അയ്യോ മറന്നു പോയീ...

littile-girl-child
പ്രതീകാത്മക ചിത്രം. Photocredit : Photobac/ Shutterstock
SHARE

വർഷങ്ങൾക്കു മുൻപുള്ള കാര്യമാണ്. വായനക്കാർക്ക്‌ ഓർമയുണ്ടോ? ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന, മനോഹരമായ ഒരു കാവ്യം പോലെയുള്ള ചലച്ചിത്രം. പ്രഗത്ഭനടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഒരു കുഞ്ഞുനക്ഷത്രമായി അഭിനയിച്ച് കാണികളുടെ ഹൃദയം കവർന്ന സിനിമ. അതിൽ ആ കുട്ടി പറയുന്നുണ്ട്. ‘അയ്യോ മറന്നു പോയീ’. ആ ഡയലോഗ് നമുക്ക് മറക്കാനേ പറ്റില്ല.  

മറവിരോഗം ബാധിക്കാതെ തന്നെ ‘അയ്യോ മറന്നു പോയീ’ എന്നു പറയുന്നവർ നമുക്കിടയിൽ എത്രയോ ഉണ്ട്. അവയിൽ ചിലതു പേടിപ്പിക്കുന്നതും ചിലതു പൊട്ടിച്ചിരിപ്പിക്കുന്നതുമാണ്. 

ഒന്നുരണ്ടു കഥകൾ ഓർത്തെടുക്കട്ടെ. 

ഏതു സമയത്തും ശാഠ്യം പിടിക്കുന്ന മകൾക്ക് അമ്മ രണ്ടടി കൊടുത്തു. അവൾ അലറിക്കരഞ്ഞു. അവൾ നഴ്സറിയിൽ പോകുന്നുണ്ട്. പോകാൻ മടിയാണ്. അടുക്കളയിൽ തിരക്കിലായിരുന്നു അമ്മ. കുട്ടിയെ പുറപ്പെടുവിച്ചു സ്കൂളിൽ വിടുന്നത് മിക്കപ്പോഴും അച്ഛനാണ്. അന്ന് അവൾ കരഞ്ഞു ബഹളം വച്ചു കൊണ്ടിരുന്നു. അച്ഛൻ കുറേ ശ്രമിച്ചു. പിന്നെ അയാൾ ഓഫിസിൽ പോയി. ‘ദേ ഞാൻ പോകുന്നു. മോളെ കൊണ്ടു പോകുന്നില്ല’ എന്നൊന്ന് അകത്തേക്കു നോക്കി വിളിച്ചുപറയാൻ അയാൾ മറന്നു. അച്ഛൻ പോയി, ഇനി അമ്മയുടെ ഊഴമാണ് എന്നു മനസ്സിലാക്കിയ കുട്ടി ഒരു അലമാരയ്ക്കുള്ളിൽ കേറി ഒളിച്ചു. ‘കുട്ടിയെ കൊണ്ടു പോയോ’ എന്നൊന്ന് വിളിച്ചു ചോദിക്കാൻ അമ്മയും മറന്നു. വൈകുന്നേരം അമ്മയും അച്ഛനും ഓഫിസിൽ നിന്നു വന്നു. കുട്ടിയെവിടെ? അച്ഛൻ വിളിക്കുമെന്ന് അമ്മയും അമ്മ അവളെ വിളിച്ചിട്ടുണ്ടാവും എന്നച്ഛനും കരുതി. രണ്ടാളും മറന്നു എന്നതാണ് സത്യം. കുട്ടിയെ അന്വേഷിക്കാൻ ഇടമില്ല. ഒടുവിൽ പൊലീസിലും പറഞ്ഞു. പത്രത്തിൽ കൊടുക്കാൻ ഒരു ഫോട്ടോ, ആൽബത്തിൽനിന്ന് എടുക്കാനായി അലമാര തുറന്നപ്പോഴുണ്ട് കുട്ടി അതിനകത്ത്. ശാഠ്യമൊക്കെ ഉപേക്ഷിച്ച് എന്നെന്നേക്കുമായി അവൾ പോയിക്കഴിഞ്ഞിരുന്നു. അലമാരയ്ക്കുള്ളിൽ ഒളിച്ചതും വാതിൽ അടഞ്ഞു ലോക്ക് ആയി. തനിയെ തുറക്കാൻ അവൾക്കായില്ല. കഷ്ടം, എത്ര പിടഞ്ഞിട്ടുണ്ടാവും അവൾ. ഒരു മറവിയുടെ ഫലം.

