പിടികൊടുക്കാത്ത കള്ളന്മാരുടെ കഥകളാണോ? ഏയ് അല്ല. പിടിതരാത്ത സാധാരണക്കാരുടെ കാര്യമാണ്. ഒന്നാമതായി പറയേണ്ടത് ഫെയ്സ്ബുക്കിൽ അവനവന്റെ പ്രൊഫൈൽ (വ്യക്തിപരമായ വിശദവിവരങ്ങൾ) മറച്ചു വച്ചിട്ട് ഫ്രണ്ട് റിക്വസ്റ്റ് ഇടുന്നവരെക്കുറിച്ചാണ്. ആരെന്നോ എന്തെന്നോ എവിടെയുള്ളവരെന്നോ അറിയാതെ സുഹൃത്താക്കുന്നതെങ്ങനെ? അതും ഒരുപാടു ചതികൾ നടക്കുന്ന ഈ കാലത്ത്! എന്താണ് ഇവരൊക്കെ ധരിച്ചുവച്ചിരിക്കുന്നത്? സൗഹൃദത്തിനുള്ള ഒരപേക്ഷയും അതിസുന്ദരമായൊരു പടവും (അതൊരുപക്ഷേ ഏതെങ്കിലും സിനിമാതാരത്തിന്റേതാവും) കണ്ടാലുടൻ നമ്മളങ്ങ് മയങ്ങി തലകുത്തി വീണ് സൗഹൃദ പട്ടികയിൽ ചേർക്കുമെന്നോ? ഇല്ലേയില്ല. ഞാൻ മാത്രമല്ല ഫെയ്സ്ബുക്കിലെ ആണും പെണ്ണുമായി ഒരുപാട് കൂട്ടുകാർ ഈ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
അത് വിടൂ... നിത്യ ജീവിതത്തിൽ ഇതിനു എത്രയോ ഉദാഹരണങ്ങൾ...
ചിലർ നമ്മുടെ മുഖത്തു നോക്കി സംസാരിക്കുകയേ ഇല്ല. അത് അവരുടെ കള്ളത്തരമാണോ അതോ നാണമാണോ? ഈ രണ്ടു കാര്യത്തിനും സൗഹൃദത്തിലെന്തു പ്രസക്തി? കണ്ണിൽ നോക്കി നിൽക്കുമ്പോഴല്ലേ പരസ്പരമുള്ള സ്നേഹവും ആദരവും വ്യക്തമാവുകയുള്ളൂ. നിലത്തു നോക്കി നടക്കുന്നതു നല്ലതു തന്നെ. കാൽതട്ടി വീഴുകയില്ല. പക്ഷേ ഒരാൾ മുന്നിൽവന്നുനിന്ന് സംസാരിക്കുമ്പോൾ നിലത്തു നോക്കി നിൽക്കുന്നത് നന്നല്ല. ഇത്തരക്കാരുടെ ഉള്ളിലിരുപ്പെന്താണ് എന്നു നമുക്ക് മനസ്സിലാവുകയേ ഇല്ല.
ഒരിക്കൽ ഒരു കൂട്ടുകാരി അവളുടെ ജ്യേഷ്ഠ സഹോദരനെ എനിക്കു പരിചയപ്പെടുത്തി. ഒരു പത്തു മിനിറ്റ് ഞങ്ങൾ മൂവരും സംസാരിച്ചു നിന്നു. അപ്പോഴെല്ലാം മനപ്പൂർവമെന്നോണം എന്റെ കണ്ണുകളെ അയാൾ ഒഴിവാക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ നോട്ടം അത്ര രൂക്ഷമോ? അതോ അയാൾ എപ്പോഴും ഇങ്ങനെയാണോ?
നിലത്തു നോക്കി നിന്ന് നമ്മുടെ വാക്കുകൾക്ക് മറുപടി നൽകുന്ന ഒരു പെൺകുട്ടിയോട് ഞാൻ ചോദിച്ചു.
