ദീപാവലി എന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഒരു പഴയ തമിഴ് പാട്ടാണ്.
‘ഉന്നൈ കണ്ടു നാനാടാ, എന്നൈ കണ്ടു നീ ആട
ഉല്ലാസം പൊങ്കുമന്ത ദീപാവലീ,
ഊരെങ്കും മകിഴ്ന്ത് ഒന്റാക കലന്ത്
ഉറൈവാടും നേരമടാ.’
കല്യാണപ്പരിശ് (1959) എന്ന ഹൃദയസ്പർശിയായ ചിത്രത്തിലെ മനോഹരമായ ഒരു ദീപാവലി ആഘോഷ രംഗം. ഇരു കൈകളിലും മത്താപ്പു കത്തിച്ചു പിടിച്ചു നൃത്തം ചെയ്യുന്ന സുന്ദരിയായ സരോജാദേവി. (പാട്ട് ഓർമയിൽ നിന്നാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം).
സ്ഥിതിഗതികൾ എങ്ങനെയായാലും നമ്മൾ ആഘോഷിച്ചാലും ഇല്ലെങ്കിലും വിശേഷദിവസങ്ങൾ വന്നു പോകും. അങ്ങനെ ഇതാ ഒരു വിഷു, ഒരു ഈസ്റ്റർ, ഒരു ഓണം, ഒരു നബി ദിനം, ഒരു വിജയദശമി ഒക്കെ വന്നു പോയി. ഇപ്പോഴിതാ ദീപാവലിയും. ഇതൊന്നും ആഘോഷിച്ചില്ല എന്ന് പറയാനാവുമോ? നമ്മൾ ഉണ്ണുന്നില്ലേ, ഉടുക്കുന്നില്ലേ, ഉറങ്ങുന്നില്ലേ, പ്രിയപ്പെട്ടവരൊക്കെ സുരക്ഷിതരായി കൂടെയില്ലേ? അത് തന്നെയാണ് ഏറ്റവും വലിയ ആഘോഷം. എന്തൊരാശ്വാസം! ഇതൊന്നുമില്ലാത്ത കുറേപ്പേരുണ്ട് എന്നോർക്കുമ്പോൾ മനസ്സ് നിറയുന്ന സന്തോഷത്തോടെ ഒരു ഉത്സവവും കൊണ്ടാടാൻ ഇപ്പോൾ നമുക്കാവില്ല.
‘നാളെ ദീപാവലിയല്ലേ?’ എന്ന് ഫോണിലൂടെ ഞാൻ പറഞ്ഞപ്പോൾ എന്റെയൊരു കൂട്ടുകാരൻ കളിയാക്കി.
‘ഓ നിങ്ങൾ തമിഴരാണല്ലോ. അല്ലേ?’
തമിഴ് എന്റെ മാതൃഭാഷയല്ല. അതുകൊണ്ട് തമിഴത്തി എന്ന് പറയാനാവില്ല. മലയാളി തന്നെ. എന്നാലും എന്റെ ചില തമിഴ് ബന്ധങ്ങളെക്കുറിച്ച് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.
‘നമ്മൾ ഇന്ത്യക്കാരല്ലേ? നമ്മുടെ എല്ലാ ഉത്സവങ്ങളും നമുക്കങ്ങ് ആഘോഷിച്ചാലെന്താ? മതേതരരാജ്യമല്ലേ? അപ്പോൾ എല്ലാ മതങ്ങളുടെയും വിശേഷദിവസങ്ങളും നമുക്കും അങ്ങ് ആഘോഷിക്കാം എന്താ?’ എന്നാണ് ഞാൻ മറുപടി കൊടുത്തത്.
‘എന്നാലും പണ്ടത്തെപ്പോലെയൊന്നു തിമർത്തുല്ലസിക്കാൻ കൊതിയാവുന്നില്ലേ’– ഇത് മറ്റൊരു സുഹൃത്തിന്റെ ചോദ്യം.
‘ഉണ്ട്. പക്ഷേ എങ്ങനെ. .. കൊറോണക്കാലമല്ലേ?’ എന്ന് പറഞ്ഞില്ല ഞാൻ.
എന്തിനത് ആവർത്തിക്കണം?
എന്താണ് ദീപാവലി? ചിലർ ദീവാലി എന്നാണ് പറയുക. അതെന്താ? സത്യത്തിൽ എനിക്കറിയില്ല. ഓരോ നാട്ടിൽ ഓരോന്ന് എന്നേ പറയാനാവൂ. ദീപാവലി എന്നാൽ ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെ, തിന്മയുടെ മേൽ നന്മയുടെ, അജ്ഞതയുടെ മേൽ അറിവിന്റെ ധാർമ്മികമായ വിജയം എന്ന് കുട്ടിക്കാലത്തു പഠിച്ചു വച്ചിരുന്നു.
