മഴ തോരുന്നതേയില്ല. മഴയെപ്പറ്റി വീണ്ടും എഴുതണോ എന്നാലോചിച്ചു കൊണ്ടിരിക്കെ ഒരു കൂട്ടുകാരി വിളിച്ചു. മഴ പെയ്ത് മുറ്റമാകെ പായൽ പിടിച്ചു പച്ച നിറമായിരിക്കുന്നു. പതുക്കെ സൂക്ഷിച്ചാണ് മുറ്റത്തേക്കിറങ്ങിയത്. ശൂ എന്നങ്ങു തെന്നി പടപടെന്നങ്ങു വീണു. ഒച്ചകേട്ടു വീട്ടിലുള്ളവർ എല്ലാം ഓടിയെത്തി.
പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ കാല് നിലത്തു കുത്താനാവുന്നില്ല. പിന്നെ എന്ത് പറയാൻ. കാലിനു സാരമായെന്തോ പറ്റി എന്നുറപ്പായി. ആശുപത്രിയിൽ എങ്ങനെ പോകും കൊറോണക്കാലമല്ലേ? എന്നാലും പോയി. ഭർത്താവും മകനും ചേർന്ന് പൊക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി. എക്സ്റെയിൽ കണ്ടു എല്ലിന് പൊട്ടലുണ്ട്. പ്ലാസ്റ്റർ ഇട്ടു. ഇപ്പോഴിതാ വീട്ടിൽ വന്ന് കട്ടിലിൽ കാല് നീട്ടി വച്ച് കിടക്കുന്നു. അപ്പോൾ അവളും ഞാനും ചിരിച്ചു.
പിന്നെ ഓരോ ദിവസവും കിട്ടിയ വാർത്തകൾ ഒക്കെ സമാനമായിരുന്നു. അനൂപ് ഒന്ന് വഴുക്കി വീണു. കാലുളുക്കി. തീരെ നടക്കാൻ വയ്യ. അത്യാവശ്യങ്ങൾക്കു ഒറ്റക്കാലിൽ കൊന്നിക്കൊന്നി നടക്കുന്നു. ഒടിവില്ല. അത് കൊണ്ട് പ്ലാസ്റ്റർ വേണ്ട. (ഭാഗ്യം) ഓയിന്റ്മെന്റുകൾ പുരട്ടലും വിശ്രമവുമാണ് ഡോക്ടർ നിദ്ദേശിച്ചത്.
സുരേഷ് ബൈക്കിൽ നിന്ന് വീണു. ഭയങ്കര മഴയല്ലേ. നനഞ്ഞൊലിച്ചു വരുമ്പോൾ വണ്ടിയൊന്നു ചരിഞ്ഞു. ചുമൽ വശത്തുള്ള മതിലിൽ ഇടിച്ചു ചതഞ്ഞു. ലീവ് എടുത്ത് കിടപ്പാണ്. വേദനയുണ്ട്. എണ്ണയും കുഴമ്പും ചൂടു പിടിക്കലുമായി വീട്ടിൽ തന്നെ.(ഭർത്താവു വീട്ടിൽ ഇരിക്കുന്നത് ഭാര്യക്കിഷ്ടം തന്നെ. തിരക്കുള്ളയാളെ അങ്ങനെ കിട്ടാറില്ലല്ലോ. പക്ഷേ എണ്ണയിട്ടു തടവലും തിളച്ചവെള്ളത്തിൽ തുണി മുക്കി ആവി പിടിച്ചു കൊടുക്കലും അത്ര ഇഷ്ടമുള്ള കാര്യമാണോ? അവൾ മുഖം കറുപ്പിച്ചോ? പിറു പിറുത്തോ? ഞാൻ ചോദിച്ചില്ല. ഓഫീസിൽ പോകണ്ടല്ലോ, ഞാനവനെ കളിയാക്കി.
ഇങ്ങനെ മഴക്കാല വീഴ്ച്ചക്കഥകൾ കുറെ കേട്ടു. എല്ലാവരെയും തെന്നി വീഴിച്ചിട്ടു രണ്ടു നാൾ കഴിഞ്ഞപ്പോൾ മഴ അതിന്റെ പാട്ടിനു പോയി.
