അത്യന്താധുനികകാലത്തിന്റെയൊരു വലിയ സമ്മാനമായി, കൊറോണക്കാലത്തിന്റെ ഒരു ആനുകൂല്യമായി, വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള ഒരു പദ്ധതിയായി വിദ്യാർഥിസമൂഹത്തിനു ലഭിച്ച പുതിയ അനുഭവമാണ് ഓൺലൈൻ ക്ലാസുകൾ. ആദ്യം വലിയ കൺഫ്യൂഷൻ ആയിരുന്നു. ഇതൊക്കെ എങ്ങനെ നടത്തും? ഇതിന്റെയൊക്കെ ഫലം എന്താകും? മുന്നോട്ടുള്ള ഗതി എങ്ങനെയാവും? നൂറല്ല ആയിരം സംശയങ്ങളായിരുന്നു അധ്യാപകർക്കും വിദ്യാർഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും. അതിന്റെയൊക്കെ സാങ്കേതികവശങ്ങൾ നമുക്കു വിടാം. ചില തമാശക്കഥകൾ കേൾക്കാം. .
വലിയ പ്രശ്നങ്ങളില്ലാതെ ഓൺലൈൻ ക്ലാസ്സുകൾ നടന്നു പോകുന്നു എന്ന ആശ്വാസത്തിലല്ലേ നമ്മൾ? പ്രത്യേകിച്ചും അല്പം മുതിർന്ന ആറാം, ഏഴാം, എട്ടാം ക്ലാസ്സുകാരായ മക്കൾക്ക്, കംപ്യൂട്ടറിനേക്കുറിച്ച് എല്ലാമറിയാം. സ്കൂളിന്റെ സൈറ്റ് എടുക്കാനും ക്ലാസ്സിൽ കയറാനുമൊക്കെ വശമുള്ളവർ. അച്ഛന്റെയോ അമ്മയുടേയോ സഹായം വേണ്ട. (അല്ലെങ്കിൽത്തന്നെ അച്ഛനമ്മമാർക്ക് ഈ കാര്യത്തിൽ ഇവരോളം അറിവുണ്ടാകണമെന്നില്ലല്ലോ.) അപ്പോഴിതാ ഒരു പടക്കം പൊട്ടുന്നു. എന്തെന്നല്ലേ? ഒന്നുരണ്ട് അമ്മമാർ കണ്ണു മിഴിച്ച് അന്തംവിട്ടു നിൽക്കുന്നു. അവരുടെ വികൃതിക്കുട്ടന്മാർ മുഴുവൻ ശ്രദ്ധയോടെ ലാപ്‌ടോപ്പിന് മുന്നിലിരിക്കുന്നു. അമ്മമാർ ചെന്ന് നോക്കുമ്പോൾ മടിയിൽ മൊബൈൽ വച്ച് ഇവന്മാർ ഗെയിം കളിക്കുകയാണ്. അതും കൂട്ടുകാർ ഒത്തുചേർന്ന് കാർ റേസുകൾ, പബ്‌ജി, ഫിഫ മുതലായവ അങ്ങനെ പോകുന്നു.
പെൺകുട്ടികളും മോശമല്ല. ഫോണിൽ തട്ടുപൊളിപ്പൻ പാട്ട്. നൃത്തരംഗങ്ങളുടെ റീമേക്കുകൾ കണ്ടാസ്വദിക്കുകയാവും അല്ലെങ്കിൽ കോമഡികൾ കണ്ടു രസിക്കുകയാവും അവർ. ശ്രദ്ധാപൂർവം വിദ്യാർഥികൾ ഇരിക്കുന്നു എന്ന് കരുതി ഗൗരവപൂർവം പഠിപ്പിക്കുന്ന ടീച്ചർ ഇതറിയുന്നില്ല. അച്ഛനമ്മമാർ തൊണ്ടിയോടെ പിടിക്കുകയും നല്ല പെടപെടയ്ക്കുകയും ചെയ്യുമ്പോഴാണ് പടക്കം പൊട്ടുന്നത്.