‘‘നീയെന്താ ഈ നിലത്തു തിരയുന്നത് സൂചി കളഞ്ഞു പോയോ?’’
പെട്ടെന്നവൾ മുഖമുയർത്തി. അതേ പോലെയങ്ങു മുഖം താഴ്ത്തുകയും ചെയ്തു. പിന്നെപ്പറഞ്ഞു:
‘‘ഞാൻ അങ്ങനെയങ്ങു ശീലിച്ചു പോയി. മാറ്റാനാവുന്നില്ല...’’
‘‘എന്താ നീ അപരാധമൊന്നും ചെയ്തിട്ടില്ലല്ലോ, മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ തല കുനിച്ചു നിൽക്കാൻ...’’
അവളെ തിരുത്താൻ എനിക്ക് കഴിഞ്ഞില്ല. മധ്യ വയസ്സിൽ അവളെ കാണുമ്പോഴും അവൾ അങ്ങനെ തന്നെ.
‘‘നിന്റെ ഭർത്താവിന്റെയും മക്കളുടെയും മുന്നിലും നീ ഇങ്ങനെ തന്നെയാണോ?’’എന്ന് ഞാനവളെ കളിയാക്കി. എന്തുകാര്യം?
നവനീത അതിതീവ്രമായി പ്രണയിച്ച ശങ്കർ എന്ന യുവാവ് ഒരിക്കലും മുഖത്തു നോക്കി ഒന്നും പറയുകയില്ല എന്നവൾ പറയുമായിരുന്നു. എല്ലാം കൊണ്ടും ആ ശങ്കരനേക്കാൾ വളരെ മീതെയായിരുന്നു നവനീത.
‘‘നിനക്ക് ഇവനെയേ കിട്ടിയുള്ളൂ പ്രേമിക്കാൻ? തുമ്പിയെ പിടിക്കാൻ പമ്മി നടക്കുന്നത് പോലെ കുനിഞ്ഞൊരു നടപ്പ് ! നാണം കുണുങ്ങിയ ചിരി. മുഖത്ത് നോക്കാൻ മടി...’’
ഞങ്ങൾ കൂട്ടുകാർ അവളെ കളിയാക്കുമായിരുന്നു. എന്തോ ഒരു അപകർഷതാബോധം അവനുണ്ടായിരുന്നു. കത്തിച്ചുവച്ച നിലവിളക്കു പോലെ അവൾ. ഒരുപാട് നാളായി തേച്ചു മിനുക്കാതെ വീണ്ടും വീണ്ടും തിരിയിട്ടു കത്തിക്കുന്ന കരിവിളക്കു പോലെ അവൻ. അതാണോ കാരണം? ഞങ്ങളുടെ സഹപ്രവർത്തകനും സുഹൃത്തുമായ അവനോട് ഞങ്ങളാരെങ്കിലും കുശലം പറയാൻ ചെന്നാലും അവൻ മുഖം കുനിക്കും. ഒടുവിൽ യാത്ര പോലും പറയാതെ അവൻ നവനീതയെ വിട്ടു പോയി.
‘‘അന്നേ ഞങ്ങൾക്ക് തോന്നി അവനൊരു കള്ളലക്ഷണമുണ്ട്...’’ എന്നാണ് പിന്നീട് പലരും പറഞ്ഞത്.
പ്രശാന്ത് വളരെ നല്ല ഒരു സുഹൃത്തായിരുന്നു. പക്ഷേ പെണ്ണുങ്ങളോട് സംസാരിക്കുമ്പോൾ അവന്റെ കണ്ണുകൾ മുഖത്തുനിന്ന് താഴേക്ക് കഴുത്തിലേക്കും പിന്നെയും താഴേക്കും ഒരു തേരോട്ടമാണ്. കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങൾ പലരും ഇതെന്നോടു പറഞ്ഞു. ചെറുപ്പക്കാരല്ലേ?
