സ്ഥിരം ജ്വല്ലറി, സ്ഥിരം തുണിക്കട, സ്ഥിരം പലചരക്കു പച്ചക്കറിക്കട ഇങ്ങനെ ഓരോന്നിനും സ്ഥിരമായ ഒരിടം ചിലർക്ക് നിർബന്ധമാണ്. എനിക്കോർമ വയ്ക്കുമ്പോൾ എന്റെ അമ്മയ്ക്ക് ഒരു സ്ഥിരം ജ്വല്ലറിയുണ്ട്. അമ്മയുടെ നാട്ടുകാരനായ ഒരാളുടെ സ്വാർണക്കടയാണത്. ഇപ്പോഴത്തെപ്പോലെ അനേകം നിലകളിൽ വിവിധതരം ആഭരണങ്ങൾ കണ്ണഞ്ചിക്കും വിധം നിരന്നിരിക്കുന്ന ആഭരണക്കടകൾ അന്നുണ്ടായിരുന്നില്ല. ഒരു ഒറ്റമുറിക്കട. അവിടെ പണിഞ്ഞുവച്ച ആഭരണങ്ങൾ അധികമൊന്നുമുണ്ടാവില്ല. വേണമെങ്കിൽ അതിലുള്ളതേതെങ്കിലും വാങ്ങാം. അല്ലെങ്കിൽ. നമുക്കു വേണ്ടത് ഓർഡർ കൊടുത്ത് പണിയിക്കണം. അങ്ങനെ എന്റെ വിവാഹത്തിനു വേണ്ടിയുള്ള ആഭരണങ്ങൾ എല്ലാം പണിയിച്ചത് അമ്മയുടെ ആ വിശ്വസ്തന്റെ കടയിലാണ്.
അക്കൂട്ടത്തിൽ ഒരു ചുവന്ന കല്ല് നെക്‌ലേസ് ഉണ്ടായിരുന്നു അന്നത്തെ ഒരു ട്രെൻഡ്. വലിയ ഒറ്റക്കല്ലുകൾ അടുത്തടുത്ത് ഒരു റോസാപ്പൂ പോലെ നിരത്തിയ ഒരു മാല. (എന്റെ സമകാലീനർക്ക് ഓർമയുണ്ടാവും ആ മാല. റോജാപ്പൂ നെക്‌ലേസ് എന്നു തന്നെയായിരുന്നു പേര്. ചുവപ്പോ പച്ചയോ വെള്ളയോ കല്ലു വച്ച് അന്നത്തെ മിക്ക പെൺകുട്ടികൾക്കും ആ മാല ഉണ്ടായിരുന്നു). അതൊക്കെ പഴയ കഥ.
എന്റെയാ ട്രഡീഷനൽ ആഭരണങ്ങൾ എല്ലാം തന്നെ എന്റെ മകൾ അവളുടെ വിവാഹത്തിന് അണിയുകയും ചെയ്തു, ഒപ്പം അവൾക്കായി വാങ്ങിയ മോഡേൺ ജ്വല്ലറിയും. ഈയിടെ ആ റോജാപ്പൂ മാല കേടായി. റിപ്പയർ ചെയ്യാനായി ഇവിടെ ഒരു ജ്വല്ലറിയിൽ ഞങ്ങൾ കൊണ്ടു പോയി. ‘ഒത്തിരിപ്പഴയ മോഡൽ അല്ലേ, ഇനി റിപ്പയർ ചെയ്യുന്നതെന്തിന്. ഒരുപാടു പൈസയാകും’ എന്നു കടക്കാർ. എന്നാൽ മാറ്റി പുതിയതൊന്ന് എടുക്കാം എന്നായി ഞാൻ. കല്ലുകൾ കുത്തിക്കളയണം. പ്രെഷ്യസ് സ്റ്റോൺസ് ഒന്നുമല്ലല്ലോ. പക്ഷേ കല്ലിളക്കിയപ്പോഴല്ലേ കള്ളി വെളിച്ചത്തായത് കല്ലിനടിയിൽ കട്ടിക്ക് മെഴുകു വച്ചിട്ടാണ് കല്ല് സ്വർണറോസാപ്പൂവിൽ ഉറപ്പിച്ചിരിക്കുന്നത്. അതു കൂടി സ്വർണമായി തൂക്കിയാണ് അന്ന് അമ്മയുടെ വിശ്വസ്തനായ ആ സ്വർണവ്യാപാരി ഞങ്ങൾക്കു തന്നത്. പത്തറുപതു കൊല്ലം മുൻപത്തെ കാര്യമല്ലേ, ഇനി പറഞ്ഞിട്ടെന്താ. നഷ്ടം ഞങ്ങൾ സഹിച്ചു. ആ സ്വർണ വ്യാപാരി അമ്മയുടെ അടുത്തയാളാണെങ്കിലും ഒരു തട്ടിപ്പുകാരനാണെന്ന് മുൻപൊരിക്കൽ ബോധ്യപ്പെട്ടതാണ്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല.