ഫ്ലാറ്റ് ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് ടെറസ്. അവിടെ അയകൾ കെട്ടിയാണ് എല്ലാവരും തുണി ഉണക്കുന്നത്. മേൽക്കൂര ഇട്ടിട്ടില്ലാത്തതിനാൽ പായലിന്റെ കളിയാണ്. കേറിയാൽ വീഴും എന്നുറപ്പ്. താഴെ കാർ പാർക്കിലും വെള്ളം കെട്ടി നിന്ന് പായൽ പിടിക്കും. വിദഗ്ധമായി നടന്നില്ലെങ്കിൽ വീണു കാലും കയ്യും ഒടിയുക മാത്രമല്ല ദേഹം മുഴുവൻ ഉരഞ്ഞു മുറിഞ്ഞ് നാശമാകും. തലപൊട്ടുകയും ചെയ്യും. മഴ ഒന്ന് മാറിയാൽ പിന്നെ കുമ്മായമോ ബ്ലീച്ചിങ് പൗഡറോ ഒക്കെയിട്ട് തേച്ചു കഴുകുക എന്നത് ഫ്ലാറ്റ് ക്ലീൻ ചെയ്യുന്ന ശെൽവിയുടെ പണി. അവരുടെ ഉച്ചത്തിലുള്ള തമിഴ് ശകാരം കേട്ട് മഴപോലും പേടിച്ചോടും. ‘‘പറവാലേ ശെൽവീ, എത്തിന മഴക്കാലം വന്താച്ച് പോയാച്ച്’’ എന്ന് ഞാൻ ആശ്വസിപ്പിച്ചപ്പോൾ ‘‘ആമാ മ്മാ’’ എന്ന് ശെൽവി ശാന്തയായി.
വീഴാൻ മഴയൊന്നും വേണ്ട. അതിനു തെളിവ് ഞാൻ തന്നെ. കുട്ടിക്കാലം മുതലേ വീഴ്ച്ച എന്റെ സ്ഥിരം പരിപാടിയാണ്. വീണിട്ടുള്ളതിനും മുറിവും ചതവും പറ്റി കരഞ്ഞു കൂവിയിട്ടുള്ളതിനും കണക്കില്ല. ഡിഗ്രി പഠിക്കുമ്പോൾ വീടിന്റെ പിന്നിലെ ഇളം തിണ്ണയിൽ നിന്ന് മെല്ലെ ഇറങ്ങുമ്പോൾ ദാ കിടക്കുന്നു കാലുമടങ്ങി നിലത്ത്. എഴുന്നേൽക്കാനും കാല് നിലത്തു കുത്താനും പറ്റുന്നില്ല എന്റെ അച്ഛൻ താങ്ങി എടുത്താണ് ആശുപത്രിയിൽ കൊണ്ട് പോയത്. (ഭാഗ്യം അന്ന് കൊറോണയില്ലല്ലോ). പ്ലാസ്റ്റർ ഇട്ട് ഒറ്റക്കിടപ്പ്. കോളജിൽ പോകാതെ ഒരു മാസം. ഫലമോ? അടുത്ത പരീക്ഷയ്ക്ക് മാർക്ക് തീരെ കുറഞ്ഞു പോയി. എന്റെ വീഴ്ച കഥകൾ ഇനിയും ഒരുപാടുണ്ട്) മുതിർന്നിട്ടും എന്റെ വീഴ്ചകൾ കുറഞ്ഞില്ല. നിന്ന നിലയ്ക്കാണ് പൊത്തോന്ന് വീഴുന്നത്. അമ്മ ഒട്ടും sure footed അല്ല എന്ന് സൂരജ് പറയുമായിരുന്നു. പടികൾ ഇറങ്ങുമ്പോഴും നിരപ്പല്ലാത്ത വഴികളിൽ നടക്കുമ്പോഴും റോഡ് ക്രോസ്സ് ചെയ്യുമ്പോഴുമൊക്കെ അവൻ എന്റെ കൈ പിടിക്കുമായിരുന്നു.
