ഹിസ്റ്ററി പഠിക്കുമ്പോൾ 'gender discrimination' അഥവാ ലിംഗവിവേചനം പല സന്ദർഭങ്ങളിലും കടന്നു വരുന്നുണ്ട്. പറയുന്നത് ചെറിയ പെൺകുട്ടികളാണ്.
‘‘അതെന്താണങ്ങനെ...’’ എന്ന ചോദ്യത്തിന് ‘‘പണ്ടത്തെക്കാലത്ത് അത് വളരെക്കൂടുതലയായിരുന്നു...’’ എന്ന എന്റെ ഉത്തരം മിലി ഉൾപ്പെടെയുള്ള ഏഴാം ക്ലാസ്സുകാരികളെ തൃപ്തരാക്കിയില്ല.
ചരിത്രത്തിൽ മാത്രമല്ല ഇപ്പോഴും അതുണ്ട് എന്നവർ കാര്യകാരണസഹിതം വാദിച്ചു. ‘‘ഇന്ന് ഒരുപാടു മാറ്റങ്ങളുണ്ട്. പലയിടത്തും സ്ത്രീക്ക് പുരുഷനൊപ്പം തന്നെ, ഒരുപക്ഷേ കൂടുതൽ സ്ഥാനമുണ്ട് എന്ന് ഉദാഹരണങ്ങൾ നിരത്തിയുള്ള എന്റെ എതിർവാദം പരിപൂർണമായി വിജയിച്ചില്ല. വീട്ടിലും സ്കൂളിലും ഈ വിവേചനം ഇപ്പോഴുമുണ്ടെന്നുള്ളത് പെൺകുട്ടികളെ അസ്വസ്ഥരാക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി.
‘‘ഏതെങ്കിലും ക്രിക്കറ്റ് ടീമിൽ അല്ലെങ്കിൽ ഹോക്കി ടീമിൽ പെണ്ണുങ്ങൾ ഉണ്ടോ?’’
‘‘പെൺകുട്ടികൾക്ക് വേറെ ക്രിക്കറ്റ് ടീമും ഹോക്കി ടീമും ഒക്കെ ഉണ്ടല്ലോ’’
‘‘വേറെ’’ അതാണ് ഡിസ്ക്രിമിനേഷൻ. ഒരേ ടീമിൽ എന്ത് കൊണ്ടില്ല?
‘‘ഏതെങ്കിലും ഗെയിമിൽ ആണിനെതിരെ പെണ്ണ് മത്സരിക്കുന്നുണ്ടോ? ഇല്ല. പെണ്ണുങ്ങൾ തമ്മിൽ, ആണുങ്ങൾ തമ്മിൽ...’’
അതിന്റെയൊക്കെ സാങ്കേതിക വശങ്ങൾ എനിക്കറിയാത്തതുകൊണ്ട് എനിക്കൊരു മറുപടി ഉണ്ടായില്ല. എന്നാലും ഞാൻ പറഞ്ഞു:
‘‘അത് വിവേചനം എന്ന് പറയാനാവില്ല കായിക ബലത്തിൽ എന്തായാലും ആണും പെണ്ണും തമ്മിൽ വ്യത്യാസമുണ്ട്. അത് പ്രകൃതിനിയമമാണ്. അത് കൊണ്ടാണങ്ങനെ ഒരു വേർതിരിവ്...’’
ഒരു നിമിഷം മിണ്ടാതിരുന്നിട്ടു ഞാൻ തുടർന്നു...
‘‘നോക്കൂ ഒരുപാട് പുരോഗതി അവകാശപ്പെടുന്ന അമേരിക്ക പോലെയുള്ള ഒരു രാജ്യത്ത് ഇന്നോളം ഒരു വനിതാ പ്രസിഡന്റ് ഉണ്ടായിട്ടില്ല. പക്ഷേ നമ്മുടെ ഇന്ദിരാഗാന്ധി ഈ രാജ്യത്തെ നയിച്ചില്ലേ? ശ്രീമതി പ്രതിഭാ പാട്ടീൽ നമ്മുടെ പ്രസിഡന്റ് ആയില്ലേ? ഇപ്പോഴാണ് അമേരിക്കയിൽ ഒരു കമല വൈസ് പ്രസിഡന്റ് ആകുന്നത്. അതും ഒരു ഇന്ത്യൻ വംശജ! ’’ ഞാൻ വാദം തുടർന്നു.
