പുസ്തകങ്ങളുടെ ദിനമല്ലേ വന്നു പോയത് ? വായനയുടെ കൗതുങ്ങളിലേക്കു ഞാൻ കടന്നു വന്നതിനെക്കു റിച്ച് ഈ ദിവസത്തിൽ ഓർക്കാതിരിക്കാനായില്ല. വിദ്യാഭ്യാസത്തിന്റേതായ ഒരന്തരീക്ഷത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. എന്റെ അമ്മവീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും പോലും വിദ്യാസമ്പന്നർ,അധ്യാപകർ . ഏകദേശം നൂറു കൊല്ലം മുൻപത്തെ കാര്യമാണ് ഞാൻ പറയുന്നത്. അന്ന് നമ്മുടെ നാട്ടിൽ അക്ഷരാഭ്യാസമൊക്കെ ശീലമായി വരുന്നതേയുള്ളൂ.
എന്റെ അച്ഛനിലും അമ്മയിലുമെത്തിയപ്പോഴോ? അച്ഛൻ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കിൽ പാസ്സായി സർക്കാർ ജോലി നേടിയ ആൾ. അമ്മയാണെങ്കിൽ അന്നത്തെക്കാലത്ത് നിയമബിരുദം നേടി സെക്രട്ടറിയറ്റ് ലോ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥ. മക്കളെ പഠിപ്പിക്കണം ഡോക്ടറോ എൻജിനീയറോ ആക്കണം. കുറഞ്ഞ പക്ഷം സർക്കാർ ജീവനക്കാരെങ്കിലുമാക്കണം എന്ന വല്ലാത്തൊരാവേശം തിരുവനന്തപുരം നഗരത്തിലെ ജനങ്ങളെ ബാധിച്ചിരുന്ന ഒരു കാലത്താണ് പാവം എന്റെ ജനനം.
മലയാളം മീഡിയത്തിൽ തന്നെ പഠിക്കണം എന്നതും അച്ഛനുമമ്മയ്ക്കും നിർബന്ധം. അച്ഛൻ ഒരു വലിയ വായനക്കാരനായിരുന്നു. വായന ജീവശ്വാസം പോലെ കൊണ്ട് നടന്ന ഒരാൾ. എന്നെ പുസ്തകങ്ങളിലേക്കും വായനയിലേക്കും കൈപിടിച്ച് നടത്തിയത് അച്ഛനാണ്. ബാല്യത്തിൽ തന്നെ അച്ഛൻ എനിക്ക് പറ്റിയ പുസ്തകങ്ങൾ വാങ്ങിക്കൊണ്ടു വരാൻ തുടങ്ങി. വായനയിൽ മകൾക്കു താത്പര്യമുണ്ട് എന്നറിഞ്ഞതോടെ അച്ഛൻ സന്തുഷ്ടനായി.
മലയാളം മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് പുസ്തകങ്ങളും വായിപ്പിച്ചിരുന്നു. ഞാൻ ചെറുതായെന്തെ ങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ തുടങ്ങിയതോടെ അച്ഛന് വലിയ സന്തോഷമായി. അന്ന് എന്റെ അച്ഛൻ ശ്രീ.കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിൽ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. പിന്നീടെപ്പോഴോ ആ എഴുത്തു നിന്നു പോയി ,വായന മാത്രമായി.
ഭയങ്കര വായന എന്നാണ് അമ്മ അതിനെ വിശേഷിപ്പിച്ചിരുന്നത്. അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ വാരിക കൗമുദി ആഴ്ചപ്പതിപ്പായിരുന്നു. പ്രായത്തിനുമപ്പുറമുള്ള ഒരു രഹസ്യ വായനയിലേക്ക് ഞാൻ അതിനകം കടന്നു കയറുകയും ചെയ്തു. എന്റെ ചില സ്കൂൾ അവധി ദിനങ്ങളിൽ അച്ഛനും അമ്മയും ഓഫീസിലായിരിക്കുന്ന മധ്യാഹ്നങ്ങളിൽ ഞാൻ പുസ്തക അലമാരയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന കൗമുദി ഓണം വിശേഷാൽ പ്രതികൾ കണ്ടെടുത്തു. ഞാനന്ന് അവ വായിക്കാനുള്ള പ്രായമൊന്നുമെത്തിയിരുന്നില്ല. തകഴിയുടെയും കേശവദേവിന്റെയുമൊക്കെ കഥകൾ വായിച്ചു കണ്ണ് മിഴിച്ചിരുന്നത് ഇന്നു മോർത്ത് ചിരിക്കാറുണ്ട്. ഏതായാലും വായനകൂടി ഞാനൽപം വഷളായി എന്ന് പറയാതെ വയ്യ. എന്നു വച്ച് പ്രേമത്തിലൊന്നും കുടുങ്ങിയില്ല.