എട്ടൊമ്പത് കൊല്ലം മുൻപ് മിലിയെ കുളിപ്പിച്ചിട്ട് അവളെയും എടുത്തു കൊണ്ട് ബാത്‌റൂമിൽ നിന്നിറങ്ങുമ്പോൾ സ്ലോ മോഷനിൽ ഞാനങ്ങ് ഒഴുകിപ്പോയി. കുട്ടിയുടെ തല പിന്നിലെ ചുവരിൽ ചെറുതായൊന്നിടിച്ചു. അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി സാരമില്ല മോനെ എന്ന് ഞാൻ പറഞ്ഞെങ്കിലും എനിക്ക് എഴുന്നേൽക്കാനായില്ല. പാവം രണ്ടര വയസ്സുള്ള കുട്ടി കരച്ചിൽ നിറുത്തി എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ കുറെ ശ്രമിച്ചു. ഒടുവിൽ ‘‘എനിക്ക് പറ്റൂല തനിയെ എണീക്ക്’’ എന്നവൾ പറഞ്ഞതു കേട്ട് ഞാൻ ചിരിച്ചു പോയി. പയ്യെ ഞാൻ എഴുന്നേറ്റിരുന്നു. പിന്നെ കട്ടിലിൽ പിടിച്ച് എഴുന്നേറ്റു. വീട്ടിൽ മറ്റാരുമില്ല. എല്ലാവരും എത്തുമ്പോൾ സംഗതി ആകെ വഷളായി. പിറ്റേന്ന് ആശുപത്രി ശരണം. (അപ്പോഴും കൊറോണ എത്തിയിട്ടില്ല) കാലിന് പ്ലാസ്റ്റർ അലങ്കാരം. കിടന്നില്ലേ മൂന്നാഴ്ച. പ്ലാസ്റ്റർ വെട്ടി വീട്ടിൽ വന്ന അന്ന് തന്നെ വീണ്ടും വീണു. പാദത്തിൽ വിരലുകൾ ചേരുന്നിടത്ത് നീളത്തിൽ ഒരു ക്രാക്ക്. ആശുപത്രിയിൽ. ചെന്നപ്പോൾ ഡോക്ടർ പോലും ചിരിച്ചു പോയി. വീണ്ടും കിടപ്പായി മൂന്നാഴ്ച. വാക്കറിൽ അത്യാവശ്യം നടക്കാം. പ്ലാസ്റ്റർ വെട്ടാൻ ചെന്നപ്പോൾ ഡോക്ടർ കളിയാക്കി. ‘‘അമ്മേ ഇനി ഉടനെ വേണ്ടാട്ടോ.’’ അന്ന് മുതൽ വളരെ ശ്രദ്ധിച്ചു സൂക്ഷിച്ചാണ് ഞാൻ പിച്ച വയ്ക്കുന്നത് !
ചെറിയ വീഴ്ചകൾ കണ്ടു നമ്മൾ ചിരിക്കാറുണ്ടെങ്കിലും വലിയ വീഴ്ചകൾ അപകടകാരികളാണ്. ടെറസ്സിൽ നിന്നെത്തിനോക്കുമ്പോൾ തല കുത്തി താഴെ വീണ് അടുപ്പമുള്ളൊരു വീട്ടമ്മ മരിക്കുകയുണ്ടായി. വലിയൊരു വീഴ്ചയിൽ കാലിലെ എല്ലുകൾ നുറുങ്ങി എന്റെ അച്ഛൻ ആശുപത്രിയിലും വീട്ടിലുമായി മാസങ്ങൾ കിടപ്പിലായി. ഭീകരമായ ഒരു വീഴ്ചയിൽ എന്റെ മകനിതാ വർഷങ്ങളായി കിടക്കുന്നു.
വീഴ്ചകൾ നിസ്സാരമല്ല .നമ്മൾ സൂക്ഷിക്കണം മഴയുണ്ടെങ്കിലും ഇല്ലെങ്കിലും.
English Summary: Web Column Kadhaillayimakal, Avoid slips and falls in wet weather