മധ്യവേനലവധിക്കാലം പണ്ടുകാലത്ത് മാമ്പഴക്കാലം കൂടിയായിരുന്നു (ഇപ്പോഴും അങ്ങനെതന്നെയല്ലേ). ഒരുപാട് മാവുകളുണ്ടായിരുന്നു എന്റെ വീട്ടിൽ. മാമ്പഴമധുരം കഴിയുമ്പോൾ എന്റെ വീട്ടിൽ ഒരുനാൾ മറ്റൊരു മധുരം തരപ്പെടും. ‘‘അണ്ടിക്കഞ്ഞി’’ എന്നാണതിന്റെ പേര്. ഇത് ഞങ്ങളുടെ പ്രദേശത്തുള്ള എല്ലാ വീടുകളിലും ഉണ്ടാക്കുമായിരുന്നു എന്നാണ് എന്റെ ഓർമ.
അമ്മൂമ്മയുടെ ആശ്രിതരായി അന്ന് വീട്ടിൽ പണിക്കാർ പലരുണ്ട്. ഒരു ഗൗരിയമ്മയും അവരുടെ മക്കളായ ആനന്ദവല്ലിയും സുലോചനയും.
അവർ കൈക്കുഞ്ഞുങ്ങളായിരിക്കെ അവരെയും കൊണ്ട് വന്നു കയറിയതാണ് വിധവയും അനാഥയുമായ ഗൗരിയമ്മ. പിന്നെ അവർ പോയില്ല. എത്രയോ വർഷങ്ങൾ ഗൗരിയമ്മയായിരുന്നു അവിടെ അടുക്കള ഭരണം. ഒരുപാടാളുകളുള്ള കുടുംബത്തിൽ അടുപ്പു കെടുത്താനാവാത്തവിധം ഭക്ഷണം പാകം ചെയ്യേണ്ടതുണ്ടായിരുന്നു. അതെല്ലാം ഈ മൂന്നു പേരും കൂടിയാണ് ചെയ്തു പോന്നത്. വേറെയും പുറം പണിക്കാർ ഉണ്ട്. ആണും പെണ്ണും. ഇവരുടെയൊക്കെ ഒരാവേശമാണ് അണ്ടിക്കഞ്ഞി വയ്ക്കുക എന്നത്.
എന്താണീ അണ്ടിക്കഞ്ഞി? പഴുത്തമാങ്ങകളുടെ അണ്ടികളെല്ലാം കഴുകി ഉണക്കി വയ്ക്കും പിന്നെയൊരുനാൾ അതൊക്കെ വെട്ടിക്കീറി ഉള്ളിലെ പരിപ്പെടുക്കും. (ഈ പണി ചെയ്യുന്നവരുടെ പരിപ്പിളകും. സംശയമില്ല). നല്ല കറയുണ്ട് ഈ പരിപ്പിന്. കറ പോകാനായി എല്ലാം കൂടി വെള്ളത്തിലിട്ടു വയ്ക്കും. കറയിളകി വെള്ളം നല്ല വയലറ്റ് നിറമാകും. ആ വെള്ളം മാറ്റി പുതിയ വെള്ളമൊഴിക്കും. ഈ പരിപാടി നാലഞ്ചു ദിവസം തുടരും, ഒടുവിൽ വെള്ളം നന്നായി തെളിയുന്നതു വരെ. പിന്നെ ആ അണ്ടിപ്പരിപ്പുകളെല്ലാമെടുത്ത് നന്നായി അരച്ചെടുക്കും. അന്ന് മിക്സിയും ഗ്രൈൻഡറുമൊന്നുമില്ലല്ലോ. പെണ്ണുങ്ങൾ തന്നെ അമ്മിക്കല്ലിൽ അരച്ചെടുക്കും (അപ്പോഴും അവരുടെ പരിപ്പിളകും). പിന്നെ ആ മാവ് ശർക്കരയോ ചക്കരയോ ഉരുക്കി പാനിയാക്കിയത് ചേർത്ത് അടുപ്പിൽ വച്ച് നന്നായി ഇളക്കും. വെന്തു കുറുകുമ്പോൾ ഇഷ്ടംപോലെ തേങ്ങാപ്പാൽ ചേർത്ത് നല്ല പായസമാക്കും. നെയ്യിനും ക്ഷാമമില്ല കുറേയങ്ങ് എടുത്തൊഴിക്കും.