എന്റെ വിവാഹത്തിന് ഒരുപാടു സ്വർണം അയാളുടെ കടയിൽ നിന്നെടുത്തതിനാൽ വിവാഹത്തിന് അയാളും ഭാര്യയും കൂടി വന്നെനിക്കൊരു സമ്മാനം തന്നു. ‘ഞെളി’ എന്ന് ഞങ്ങൾ പറയുന്ന ‘വി’ ഷേപ്പിലുള്ള ഒരു വിചിത്ര മോതിരം. നിറയെ കല്ലുകൾ പതിച്ചിരുന്ന ആ മോതിരത്തിൽനിന്ന് കല്ലുകൾ ഇളകിയപ്പോൾ വീണ്ടും കല്ല് വയ്പ്പിക്കാൻ ഞാനും അമ്മയും അവിടെ ചെന്നു. മോതിരം വാങ്ങി നോക്കി അയാൾ പറഞ്ഞു. ‘ഛേ ഇതെന്തോന്ന്. ഇതിൽ ഒരു തരിപൊന്നില്ലല്ലോ. പിന്നെങ്ങനെ കല്ല് നിൽക്കും ?’ ഞങ്ങൾക്കു ചിരിവന്നു. ‘ഇത് നിങ്ങൾ സമ്മാനിച്ചതാണ്’ എന്ന് കൂസലില്ലാതെ പറയും ഞാൻ എന്നു തോന്നിയ അമ്മ എന്നെ കണ്ണു കാണിച്ചു, മിണ്ടരുതെന്ന്. അയാൾക്ക് വല്ലാത്ത ഇൻസൾട്ട് ആകും. അത് വേണ്ട എന്ന് അമ്മ കരുതി. ഈ കഥ പറഞ്ഞ് അന്നൊക്കെ ഞങ്ങൾ ചിരിച്ചിട്ടുണ്ട്.
കാലം കഴിഞ്ഞപ്പോൾ, ഒരുപാടു പുതിയ വലിയ ജ്വല്ലറികൾ വന്നപ്പോൾ ആ കടയിൽ നിന്നുള്ള സ്വർണം വാങ്ങൽ ഞങ്ങൾ നിറുത്തി. സുമിത്രയുടെ അനുജൻ വിവാഹം കഴിച്ചത് ഒരു സ്വർണക്കടക്കാരന്റെ മകളെയാണ്. പുതുപ്പെണ്ണ് വന്നു കയറിയപ്പോൾ നാട്ടിലെ ആചാരമനുസരിച്ച് വരന്റെ അമ്മയ്ക്കും സഹോദരിക്കും അവൾ ഓരോ സ്വർണവള നൽകി. ആ വള ചളുങ്ങി ചുളുങ്ങിയപ്പോൾ സുമിത്ര അതേ ജ്വല്ലറിയിൽത്തന്നെ കൊണ്ടുചെന്നു. ‘ഇതിൽ സ്വർണം തീരെയില്ലല്ലോ. പിന്നെ വിറ്റാലും മാറ്റിവാങ്ങിയാലും നഷ്ടം തന്നെ.’ കടയിലെ സെയിൽസ്മാൻ പറഞ്ഞു. ‘ഇത് ഇവിടത്തെ മകൾ എനിക്ക് സമ്മാനിച്ചതാണ്’ എന്ന് സുമിത്ര പറഞ്ഞില്ല. മോശമല്ലേ?
വളരെ ധനികയായ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് (പണ്ടുപണ്ട്) ചെന്നപ്പോൾ ഞാൻ അതിശയിച്ചു പോയി. അവൾ ഒരു വെള്ളക്കല്ലു നെക്‌ലേസും ഒരു നീണ്ട മാലയും മാത്രമേ അണിഞ്ഞിരുന്നുള്ളു. വർഷങ്ങൾ കുറേക്കഴിഞ്ഞപ്പോൾ അവൾക്കൊരു മോഹം. ആ നെക്‌ലേസ് ഒന്ന് മാറ്റിപ്പണിയണം. അവൾ എന്നെ കൂട്ടു വിളിച്ചു. ഞങ്ങൾ ഒരു ജ്വല്ലറിയിൽ ചെന്നു. മാല പരിശോധിച്ച ആൾ പറഞ്ഞു: മാറ്റിപ്പണിയാൻ ഇത് സ്വർണമല്ലല്ലോ. ഞാനും അവളും ഞെട്ടി. അയാൾ തുടർന്നു.
‘ഇത് വെള്ളിയിൽ സ്വർണം പൂശിയതാണ്’. ഞങ്ങൾ ചമ്മി മാല തിരികെ വാങ്ങി പോന്നു.
‘ആ സ്വർണ ക്കടക്കാരൻ പറ്റിച്ചതാവും’ ഞാൻ സഹതപിച്ചു.
‘ഒരുപക്ഷേ അച്ഛൻ അറിഞ്ഞു കൊണ്ടാവും’. അവൾ ചിരിച്ചു
‘ങേ’. ..ഇത്തവണ ഞെട്ടിയത് ഞാൻ മാത്രം
‘നീ കണ്ടതല്ലേ എന്റെ കല്യാണത്തിന് എനിക്ക് തന്ന ആഭരണങ്ങൾ. ഈ കല്ലുമാലയും ഒരു നീണ്ട ചങ്ങലയും. അറുപിശുക്കാ അച്ഛന്. ഇതിപ്പോൾ വെള്ളിയുമായി. ഇനി മറ്റേത് എന്താണാവോ’ അവൾ നിരാശയോടെ പറഞ്ഞു.
‘അപ്പോൾ ആഭരണത്തട്ടിപ്പ് സ്വാർണക്കച്ചവടക്കാർ മാത്രമല്ല, വീട്ടുകാരും ചെയ്യും അല്ലേ’ എന്നുപറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിച്ചു.
English Summary : Kadhaillayimakal Column by Devi J. S : How jewellers cheat customers?