ഐതിഹ്യങ്ങൾ ഓരോയിടത്തും ഓരോന്നാണ്. വടക്കേ ഇന്ത്യക്കാർ വിശ്വസിക്കുന്നത് രാവണനെ വധിച്ച ശേഷം ശ്രീരാമൻ അയോധ്യയിൽ എത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ്. മൺചിരാതുകൾ നിരത്തി കത്തിച്ചു വയ്ക്കുന്നത് ശ്രീരാമന് അന്നു ലഭിച്ച സ്വീകരണത്തിന്റെ ഓർമയ്ക്കാണോ? ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമയ്ക്കായാണ് ദീപാവലി കൊണ്ടാടുന്നത് എന്ന് ചിലർ. വേറേ ചിലർ നരസിംഹ മൂർത്തി ഹിരണ്യകശിപുവിനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു. എന്റെ വീട്ടിലും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. അന്ന് വെളുപ്പിന് എണ്ണതേച്ചു കുളിക്കണം എന്ന ആചാരമുണ്ടായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലുമെന്നപോലെ അന്ന് സദ്യയും ഉണ്ടാകും.
ഓരോ അവതാരങ്ങൾക്കുമിടയിൽ യുഗങ്ങൾ ഉണ്ടെന്നിരിക്കെ ഇതിൽ ഏതാണ് ശരി എന്ന് പറയാനാവില്ല.
തിരുവനന്തപുരത്ത് എന്റെ വീടിനു ചുറ്റും കുറെ തമിഴ് കുടുംബങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ആ തെരുവിൽ ദീപാവലി വലിയ ആഘോഷമായിരുന്നു. പലഹാരങ്ങൾ, പടക്കങ്ങൾ, പുതു വസ്ത്രങ്ങൾ അതായിരുന്നു ഞങ്ങൾ കുട്ടികൾക്ക് ദീപാവലി. (ഐതിഹ്യങ്ങൾ ഒക്കെ എന്തരോ ആവട്ട്). പലഹാരങ്ങൾ വലിയ സ്റ്റീൽ തട്ടങ്ങളിൽ നിറച്ച് അയൽ വീടുകളിൽ നിന്നെത്തും. പടക്കങ്ങളും പൂത്തിരികളും പോലും പങ്കിടും. അതൊക്കെ ഒരു കാലം. ഇന്നവിടെ ഫ്ലാറ്റുകൾ വന്നു. പലരും വീട് മാറിപ്പോയി. ആഘോഷങ്ങൾ ഉണ്ടോ എന്നു തന്നെ സംശയം. ഉണ്ടെങ്കിൽത്തന്നെ അവരവരുടെ വീടിനകത്ത്. ഷെയറിങ്ങ് എന്നൊരു പരിപാടി തന്നെയില്ല.
‘ഹാപ്പി ദീവാലി’ ആശംസിക്കാൻ ഞാൻ ആരെയും വിളിച്ചില്ല.
‘എന്ത് ഹാപ്പി ദേവീ. ഒന്നുമില്ല എല്ലാം കോറോണയുടെ നിഴലിൽ അല്ലേ?’ എന്ന മറുപടി കേൾക്കാൻ വയ്യ.
പഞ്ചമി എന്ന തമിഴ് സ്ത്രീ ഈ ബിൽഡിങ്ങിൽ പല ഫ്ലാറ്റുകളിൽ പണിക്കു വരുന്നതാണ്. എന്നെ കണ്ടതും പറഞ്ഞു: ‘നേരത്തേ പണി തീർത്തു പോകുന്നു ചേച്ചീ. മകൾ വന്നിട്ടുണ്ട്. അവളുടെ കല്യാണം കഴിഞ്ഞിട്ട് ആദ്യ ദീപാവലി. ഒരു സാരി വാങ്ങിക്കൊടുക്കണം.’
ഞാൻ അലമാര തുറന്ന് അധികം പഴക്കമില്ലാത്ത ഒരു പട്ടുസാരിയെടുത്ത് അവൾക്കു കൊടുത്തു.
‘ഇത് പഞ്ചമിക്ക്’ എന്നുപറഞ്ഞു
അവളുടെ വലിയ കണ്ണുകൾ ഒന്നുകൂടി വിടർന്നു.
‘പട്ടു ബ്ലൗസാണ്, പഞ്ചമിക്കു പാകമാകും.’ ബ്ലൗസു കൂടി കൊടുത്തു.
‘അത് ഞാൻ ഇട്ടു നോക്കാം. പാകമാകും ചേച്ചീ’.
‘ഇത്തിരി പഴയതാണ് സാരമില്ല. പുതിയത് വാങ്ങാൻ ഇപ്പോൾ നിർവാഹമില്ല. അടുത്ത തവണയാകട്ടെ.’ ഞാൻ ആശംസിച്ചു.
ആ സന്തോഷം കണ്ടപ്പോൾ എന്റെയുള്ളിൽ ദീപാവലി തെളിഞ്ഞു.
English Summary : Kadhayillaimakal : Diwali in the times of COVID-19