നേരിയ ചവർപ്പുണ്ടെങ്കിലും രുചികരമെന്നാണ് ഈ കഞ്ഞി പുകൾപെറ്റിരുന്നത്. വർഷത്തിൽ ഒരിക്കലല്ലേ കിട്ടൂ ഈ അപൂർവ വിഭവം. കോപ്പകളിൽ പകർന്നു തരും. ഇഷ്ടം പോലെ എല്ലാവരും കുടിക്കും. വലിയ ഉരുളിയിലല്ലേ തയാറാക്കി വച്ചിരിക്കുന്നത്!
പായസം ആസ്വദിക്കുന്നതിനിടയിൽ എന്റെ അമ്മൂമ്മയുടെ ഒരു കമന്റ് ഉണ്ട്.
‘‘അഴിവതെല്ലാമഴിച്ച് അണ്ടിക്കഞ്ഞി വച്ചു.’’ എന്ന്. എന്താണതിന്റെ അർഥം എന്ന് ചോദിച്ചാൽ ഇത്രയധികം പാടുപെട്ട് ഉണ്ടാക്കിയത് വെറുമൊരു അണ്ടിക്കഞ്ഞി എന്നാണ്. (ഇത്രയും നല്ല ഒരു പായസത്തിനു കഞ്ഞി എന്നോ പേര്?)
പറമ്പിൽ വലിച്ചെറിയേണ്ട ഒരു കുരുവിൽ നിന്നും ഉണ്ടാക്കുന്നതല്ലേ? വിലപിടിച്ച കേമമായ ഒരു വിഭവമൊന്നുമല്ലല്ലോ. ഭക്ഷ്യയോഗ്യമായ എന്തും ആഹരിക്കാം. ഒന്നും പാഴാക്കിക്കളയരുത് എന്ന വിചാരമാവാം ഇതിനു പിന്നിൽ. പാഴായേക്കാവുന്ന വസ്തുക്കളിൽ നിന്ന് പലതും നമ്മൾ ഉണ്ടാക്കാറുണ്ടല്ലോ.
അങ്ങനെ ഒരവധിക്കാലത്ത് അടുക്കളയിലെ പെണ്ണുങ്ങളും വീട്ടിലെ ചെറിയമ്മമാരും ഒക്കെ ചേർന്ന് വട്ടം കൂടിയിരുന്ന് നാട്ടുവർത്തമാനങ്ങളും പറഞ്ഞു മാങ്ങയണ്ടി കീറുന്നിടത്തേക്ക് ഈ കുട്ടി ദേവി പ്രത്യക്ഷപ്പെട്ടു. കുസൃതിക്ക് ഒരു ദേശീയ അവാർഡ് വാങ്ങാൻ യോഗ്യത നേടി ഞാനും എന്റെ ഇളയവരായ വാനരസംഘവും കഴിയുന്ന കാലം. നാശനഷ്ടങ്ങളൊന്നുമുണ്ടാക്കാത്ത കുരുത്തക്കേടുകളായതിനാൽ ആരും ഞങ്ങളെ വിലക്കിയിരുന്നില്ല.
‘‘ങാ. .. മാങ്ങാണ്ടി കീറുകയാ?’’ എനിക്ക് കൗതുകമായി. ഞാൻ ഒരു കത്തിയെടുത്ത് ഒരു വലിയ മാങ്ങാണ്ടിയെടുത്തു വച്ച് ഒറ്റവെട്ട് ! ‘കുസൃതിക്കാരീ നിന്നെ ഞാൻ കാണിച്ചു തരാം’ എന്ന മട്ടിൽ അണ്ടിയങ്ങു തെന്നിമാറി. വെട്ട് എന്റെ ഇടതു കയ്യുടെ ചൂണ്ടുവിരലിൽ കൊണ്ടു. നഖത്തിന് തൊട്ടു താഴെ ഒരു വശത്തേയ്ക്കങ്ങു കീറി. ചോര ചാടി. നിലവിളി പറയാനുണ്ടോ? കുട്ടിക്കൂട്ടമാകെ അലറി വിളിച്ചു. ഒരു ചെറിയമ്മ ചാടിയെഴുന്നേറ്റ് എന്റെ വിരലിൽ അമർത്തിപ്പിടിച്ചു. ആരോ അലക്കിയ വെള്ളത്തുണിയുമായി ഓടിയെത്തി എന്റെ കൈവിരലിൽ ചുറ്റിക്കെട്ടി.