മറ്റു ചില വീരന്മാർ ടീച്ചർ ചോദ്യം ചോദിക്കാനൊരുങ്ങുമ്പോൾ നെറ്റിൽനിന്ന് പതുക്കെയങ്ങിറങ്ങും ചോദ്യങ്ങൾ കഴിയുമ്പോൾ പതുക്കെ കയറും.
ചില അതിബുദ്ധിമാന്മാർ ക്യാമറ ഓഫ് ചെയ്യും. ടീച്ചർക്കൊരു മെസ്സേജ് ഇടും. ‘മാം മൈ ക്യാമറ ഈസ് നോട്ട് വർക്കിങ്. ബട്ട് ഐ ആം അറ്റെൻഡിങ് ദ് ക്ലാസ് കെയർഫുള്ളി.’ എന്നിട്ടവൻ മുറ്റത്തും തൊടിയിലും കളിച്ചു നടക്കും. അമ്മ പിടികൂടുമ്പോൾ ‘അയ്യോ അമ്മേ തല്ലല്ലേ തല്ലല്ലേ’ എന്ന് നിലവിളിക്കും.
ഇനി കൊച്ചു കുട്ടികളുടെ കാര്യം. മഞ്ചാടി, മായാവി, ഛോട്ടാ ഭീം തുടങ്ങിയ രസകരങ്ങളായ കാർട്ടൂൺ കഥകൾ കാണാനാണ് അവർ ടിവിയുടെയോ കംപ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത്. അത്രയും നേരം പേരന്റസിന് ശല്യമില്ല. പക്ഷേ അറുബോറായ ക്ലാസ്സുകൾക്ക് അവരെ ഇരുത്താൻതന്നെ പ്രയാസമാണ്. എൽകെജി, യുകെജി, ഒന്നാം ക്ലാസ്സ്, രണ്ടാം ക്ലാസ്സ് വിദ്യാർഥിക്കുഞ്ഞുങ്ങൾ മിക്കവാറും അലറിക്കരയുകയാണ് പതിവ്. ഞാനിത് അയൽ ഫ്ലാറ്റുകളിൽ നിത്യേന കാണുന്നതാണ്. ചില വീരശൂരപരാക്രമികളെ എത്ര ശ്രമിച്ചാലും സ്ക്രീനിനു മുന്നിൽ ഇരുത്താൻ പറ്റില്ല. അപ്പോൾ അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെ ക്ലാസിനു മുന്നിലിരുന്ന് എഴുതിയെടുക്കുന്നതും പിന്നെ കുട്ടികളെ പഠി(പീഡി)പ്പിക്കുന്നതും നിത്യ കാഴ്ച. ചില സത്സ്വഭാവികൾ അടങ്ങിയിരിക്കും. കുറച്ചു കഴിഞ്ഞ് അമ്മമാർ വന്നു നോക്കുമ്പോൾ കുട്ടികൾ ഇരുന്നുറങ്ങുന്നതു കാണാം. എന്ത് രസമാണെന്നോ ഇത്തരം കാഴ്ചകൾ !
ഇനി നമുക്ക് അധ്യാപകരെ പരിഗണിക്കാം. അവരും ഓൺലൈൻ ക്ലാസ്സുകളുടെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരാണല്ലോ. ഒരു അധ്യാപകൻ പറയുന്നത് കേൾക്കൂ. ‘പത്തു മുപ്പതു പേരിരിക്കുന്ന ക്ലാസ്സിൽ ടീച്ചർ എന്തു പറഞ്ഞാലും കുട്ടികൾ കേട്ടുകൊണ്ടിരുന്നോളും. ടീച്ചറുടെ അറിവിനെ ചോദ്യം ചെയ്യില്ല. സംശയം ചോദിക്കില്ല. അഥവാ ചോദിച്ചാൽ ഞാനിത് പഠിപ്പിക്കുമ്പോൾ നീ എവിടെയായിരുന്നു. ഇരിക്കെടാ അവിടെ. നാളെ ഇത് പത്തു പ്രാവശ്യം ഇമ്പോസിഷൻ എഴുതിക്കൊണ്ടു വരണം എന്ന് പറഞ്ഞാൽ തീർന്നു. ഇതിപ്പോ അങ്ങനെയാണോ പേരെന്റ്സ് ശ്രദ്ധിക്കില്ലേ?’.