ചെറിയ കുട്ടികളുള്ള വീട്ടിൽ ബക്കറ്റിൽ വെള്ളം നിറച്ചു വയ്ക്കരുത് എന്ന് മുതിർന്നവർ പറയാറുണ്ട്. കുട്ടികൾ ഓടിക്കളിക്കുന്നതിനിടയിൽ വെള്ളത്തിൽ കളിക്കാനായി ബക്കറ്റിനടുത്തു ചെല്ലും. ബക്കറ്റിൽ നിറയെ വെള്ളം  ഉണ്ടെന്ന കാര്യം നമ്മൾ ചിലപ്പോൾ മറന്നു പോകും. അതിലേക്കു തലകുത്തി വീണു കഴിഞ്ഞാൽ പിന്നെ എഴുന്നേൽക്കാൻ കുട്ടിക്കാവില്ല. ഫലമോ കുട്ടി നഷ്ടപ്പെടും. തീരാദുഃഖത്തിന്റെ ഇത്തരം എത്രയോ കഥകൾ. 

എന്തിനാണ് ഇത്തരം കഥകൾ കേൾക്കുകയും വീണ്ടും വീണ്ടും പറയുകയും ചെയ്യുന്നത്‌? വെറുതെ മനസ്സു വിഷമിക്കാൻ. ഇനി നമുക്ക് ചില തമാശക്കഥകൾ പറയാം. 

എന്റെയൊരു ചേച്ചിയുടെ കണവനെ ഞങ്ങൾ വിളിക്കുന്നതുതന്നെ മറവിക്കാരൻ എന്നാണ്. കല്യാണം കഴിഞ്ഞ ഇടയ്ക്കു ചേച്ചിയെയും കൂട്ടി ചേട്ടൻ ഷോപ്പിങ്ങിനു പോയി. കടയുടെ മുന്നിൽ ചേച്ചിയെ ഇറക്കി ചേട്ടൻ കാറ് പാർക്ക് ചെയ്യാൻ പോയി. ഷോപ്പിങ് കഴിഞ്ഞിട്ടും ചേട്ടനെ കാണാനില്ല. പേഴ്സിൽ പണമില്ല, ബില്ല് കൊടുക്കാൻ  നിവൃത്തിയില്ല. ഒടുവിൽ ചേച്ചി കടക്കാരോടു പറഞ്ഞു. ‘സാധനങ്ങൾ ഇവിടിരിക്കട്ടെ. ഞാൻ വന്ന് എടുത്തോളാം’. പിന്നെ ഓട്ടോ പിടിച്ചു വീട്ടിലെത്തി. ചേട്ടൻ അവിടെയും എത്തിയിട്ടില്ല. എവിടെപ്പോയോ? ചേച്ചി അന്തം വിട്ട് കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോഴതാ ചേട്ടൻ വരുന്നു. കാറു പാർക്ക് ചെയ്യാൻ പോയ ചേട്ടൻ വഴിയിൽ ഒരു സ്നേഹിതനെക്കണ്ട് അയാളോടൊപ്പം പോയി. ഭാര്യയെ ഷോപ്പിൽ വിട്ടകാര്യം ഓർമ വന്നത് മൂന്നു മണിക്കൂർ കഴിഞ്ഞാണ്. ചേട്ടൻ ഷോപ്പിലേക്ക് വേഗം ചെന്നു. .ചേച്ചിയില്ല. വീട്ടിലെത്തിയപ്പോളതാ പുതിയ പെണ്ണവിടെ കലിതുള്ളി നിൽക്കുന്നു. ചേട്ടന്റെ അമ്മയും അച്ഛനും ചേട്ടനെ കുറ്റപ്പെടുത്തി എന്തു മാത്രം വിഷമവും അപമാനവുമൊക്കെ സഹിച്ചു എന്ന് പറഞ്ഞ് ചേച്ചി പിണങ്ങുകയും കരയുകയും ചെയ്തു. ‘ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല. കല്യാണം കഴിച്ചതും ഭാര്യ ഉണ്ടെന്നതും അവളെ കടയിൽ വിട്ടിട്ടാണ് പോന്നതെന്നും മറന്നുപോയി, സോറി’ എന്ന് പറഞ്ഞാണത്രേ ചേട്ടൻ മാപ്പു ചോദിച്ചത്. ഒന്നോർത്തു നോക്കൂ. 