എനിക്ക് 12 വയസ്സുള്ളപ്പോഴാണ് തിരുവനന്തപുരത്ത് എന്റെ വീടിനു തൊട്ടടുത്ത് ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി സ്ഥാപിതമായത് .(പിൽക്കാലത്ത് ബ്രിട്ടീഷ് ലൈബ്രറി എന്ന് പേരുമാറ്റി .വർഷങ്ങളായുള്ള ആജീവനാന്ത മെമ്പർമാരെ നിരാശപ്പെടുത്തിക്കൊണ്ട് പിന്നീടത് പൂട്ടിപ്പോവുകയും ചെയ്തു .)അച്ഛൻ സ്ഥിരം മെമ്പർ ആയതോടെ ഞാൻ അച്ഛനോടൊപ്പം മിക്കവാറും ലൈബ്രറിയിൽ പോകുമായിരുന്നു. ഇംഗ്ലീഷ് ക്ലാസിക്കുകൾ പരിചയപ്പെട്ടത് അവിടെ നിന്നാണ്.
കുറച്ചു മുതിർന്നപ്പോൾ കുങ്കുമം ,മലയാളനാട് ജനയുഗം ഒക്കെ അച്ഛനെക്കൊണ്ട് വരുത്തിച്ച ഞാൻ വായന തുടർന്നു. കുങ്കുമം വരികയിലാണ് ‘‘ഒരു ദേശത്തിന്റെ കഥ’’ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട നോവൽ ഏതെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ ഞാൻ പറയും എസ് .കെ പൊറ്റക്കാടിന്റെ ആ വിഖ്യാതമായ നോവൽ തന്നെ എന്ന്. മാതൃഭൂമിയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അതിനോട് അത്ര കമ്പം തോന്നിയിരുന്നില്ല. എങ്കിലും അന്ന് മാതൃഭൂമിയിൽ വന്നിരുന്ന ബംഗാളി നോവൽ വിവർത്തനങ്ങൾ അന്നും ഇന്നും ഏറ്റവും മനോഹരമായ വായനാനുഭവം തന്നെയായി. നൃത്തം,സംഗീതം ,വായന ഇതെല്ലാമായപ്പോൾ പഠിത്തം ലേശം ഉഴപ്പി എന്ന് പറയേണ്ടല്ലോ. ഡോക്ടറും എൻജിനീയറും ഒന്നുമായില്ല. ഡിഗ്രിയും പിജിയുമൊക്കെ കൊണ്ട് തൃപ്തിപ്പെട്ടു. പിൽക്കാലത്ത് ഒരു സർക്കാർ ജോലി നേടുകയും ചെയ്തു.
ചെറിയ ക്ലാസ് മുതൽക്കു കോളേജ് മാഗസിനുകളിൽ കഥകളെഴുതി തുടങ്ങിയ ഞാൻ മേൽപ്പറഞ്ഞ വാരികകളിൽ കഥകളുമായി കടന്നു ചെന്നു. പുസ്തകത്താളുകളിൽ അച്ചടിമഷി പുരണ്ടു കിടക്കുന്ന എന്നെത്തന്നെ കണ്ട് കോരിത്തരിച്ച നാളുകൾ !നല്ല എഴുത്തുകാരിയാകും ഞാനെന്ന് എന്റെ അച്ഛൻ സ്വപ്നം കണ്ടു.
എന്തിനു പറയണം മറ്റെല്ലാമെന്നപോലെ വായനയും എഴുത്തുമൊക്കെ നിന്നു പോയി. 19 വയസ്സുമുതൽ 20 വർഷക്കാലം. പിന്നെ ദുരിതങ്ങളിൽ നിന്ന് പുനർ ജന്മം നേടിയപ്പോൾ വീണ്ടും എഴുതിത്തുടങ്ങി വായിച്ചു തുടങ്ങി. എല്ലാ പ്രാരാബ്ധങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിലും ഇന്നും വായന തുടരുന്നു. പറ്റുന്നിടത്തോളം പൈങ്കിളി മുതൽ അത്യന്താധുനികം വരെ. അത് തുടരണം ജീവിതാവസാനം വരെ.
English Summary : My Reading Memories