ഒരിക്കൽ ഞാനയാളോട് പറഞ്ഞു : ‘‘അഴക് കണ്ടാൽ നോക്കിപ്പോകും. സ്വാഭാവികം. മനുഷ്യരല്ലേ? പക്ഷേ ആ നോട്ടം ഒരുമാതിരി ചമ്മിപ്പിക്കുന്നതാവരുത്...’’
അവൻ വിളറിപ്പോയി. പക്ഷേ പറയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. കാരണം അവന്റെ വല്ലാത്ത നോട്ടം എന്നെയും പലപ്പോഴും അലോസരപ്പെടുത്തിയിട്ടുണ്ട്.
കണ്ണിൽക്കണ്ണിൽ നോക്കുമ്പോൾ ലജ്ജിച്ചു തലകുനിക്കുന്നതും നാണിച്ചു കാൽവിരൽ കൊണ്ട് നിലത്തു കളം വരയ്ക്കുന്നതുമൊക്കെ പണ്ടല്ലേ? ഇപ്പോൾ അതൊന്നും പൈങ്കിളി കഥകളിൽ പോലും കാണുകയില്ല. വളരെ ബോൾഡ് ആയി മുഖത്ത് നോക്കി കാര്യം പറയുന്നതാണ് ഇന്നത്തെ രീതി. അങ്ങനെയല്ല എന്നുണ്ടെങ്കിൽ അതേതോ കള്ളലക്ഷണം തന്നെയാണ്.
പറയാനുള്ളത് നേരേ പറയുക. മുന്നിലെത്തുമ്പോൾ കഴിയുന്നതും കണ്ണിൽ നോക്കി സംസാരിക്കുക. പണ്ടും ഞങ്ങളുടെയൊക്കെ രീതി അതു തന്നെയാണ്. അത് ഞങ്ങൾ നഗരങ്ങളിൽ ജനിച്ചു വളർന്നതുകൊണ്ടു മാത്രമല്ല. നഗരം, നാട്ടിൻപുറം എന്ന വ്യത്യാസം നമ്മുടെ നാട്ടിൽ ഇന്ന് അത്രയ്ക്കില്ല.
ഈയിടെ പ്രഫഷനൽ കോളജിൽ ചേർന്ന ഒരാൺകുട്ടി എന്നോട് പറഞ്ഞു.
‘‘ആൺ പെൺ വ്യത്യാസം ഈ മേഖലയിൽ പോലും ഇപ്പോഴും ഉണ്ട് ദേവിയമ്മേ. ഒരു പെൺകുട്ടി ഗ്രൂപ്പിലേക്ക് വന്നാൽ അവളെ ഒരു ഫ്രണ്ടായി കാണാൻ മിക്കവർക്കും കഴിയുന്നില്ല. അവളോട് ഫ്രീയായി സംസാരിക്കാൻ പോലും ഒരു പതർച്ചയാണ്. എന്തുകൊണ്ട് മറ്റു കൂട്ടുകാരെപ്പോലെ അവളെയും കാണാൻ നമുക്കാവുന്നില്ല. പെൺകുട്ടികളുടെയിടയിലും ഈ പ്രശ്നം ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഫ്രണ്ടായി മാത്രം കാണുന്നത് നമ്മുടെ സമൂഹം പോലും അംഗീകരിക്കുന്നില്ല’’
ഇത് പറയുമ്പോൾ ഞാൻ പഴയൊരു കഥയോർക്കുകയാണ്. എന്റെയൊരു കസിൻ പെണ്ണുകാണാൻ പോയി. നല്ല സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തിലെ സുന്ദരിയും വിദ്യാസമ്പന്നയുമായ പെൺകുട്ടി. പക്ഷേ അവൻ ആ ആലോചന വേണ്ടന്നു വച്ചു. വളരെ വിശേഷപ്പെട്ട ഒരു കാരണമാണ് അവൻ പറഞ്ഞത്.
