ഓണം വന്നേ ഓണം വന്നേ

Onam
SHARE

ഓണക്കാലത്ത് എല്ലാവരും എഴുതുന്നത് ഓണത്തെക്കുറിച്ചാണ്. ഓരോരുത്തർക്കുമുണ്ടാകും ഓണത്തെക്കുറിച്ച് ഓർമ വച്ച നാളു മുതൽ ഉള്ള ഓർമകൾ. ബാല്യകാലസ്മരണകളിൽ എനിക്കുമുണ്ട് ഏറെ മിഴിവുറ്റ ഓണക്കാലസ്മരണകൾ. അതൊക്കെ വീണ്ടും വീണ്ടും എഴുതുന്നതെന്തിന് ?

ജീവിതം തകർന്നു തരിപ്പണമായി എന്ന അവസ്ഥയിൽ, ചിതറി വീണ ചില്ലുകൾ അടുക്കിപ്പെറുക്കി വീണ്ടും ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിനിടയിൽ എന്റെ ആഘോഷ സങ്കൽപങ്ങൾക്ക് മാറ്റം  വന്നു. എന്ത് ഓണം, എന്തു വിഷു, എന്തു ദീപാവലി, എന്തു പൂജയെടുപ്പ്, എന്തു കാർത്തിക? ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും മക്കൾ കൂടെയുണ്ടല്ലോ. അവർക്ക് ഇതെല്ലാം വേണമല്ലോ. അങ്ങനെ അവർക്കു വേണ്ടി ഞാൻ ഓരോ ഉത്സവങ്ങളും ഒരുക്കി. 

ഞാനും മക്കളും മാത്രമുള്ള ആ ലോകത്തിൽ എന്നും സുഖവും സംതൃപ്തിയും കളിയാടിയിരുന്നു. മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. അമ്മയെ നന്നായി മനസ്സിലാക്കുന്ന മക്കൾ. അന്ന് എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. സ്കൂൾ അവധിയായാൽ ഞാൻ കൂടി ലീവെടുത്ത് ഞങ്ങൾ അവരുടെ അടുത്തേക്കു പോകും. ആർഭാടങ്ങളും ബഹളങ്ങളും ഇല്ലാതെ വളരെ ലളിതമായി എല്ലാ ഉത്സവങ്ങളും കൊണ്ടാടുക എന്നതായിരുന്നു എന്റെ വീട്ടിലെ രീതി. 

ഞങ്ങളുടെ വീട്ടിൽ മക്കളും ഞാനും മാത്രമാവുമ്പോൾ ഓണം മാത്രമല്ല ക്രിസ്മസും ഈസ്റ്ററും ബക്രീദും റംസാനുമൊക്കെ ഞങ്ങൾക്ക് വിശേഷദിവസങ്ങൾ തന്നെ. ഓരോന്നിനും ഓരോ രീതിയിലുള്ള ഭക്ഷണരീതികൾ ഉണ്ടല്ലോ. അതെല്ലാം ഞങ്ങൾ അനുകരിച്ചിരുന്നു. അത് മാത്രമല്ല സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ഡേയും കേരളപ്പിറവിയും ഞങ്ങൾ വിശിഷ്ട വിഭവങ്ങളൊരുക്കി ഉത്സവമാക്കി മാറ്റി. ദുരന്തങ്ങൾ ഞങ്ങളെ അലട്ടിയപ്പോഴും ഈ രീതിക്കു ഞങ്ങൾ മാറ്റം വരുത്തിയില്ല. 

അന്ന് മക്കൾക്കു ഞാനും എനിക്ക് അവരും പകർന്ന ധൈര്യവും ശുഭാപ്തിവിശ്വാസവും പോസിറ്റീവ് എനർജിയും അതിരറ്റതായിരുന്നു. ആ മാനസികാവസ്ഥ ഞങ്ങൾ ഇന്നും തുടരുന്നു.

ലോകത്തെയാകെ അടിച്ചു തകർത്ത് താണ്ഡവമാടിക്കൊണ്ടിരിക്കുന്ന ഒരു മാരക വൈറസിന്റെ പശ്ചാത്തലത്തിൽ ഈ കൊല്ലത്തെ ഓണത്തെക്കുറിച്ച് എന്തെഴുതാൻ. ഓണക്കോടിയല്ല, ജാഗ്രതയാണ് ഇപ്പോൾ ആവശ്യം. വീട്ടുകാരും സുഹൃത്തുക്കളും ഒത്തുകൂടുകയല്ല, കഴിയുന്നത്ര അകന്നു നിൽക്കുകയാണ് ഇന്നു വേണ്ടത്. 