‘‘വലിയ വലിയ കാര്യങ്ങൾ അവിടെ നിൽക്കട്ടെ. പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ട്. ആൺകുട്ടികളുടേത് ഇരുപത്തിയൊന്ന്. എന്താ രണ്ടു കൂട്ടർക്കും ഒരേ പ്രായമാവാത്തത്? ’’ അടുത്ത ചോദ്യം.
സാമൂഹികവും ശാസ്ത്രീയവുമായ കാരണങ്ങൾ ഞാൻ നിരത്തിയെങ്കിലും ആ പന്ത്രണ്ടു വയസ്സുകാരികൾ സമ്മതിച്ചു തരാൻ കൂട്ടാക്കിയില്ല.
‘‘ആട്ടെ, രാമുവിന് ഇവിടെയുള്ള പല പ്രിവിലേജസും എനിക്കില്ലല്ലോ. നീ പെൺകുട്ടിയല്ലേ എന്ന് ഇടയ്ക്കെങ്കിലും പറയാറില്ലേ?’’
എന്ന് ഒടുവിൽ വളരെ ആധികാരികമായ തെളിവ് നൽകിക്കൊണ്ട് മിലി അവളുടെ ആ ടീമിനെ ജയിപ്പിച്ചു. ഞാൻ പിന്നെ തർക്കിക്കാൻ പോയില്ല. അവരുടെ ആ പുതിയ തലമുറ മാറ്റങ്ങൾ ഉണ്ടാക്കട്ടെ!
ഒരു ആൺകുട്ടിയോടുള്ള കടുത്ത പക്ഷപാതം കണ്ടു വളർന്നതാണ് ഞാനും എന്റെ രണ്ട് അനുജത്തിമാരും. ഞങ്ങളുടെ ഏക സഹോദരൻ എന്ന അമ്മയുടെ ഒറ്റപ്പുത്രൻ അമ്മയ്ക്ക് എന്തിനും ഏതിനും മീതെയായിരുന്നു. ഭക്ഷണം വിളമ്പുന്നിടത്തുനിന്ന് തുടങ്ങുന്നു ഈ വേർതിരിവ്. എല്ലാം ഏറ്റവും നല്ലത്, വലുത്. എന്തിന്, രൂപം പോലും നോക്കിയാണ് അമ്മ അവനു കൊടുക്കുക. ഭക്ഷണത്തിന് ക്ഷാമമില്ലായിരുന്നതു കൊണ്ട് ഞങ്ങൾക്കതിൽ വലിയ പരാതി തോന്നിയിരുന്നില്ല.
‘‘അതെന്താ ഞാൻ ആകാശത്തുനിന്നു പൊട്ടി വീണതാണോ? ’’ എന്ന് ഞാൻ മാത്രമാണ് വല്ലപ്പോഴുമെങ്കിലും ചോദിച്ചിരുന്നത്.
ഉടുപ്പുകൾ വാങ്ങുമ്പോഴും അതു തന്നെ. ഏറ്റവും വിലകൂടിയത് മകന് ! ചെലവിനെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചുമൊക്കെ ഉപദേശിച്ചിരുന്നത് ഞങ്ങൾ പെൺകുട്ടികളെ മാത്രം. മകൻ വളരുന്നതിനനുസരിച്ച് സൈക്കിൾ, സ്ക്കൂട്ടർ, ബൈക്ക്, പിന്നെ കാറ് അങ്ങനെ വാങ്ങിക്കൊടുത്തു കൊണ്ടിരുന്നു അമ്മ. ഞങ്ങൾക്ക് ഈ വിധ ആഡംബരങ്ങൾ ഒന്നുമില്ല. അന്നും പെൺകുട്ടികൾ സൈക്കിളോടിക്കുകയും സ്കൂട്ടറോടിക്കുകയും കാറോടിക്കുകയുമൊക്കെ ചെയ്തിരുന്നു.
പോക്കറ്റ് മണിയും അവനു മാത്രം. അവനൊരു ആൺകുട്ടിയല്ലേ, പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കയ്യിൽ വേണ്ടേ? എന്നൊരു ന്യായം !
അത് എന്റെ വീട്ടിൽ മാത്രമല്ല, അന്നത്തെക്കാലത്ത് ഞാനറിയുന്ന എല്ലായിടത്തെയും രീതി അതു തന്നെ.