‘‘കാണാൻ ചെന്നവരുടെ മുന്നിൽ പെൺകുട്ടി വന്നിരുന്നു. സെറ്റിയുടെ തുമ്പത്ത്. അതും മുഖം കുനിച്ച്. ഏതാണ്ട് മുള്ളു കൊള്ളുന്നത് പോലെ...’’ അവൻ പറഞ്ഞു.
‘‘വേണ്ടാന്ന് വയ്ക്കാൻ ഇതൊരു കാരണമാണോ? ’’ ഞാൻ അന്തംവിട്ടു.
‘‘നാണം കൊണ്ടാവും..’’
ആ ഇരിപ്പിൽ വല്ലാത്ത ഒരു അപാകത തോന്നി അവന്. അവളുടെ മുഖമോ ഉയരമോ തടിയോ മെലിവോ ഒന്നുമവന് മനസ്സിലായില്ല. മാത്രമല്ല യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ പയ്യെ ഒന്നെണീറ്റ് കൂനിക്കൂടി നിന്നതല്ലാതെ ഒന്ന് ചിരിക്കുകയോ നോക്കുകയോ ഉണ്ടായില്ല.
‘‘ശരിയാവില്ല ചേച്ചീ...ഞാൻ ജോലി ചെയ്യുന്ന ഇടം, മൂവ് ചെയ്യുന്ന സർക്കിൾ ഒക്കെ ഡിഫറന്റാണ്. കുട്ടി അൾട്രാ മോഡേൺ ആവണമെന്നൊന്നുമില്ല. പക്ഷേ തികച്ചും നോർമൽ ആയി പെരുമാറുന്ന ഒരു സാധാരണ പെണ്ണ്. അതാണ് എനിക്ക് വേണ്ടത്...’’
പിന്നീടാണറിഞ്ഞത്. മൂന്ന് ചേട്ടന്മാരുടെ അനിയത്തി. അച്ഛന്റെയും അമ്മയുടെയും പുന്നാരക്കട്ട. ഒരുപാട് അടക്കവും ഒതുക്കവും നല്ലശീലങ്ങളും ഒക്കെ പഠിപ്പിച്ച് കൊഞ്ചിച്ചു വഷളാക്കിയ ഒരു ബൊമ്മ. അതാണവൾ. ഒരു ബഹിർമുഖ വ്യക്തിത്വത്തിനുടമയായ അവന് ആ പെൺകുട്ടി ചേരുകയില്ല.
ഇതൊക്കെ വെറുതെ ഓരോ കഥകളും ഉദാഹരണങ്ങളും പറഞ്ഞെന്നേയുള്ളൂ. ഇതിലൊക്കെ എന്താണ് തെറ്റും ശരിയും. ഓരോ രീതികൾ ‘ഓരോ ഇഷ്ടങ്ങൾ’ ഓരോ ശീലങ്ങൾ.
പിന്നെ എടുത്തു പറയാനാണെങ്കിൽ, നേരേ വാ നേരേ പോ. അത് തന്നെയാണ് നല്ലത്. ധൈര്യം, തന്റേടം, ചുറുചുറുക്ക് ഇവയെല്ലാം പെരുമാറ്റത്തിൽ പ്രകടമാവുന്നത് ഇത്തരം ചെറിയ സന്ദർഭങ്ങളിലൂടെയാണല്ലോ? പരിചയക്കാരോടും സുഹൃത്തുക്കളോടും മാത്രമല്ല വീട്ടിലുള്ളവരോടും മുഖം മറയ്ക്കാതെ കാര്യങ്ങൾ പറയണം. അതല്ലേ ശരി?
കണ്ണുകളിൽ നോക്കി മനസ്സിന്റെ ആഴങ്ങളിലെത്തുന്ന ബന്ധങ്ങൾ എത്ര മനോഹരം !
English Summary : Kadhaillayimakal Column by Devi J.S - What is the essence of relationship?