പണ്ടുപണ്ട് ഗൾഫ് തരംഗം ഉയർന്ന കാലത്ത് എന്റെ കൂട്ടുകാരി സുമിത്രയെ ഗൾഫിലെ എൻജിനീയർക്കു കല്യാണം കഴിച്ചു കൊടുത്തു. അവൾ ഗൾഫിൽ പോയി സുഖമായിരുന്നു. ഒരു മോനുമുണ്ടായി. അടിപൊളി ജീവിതം. ഈന്തപ്പന നിറഞ്ഞ പാർക്കുകളെക്കുറിച്ചും കണ്ണാടി പോലെ മിന്നുന്ന കെട്ടിടങ്ങളെക്കുറിച്ചും ഏറ്റവും നല്ല പച്ചക്കറികളും പലവ്യഞ്ജനങ്ങളും പഴങ്ങളും പിന്നെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കോസ്‌മെറ്റിക്‌സും നിരത്തി വച്ചിരിക്കുന്ന മാളുകളെ ക്കുറിച്ചും അവളുടെ കത്തുകളിൽ വായിച്ചു ഞങ്ങൾ കൂട്ടുകാർ കണ്ണ് മിഴിച്ചു. (അന്ന് നമ്മുടെ നാട്ടിൽ മാളുകളില്ല. മാൾ എന്ന് കേട്ടിട്ടുപോലുമില്ല). അങ്ങനെയിരിക്കെ അവൾ നാട്ടിൽ വന്നു. കൂട്ടുകാർ ഒരു ദിവസം ഒത്തുകൂടി. ഗൾഫ് പൊങ്ങച്ചങ്ങൾക്കു ശേഷം അവൾ ഒരു കഥ പറഞ്ഞു. ഒരു മറവിക്കഥ. പതിവുപോലെ മാളിൽ ഷോപ്പിങ് കഴിഞ്ഞ് അവർ  അവിടെത്തന്നെയുള്ള തിയറ്ററിൽ സിനിമയ്ക്കു കയറി. ഇന്റർവെല്ലിന് കുട്ടിക്കു ബാത്‌റൂമിൽ പോകണം. അച്ഛൻ തന്നെ കൊണ്ടുപോയി. കുറച്ചു കഴിഞ്ഞ് അച്ഛൻ തിരിച്ചു വന്നു. ‘മോനെവിടെ’ അവൾ അന്തം വിട്ടു. ഇടവേള കഴിഞ്ഞ് മൂവി ആരംഭിച്ചു കഴിഞ്ഞിരുന്നു. തിയേറ്ററിൽ ഇരുട്ടായി. അതൊന്നും വകവയ്ക്കാതെ അവൾ ഇറങ്ങിയോടി. മെൻസ് ബാത്‌റൂമിൽ കുറെ ആണുങ്ങളുണ്ട്. അവിടേക്കോടി വന്ന അവളെക്കണ്ട് അവർ അമ്പരന്നു. അവൾ അതൊന്നും ശ്രദ്ധിച്ചില്ല. അകത്തു കയറി നോക്കി. കുട്ടിയെക്കാണാനില്ല. ‘ലേഡീസ്’അപ്പുറത്താണ് – ആരോ പറഞ്ഞു. അവൾ പുറത്തേക്കോടി. അവളുടെ ഭർത്താവും പിറകെയെത്തി. ഒടുവിലതാ കുട്ടി കരഞ്ഞു കൊണ്ട് അവിടെയുമിവിടെയുമൊക്കെ നടക്കുന്നു. അവൾ മോനെ വാരിയെടുത്തു. അന്നു പിന്നെ അവർ സിനിമ കണ്ടില്ല. പരിചയമില്ലാത്ത നാടല്ലേ. കുട്ടിയെ ആരെങ്കിലും എടുത്തുകൊണ്ട് പോയിരുന്നെങ്കിൽ! അവൾക്കതൊർക്കുമ്പോൾ ഇപ്പോഴും നടുക്കമാണ്. 

കുട്ടികളെ മറന്നു പോകുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. 

എന്റെ മകൾ യുകെജി പഠിക്കുമ്പോഴും ഞാൻ വിദ്യാർഥിനിയാണ്. അവളെ വൈകുന്നേരം കൂട്ടിക്കൊണ്ടു വരുന്നത് വീട്ടിൽ നിൽക്കുന്ന പണിക്കാരിയാണ്. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് 5 മണിക്ക് ഞാൻ എത്തുമ്പോൾ കുട്ടിയെ അവൾ വിളിച്ചിട്ടില്ല. ചോദിച്ചപ്പോൾ ഉരുളാൻ തുടങ്ങി. ചേച്ചി വിളിക്കുമെന്നു കരുതി, സാറ് വിളിച്ചുകൊണ്ടു പോയിട്ടുണ്ടാവും എന്നോർത്തു എന്നൊക്കെ. ഇതൊന്നും പതിവുള്ള കാര്യങ്ങളല്ല. അവൾ മറന്നതാവാം. അങ്ങേയറ്റം പരിഭ്രമിച്ച ഞാൻ ഒരു ഓട്ടോ പിടിച്ചു സ്കൂളിലെത്തി. എന്റെ കുട്ടി ആളൊഴിഞ്ഞ സ്കൂൾ കോമ്പൗണ്ടിൽ ഒരു സ്റ്റെപ്പിൽ ബാഗും പിടിച്ചിരിക്കുന്നു. എനിക്ക് ജീവൻ വീണു കിട്ടി. 3 മണിക്ക് സ്കൂൾ വിട്ടതാണ്. മണി 5. 30 കഴിഞ്ഞു. ‘മോൾ പേടിച്ചോ’ ഞാൻ ചോദിച്ചു. കൂളായി അവൾ പറഞ്ഞു. ‘ഇല്ല അമ്മ വരും എന്നെനിക്കറിയാം.’. അമ്മയിലുള്ള ആ വിശ്വാസം ഇന്നും അവൾക്കുണ്ട്. 