നമ്മുടെ ആരോഗ്യവും ആയുസ്സും കാത്തു സൂക്ഷിക്കുക എന്നതാവണം ഇത്തവണത്തെ ഓണപ്രതിജ്ഞ. ഓണക്കോടിയും ഓണസമ്മാനങ്ങളും ഒക്കെ നമുക്ക് പിന്നത്തേക്കു മാറ്റി വയ്ക്കാം. ഉത്സവങ്ങളും ആഘോഷങ്ങളും വിശേഷദിവസങ്ങളും ഇനിയും വരും. പക്ഷേ അന്ന് നമ്മൾ ഉണ്ടാവും എന്നുറപ്പിക്കണമല്ലോ. അതിനായി ഇപ്പോൾ ശ്രദ്ധിക്കുക തന്നെ വേണം. 

ഈ വർഷം ഞാൻ എന്റെ വീട്ടിൽ വിഷു ആഘോഷിച്ചില്ല. കണി പോലും വച്ചില്ല. രോഗഗ്രസ്തരായി കഷ്ടപ്പെടുന്നവരുടെയും മരിച്ചവരുടെയും ദുഃഖം പങ്കിടുകയായിരുന്നു. ഓണവും അതുപോലെ തന്നെ കഴിച്ചു കൂട്ടും. ഓണക്കോടിയും ഓണസദ്യയും ഒന്നുമില്ല. സാധാരണപോലെ ഭക്ഷണം കഴിക്കാതിരിക്കാൻ ആവില്ലല്ലോ. ദുഃഖിതരോടൊപ്പം മനസ്സു കൊണ്ട് ചേർന്നു നിൽക്കാൻ അതല്ലേ നമുക്കു കഴിയൂ. 

ആഘോഷങ്ങൾ ഉപേക്ഷിക്കണമെന്നല്ല. നമുക്കു കഴിയും പോലെ ഉള്ളതുകൊണ്ട് ഓണമാവാം. 

ഇത്തവണത്തെ ഓണാശംസകളും വ്യത്യസ്തമാണ്. സുഖമായിരിക്കൂ. സന്തോഷമായി ഇരിക്കൂ. ആവശ്യമില്ലാതെ വീട്ടിനു പുറത്തു പോകരുതേ. ആരോഗ്യവും ആയുസ്സും തന്ന് ദൈവം രക്ഷിക്കട്ടെ. 

ഒരു കൂട്ടുകാരി വിളിച്ചു പറഞ്ഞു. ‘ഇത്തവണത്തെ ഓണം ബംബർ എത്രയാണെന്നറിയ്യോ? ഒരു ടിക്കറ്റ് എടുത്താലോ’.

‘ഉവ്വെന്നെ, നമുക്കൊരു ലോട്ടറി അടിക്കണം. എന്തെന്നോ? കുറേ നാൾ കൂടി ജീവിക്കണം എന്ന ബംബർ’ ഞാൻ ചിരിച്ചു. 

ഇതിനിടയിൽ ഒരു കുസൃതി ചോദ്യം കൂടി ‘‘ഇക്കുറി മാവേലി വരുമോ ?’’

‘വരും വരാതിരിക്കില്ല’എന്നങ്ങ് ഉറപ്പിക്കാം അല്ലേ?

ഇത് ഒരു യുദ്ധമാണ്. ജയിക്കാനുള്ള യുദ്ധം. അതീവ ജാഗ്രത എന്ന തന്ത്രം കൊണ്ട് നമ്മൾ ഈ യുദ്ധം ജയിക്കണം. ജയിക്കും. 

അടുത്ത ഓണത്തിന് നമ്മൾ എല്ലാവരും ഉണ്ടാവട്ടെ. ആഘോഷിക്കാൻ ഇടയാവട്ടെ. പരസ്പരം കാണാനും സ്നേഹവും സന്തോഷവും സമ്മാനങ്ങളും പങ്കിടാനുമായി ഇനി ഒരു ഓണത്തിനായി നമുക്ക് കാത്തിരിക്കാം. 

English Summary : Onam Memories And Hope

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.