോ, ഒന്ന് തല കുനിച്ചു വിഷ് ചെയ്യുകയോ ചെയ്യും. ചിലർ മൈൻഡ് ചെയ്യില്ല. അക്കൂട്ടത്തിൽ ഒരു സ്ത്രീ ഒരു ഭീമാകാരനായ ഒരു വളർത്തു നായയുമായാണ് വരുന്നത്. ചങ്ങലയൊന്നുമില്ല. പക്ഷേ അനുസരണയോടെ കടുകിടെ തെറ്റാതെ അവൻ അവരെ അനു ഗമിക്കും.
എനിക്ക് പണ്ടേ ‘‘സൈനോഫോബിയ’’ (നായ്പ്പേടി )ഉണ്ട്. ഭീതിയോടെ ഞാനവരെ കടന്നു പോകും. പതിവാ യി എന്റെ മുന്നിൽ ഒരു ചെറുപ്പക്കാരൻ നടക്കാറുണ്ട്. ഒരു ദിവസം ഈ മഹതി സ്കൂട്ടറിൽ വരുന്നതു കണ്ടു . കൂടെ നായ് ഇല്ല. ഞാനും ആ യുവാവും നടക്കുന്നതിനെതിർ വശത്ത് അവർ സ്കൂട്ടർ നിറുത്തി. എന്നിട്ടു ഞങ്ങളുടെ നേരെ നോക്കി പറഞ്ഞു.
‘‘ അവിടെ നിൽക്കൂ. ഞാൻ വരുന്നു’’ ഞാനും ആ പയ്യനും അമ്പരന്നു നിൽക്കേ അവർ ആവർത്തിച്ചു.
‘‘ക്രോസ്സ് ചെയ്യണ്ട അവിടെത്തന്നെ നിൽക്കൂ ഞാൻ അങ്ങോട്ട് വരാം. ഞങ്ങൾ നിന്നു. അവർ ക്രോസ്സ് ചെയ്ത് ഇപ്പുറത്തു വന്നു. ഞങ്ങളെ മൈൻഡ് ചെയ്യാതെ അൽപം മുന്നോട്ടു നടന്നു. അപ്പോഴതാ എവിടെ നിന്നോ കുറച്ചു തെരുവു നായ്ക്കൾ ഓടി വന്നു. അവയ്ക്ക് മുന്നിൽ ആ സ്ത്രീ വലിയൊരു ഭക്ഷണ പൊതി തുറന്നു വച്ചു. നായ്ക്കൾ കടി പിടികൂടി തിന്നുകയും അതിനിടെ തലയുയർത്തി നന്ദിയോടെ അന്നദാതാ വിനെ നോക്കി വാലാട്ടുകയും ചെയ്യുന്നു.അപ്പോഴാണ് ആ വിളി അവയ്ക്കുള്ളതാണ് എന്ന് ഞങ്ങൾക്ക് പിടികിട്ടിയത്. ഞാനും ആ ചെറുപ്പക്കാരനും പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് നടപ്പു തുടർന്നു.
തിരുവനന്തപുരത്തെ വഴികളിലൂടെ നടക്കുമ്പോൾ ഒരു വിളി എന്നെ തേടിയെത്താറുണ്ട്. ‘‘ബിന്ദൂ’’ ആ വിളി എനിക്കുള്ളതല്ല എന്നാലും ഞാൻ നിൽക്കും. വിളിച്ചയാൾ അടുത്തെത്തുമ്പോൾ ഞാൻ പതുക്കെ പറയും. ‘‘ഞാൻ ബിന്ദുവല്ല ,ബിന്ദുവിന്റെ ചേച്ചിയാണ്’’. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനും അനിയത്തിയും തമ്മിൽ അത്രയ്ക്കുണ്ട് രൂപസാദൃശ്യം. എനിക്കുള്ള വിളികൾ ചിലപ്പോൾ ബിന്ദുവിനെയും പിടികൂടാറുണ്ട്. ‘‘ഹായ് ഇതാരാ ! എന്നു വന്നു. കൊച്ചിയിൽ തന്നെയല്ലേ. ‘‘അവളും ആ വിളി സ്വീകരിക്കും. എന്നിട്ടു പറയും ‘‘ചേച്ചിയല്ല ഞാൻ ബിന്ദുവാണ്’’
നമുക്കുള്ളതല്ലാത്ത വിളികൾക്കു അറിഞ്ഞോ അറിയാതെയോ പ്രതികരിക്കേണ്ടി വരുന്ന എത്രയോ സന്ദർഭ ങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവാറുണ്ട് . എന്നാൽ നമ്മൾ വിളിക്കുന്നതറിഞ്ഞാലും പ്രതികരിക്കാതിരിക്കു ന്ന ഒരാൾ നമ്മുടെ ജീവിതത്തിലുണ്ട്. ‘‘ഈശ്വരാ ഈശ്വരാ’’ എന്ന് ഹൃദയം പൊട്ടി വിളിക്കുമ്പോൾ അവനെയാണെന്നു മനസ്സിലായാലും അവൻ പലപ്പോഴും പ്രത്യുത്തരം നൽകാറില്ലല്ലോ.
English Summary : When You Deal With A Wrong Call