കുറേനാൾ മുൻപ് ഞാൻ നെടുമ്പാശ്ശേരി എയർപോർട്ടിലിരിക്കുമ്പോൾ ഒരു വലിയ ജനക്കൂട്ടം അങ്ങോട്ടു കടന്നു വന്നു. നാലഞ്ചു ഫാമിലികൾ ഒരുമിച്ച്. ആണുങ്ങൾ, പെണ്ണുങ്ങൾ, കുട്ടികൾ.. ഒരു ബഹളം. അവരിൽ ഒരാൾക്ക് പോകേണ്ട ഫ്ലൈറ്റിന്റെ സമയമായിരുന്നു. തിരക്കിട്ടാണു വന്നത്. പോകേണ്ടയാൾ ബോർഡ് ചെയ്യാനോടി . പ്ലെയിൻ പോയിക്കഴിഞ്ഞാണ് വന്നതു പോലെ ആർത്തിരമ്പി ജനക്കൂട്ടം സ്ഥലം വിട്ടത്. എന്റെ ഫ്ളൈറ്റ്  വൈകും. ഞാൻ അങ്ങനെ കാത്തിരിക്കുമ്പോൾ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ ലക്കും ലഗാനുമില്ലാതെ ഒരു ചെറിയ കുട്ടി അവിടെ നടക്കുന്നു. കൂടെ ആരുമില്ല. അവൻ ഒട്ടും പരിഭ്രമിച്ച മട്ടില്ല. എന്റെ അടുത്ത കസേരയിൽ വന്നിരുന്നു. ‘അമ്മയെവിടെ?’ ഞാൻ ചോദിച്ചു അവൻ കൈമലർത്തി. ‘ആരാ കൂടെ?’ മറുപടിയില്ല. ഞാൻ പിന്നെ അമാന്തിച്ചില്ല അധികൃതരെ വിവരമറിയിച്ചു. അതിനിടെ കുട്ടി മിസ്സായ വിവരം ആരോ അവരെ വിളിച്ച് അറിയിച്ചത്രേ. അൽപം കഴിഞ്ഞപ്പോൾ അതാ വരുന്നു ജനക്കൂട്ടം വീണ്ടും. കുട്ടിയെ വാരിയെടുക്കുന്നു, ഉമ്മ വയ്ക്കുന്നു, ഒച്ചയും വിളിയും. അതോറിറ്റീസ് ഇടപെട്ടു കാര്യങ്ങൾ ശരിയാക്കി. ജനക്കൂട്ടം വീണ്ടും അലച്ചുകൊണ്ടു തന്നെ ഇറങ്ങിപ്പോയി. എന്റെ കൂടെ യാത്ര ചെയ്യാനുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. ‘കുട്ടിയെ മറന്നതാവില്ല. നാലഞ്ച് കാറുകൾ വന്നതല്ലേ. കുട്ടികൾ പലപല കാറുകളിൽ കയറി. എല്ലാ കുട്ടികളും കേറി എന്ന് കരുതിയിട്ടുണ്ടാവും. പിന്നെയാവും അറിഞ്ഞത്.’ എന്തോ, എനിക്കത് ദഹിച്ചില്ല. കുട്ടികൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഭീകരവാസ്ഥ നാട്ടിൽ നിലനിൽക്കെ ഇത്ര അനാസ്ഥയോ?

ഇതെല്ലാം ‘കുട്ടിക്കഥകൾ’. ലാപ്ടോപ് മറന്നതും പണം നിറച്ച ബാഗു മറന്നതും സർട്ടിഫിക്കറ്റകൾ വച്ച ഫയൽ മറന്നതുമൊക്കെ ഗൗരവമുള്ള മറവികൾ. പക്ഷേ അവയെല്ലാം അശ്രദ്ധ എന്ന തലക്കെട്ടിൻകീഴിൽ നിരത്താം നമുക്ക് ഇനി മറ്റൊരവസരത്തിൽ. എന്താ ?

English Summary: English Summary: Web Column Kadhaillayimakal, Consider dangers of forgetting 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.