നന്നായി പഠിപ്പിക്കുന്ന മറ്റൊരു ടീച്ചറുടെ പ്രശ്നം ക്ലാസ് മുഴുവൻ മറ്റൊരാൾ ക്യാമറയിൽ പകർത്തണം . എന്നാലും സ്‌ക്രീനിൽ ഇടുമ്പോൾ നൂറു കുറ്റമാണ് പ്രിൻസിപ്പലിനും പേരന്റ്സിനും. ശമ്പളമോ ഒട്ടില്ല താനും. പാതികിട്ടിയാൽ ഭാഗ്യം. ഷൂട്ട് ചെയ്തു കൊടുക്കാൻ ഭർത്താവിന് സമയമില്ലാത്ത ഒരു ടീച്ചർ വീട്ടിൽ ഒരു മുറി തന്നെ സ്റ്റുഡിയോയായി സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. ക്യാമറ ഓൺ ചെയ്തിട്ട് ടീച്ചർ അതിനു മുൻപിൽനിന്ന് ക്ലാസ് എടുക്കും. റെക്കോർഡ് ചെയ്ത് ഓൺലൈൻ ക്ലാസ്സിൽ ഇടും. അപ്പോഴും പരാതി. തെളിച്ചമില്ല, ലൈറ്റ് പോരാ, ശബ്ദം ക്ലിയർ അല്ല. നന്നായി പഠിപ്പിക്കുന്ന അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. അവർക്കോ മനഃപ്രയാസം ബാക്കി. ശമ്പളം പാതി.
ഇനി രക്ഷകർത്താക്കൾ. കുട്ടികൾ സ്കൂളിൽ പോയി ഇരിക്കുന്ന അത്രയും സമയം വീട്ടിൽ സ്വൈരം ഉണ്ടായിരുന്നു. ഇപ്പോൾ മുഴുവൻ സമയവും അവർക്കു വേണ്ടി ഭക്ഷണമുണ്ടാക്കണം. അവരുടെ കുരുത്തക്കേടുകൾ കൊണ്ട് പൊറുതിമുട്ടും. പിന്നെ ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കണം. ടീച്ചേഴ്സിന്റെ കുറ്റം കണ്ടു പിടിക്കണം. വീട്ടിലെ വികൃതികളെ പഠിക്കാനിരുത്തണം. ചിലപ്പോൾ സ്വയം പഠിച്ച് അവരെ പഠിപ്പിക്കേണ്ടിയും വരുന്നു. വീട്ടമ്മമാരുടെ കഷ്ടപ്പാട്. ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്കും രക്ഷയില്ല. മിക്കവർക്കും വീട്ടിലിരുന്നു ജോലിയല്ലേ (വർക്ക് ഫ്രം ഹോം ). ഒന്നും പറയണ്ട.
നന്നായി പഠിക്കുന്ന ചില കുട്ടികൾ പറയുന്നു. ‘കൂട്ടുകാരും സ്കൂളിലെ അന്തരീക്ഷവും പീറ്റിയും യോഗയും സ്പോർട്സും ഡാൻസും മ്യൂസിക്കും ക്രാഫ്റ്റും ഒക്കെ നഷ്ടമായി. എന്നാലും നല്ല ഏകാഗ്രതയിൽ പഠിക്കാം. ടീച്ചർ ഞങ്ങൾ ഓരോരുത്തരെയും നോക്കി പഠിപ്പിക്കുന്നു എന്നാണ് തോന്നാറ്. ഒഴപ്പാൻ പറ്റുകയേ ഇല്ല.’
ഇനിയും ഒരുപാടുണ്ട് തമാശകൾ.
എല്ലാത്തിനുമുണ്ട് ഗുണവും ദോഷവും. കുട്ടികളോടും അധ്യാപകരോടും രക്ഷാകർത്താക്കളോടുമൊപ്പം നമുക്കും ആശിക്കാം. ‘ഈ സമയവും കടന്നു പോകും. എല്ലാം പഴയതു പോലെയാകും.’
English Summary: Web Column Kadhaillayimakal, Online learning during COVID-19 pandemic