മുറിവുണങ്ങിയിട്ടും നീളത്തിലൊരു നേരിയ പാട് വിരലിൽ അവശഷിച്ചു. വിരൽത്തുമ്പ് പിന്നോട്ടല്പം വളയുകയും ചെയ്തു. വിരൽ മുറിഞ്ഞു പോകാഞ്ഞത് ഭാഗ്യം. ഇന്നും അതങ്ങനെ തന്നെയുണ്ട്.
ഇന്നിതൊക്കെ ഓർക്കാനെന്തേ കാരണം എന്നല്ലേ?
പാചകം എനിക്കൊരു മെഡിറ്റേഷൻ ആണ് എന്ന് ഞാൻ പറയാറുണ്ട്. പച്ചക്കറികൾ മുറിക്കുമ്പോൾ കൈ മുറിയാറില്ല. തീയുടെ ചൂടിൽ പെരുമാറുമ്പോൾ പൊള്ളൽ ഏൽക്കാറില്ല. അടുപ്പത്തെ ആഹാര സാധനങ്ങൾ കരിയുകയോ പുകയുകയോ ചെയ്യാറില്ല. അത്രയ്ക്ക് ഏകാഗ്രതയാണ്. (പൊങ്ങച്ചമല്ല).
ഇന്ന് രാവിലെ മുരിങ്ങയ്ക്ക മുറിക്കുമ്പോൾ കത്തി തെന്നി വിരലിൽ കൊണ്ട് രക്തം ചീറ്റി. അതും ഇടതു കയ്യിലെ ചൂണ്ടു വിരലിൽ പണ്ടുണ്ടായ മുറിപ്പാടിൽ തന്നെ. വല്ലാതെ വേദനിച്ചു. ഏകാന്തത തട്ടി തെറിപ്പിച്ചതാര്? എന്തുണ്ടായി എന്ന് ചിന്തിച്ചു നിന്നു. അടുത്ത നിമിഷം എന്റെ മനസ്സ് ആ പഴയ ബാല്യകാലത്തിലേക്കു തിരിഞ്ഞോടി. മാങ്ങയണ്ടി മുറിച്ചതും കൈ മുറിഞ്ഞതും അണ്ടിക്കഞ്ഞിയും മുന്നിൽ തെളിഞ്ഞു. ഓർമകൾക്ക് എന്തു മധുരം !
അഴിവതെല്ലാമഴിച്ച് അണ്ടിക്കഞ്ഞി വയ്ക്കാൻ ഇന്നാരും മിനക്കെടാറില്ല. അടുത്ത തലമുറയ്ക്ക് ഇതേപ്പറ്റി അറിഞ്ഞുപോലും കൂടാ. .‘‘ഇതാ ഇതാണ് അണ്ടിക്കഞ്ഞി’’ എന്നുപറഞ്ഞൊന്നുണ്ടാക്കിക്കൊടുക്കാൻ നേരമെവിടെ? മാത്രമോ അന്നത്തെപ്പോലെ വിളഞ്ഞു പഴുത്ത മാങ്ങയുടെ അണ്ടികൾ എവിടെക്കിട്ടാൻ ! എന്നാലും ഒന്ന് ശ്രമിക്കണം. ഒരു നാട്ടു വിഭവം അങ്ങനെ വിസ്മൃതിയിലാണ്ടു പോകാൻ പാടില്ലല്ലോ.
English Summary: Kadhaillayimakal Column by Devi. J.S.