ഇതെല്ലാം കഴിഞ്ഞ് സ്വത്തുക്കൾ കൊടുക്കുന്ന സമയത്തും ഞങ്ങൾ മൂന്നു പെൺകുട്ടികളെയും അത്യാവശ്യത്തിനൊക്കെ തന്ന് പറഞ്ഞയച്ചിട്ട് കോടികളുടെ സ്വത്ത് അമ്മ മകനു നീക്കി വച്ചു.
ഇതിലൊന്നിലും ഞങ്ങൾ മൂന്നുപേർക്കും അഭിപ്രായമോ പരാതിയോ വിഷമമോ ഉണ്ടായില്ല എന്നതാണ് അദ്‌ഭുതം. ഏക ആൺതരിയോടുള്ള വിവേചനം ഞങ്ങളും അംഗീകരിച്ചു കൊടുത്തു എന്നതാണ് സത്യം. അഥവാ ഉണ്ടായിട്ടും കാര്യമില്ല. കാരണം അമ്മയുടെ പക്ഷഭേദം അത്രയും സ്ട്രോങ്ങായിരുന്നു.
ഇന്നും അയൽവീടുകളിൽ, ബന്ധുഭവനങ്ങളിൽ ഈ വിവേചനം ഞാൻ കാണാറുണ്ട്. ഒരാണും ഒരു പെണ്ണുമായാലും ഒറ്റപ്പുത്രൻ അവൻ. അവൾ ഒറ്റപ്പുത്രിയായിട്ടും വിശേഷമൊന്നുമില്ല.
ഇനി തമാശ ഇതൊന്നുമല്ല. മക്കൾ വളർന്ന് അവർക്കു വീടും കുടുംബവുമൊക്കെ ആയിക്കഴിയുമ്പോൾ പിന്നെ താത്പര്യം ചില അമ്മമാർക്ക് പെൺമക്കളോടാവും. മരുമകൾ വന്നു കഴിയുമ്പോൾ മകൻ അന്യനാവുന്നു എന്ന് പരാതിപ്പെടുന്ന അമ്മമാർ ഏറെയുണ്ട്. ഇത് അമ്മമാരുടെ മാത്രം കുറ്റമല്ല. പെണ്മക്കൾക്ക് എത്രയൊക്കെയായാലും സ്വന്തം അച്ഛനമ്മമാരോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടാവും എന്നു പറയുന്നതും പക്ഷപാതികളായ ഈ അമ്മമാർ തന്നെ.
വീട്ടുജോലികളുടെ കാര്യം പിന്നെ പറയാനില്ല. ഒരേ പഠിപ്പും ഒരേ ജോലിയും ഒരേ പദവിയും ഒക്കെ ഉണ്ടെങ്കിലും അടുക്കളജോലി വീട്ടിലെ പെണ്ണുങ്ങൾക്ക് തന്നെ. സഹായിക്കുന്നവർ ഇല്ലെന്നല്ല, അപൂർവം തന്നെ.
ഒരു സ്ത്രീ ഓഫിസിൽ മേധാവിയായി വരുമ്പോൾ അവരെ അംഗീകരിക്കാൻ കീഴ്ജീവനക്കാരായ പുരുഷന്മാർ മടിക്കുന്നത് പല സ്ഥാപനങ്ങളിലും പ്രകടമായിത്തന്നെ കാണുന്നുണ്ട്..സമൂഹത്തിൽ പലയിടങ്ങളിലും ഈ വിവേചനം നിലനിൽക്കുന്നു എന്ന് ഈ ചെറിയ പെൺകുട്ടികളുടെ വാദം ഒരു പരിധി വരെ ശരിയാണ്.
‘‘എന്റെ കുട്ടികളേ, സൃഷ്ടികർത്താവായ തമ്പുരാൻ പോലും ലിംഗ വിവേചനം കാണിച്ചില്ലേ ? ശാരീരിക ബലവും കരുത്തും പുരുഷന് നൽകിയില്ലേ? എന്നിട്ട് ആർത്തവം, ഗർഭം, പ്രസവം മുതലായ കഷ്ടപ്പാടുകൾ മുഴുവനും നൽകി സ്ത്രീയെ ദുർബലയാക്കിക്കളഞ്ഞില്ലേ? പിന്നെ ആരോട് പരാതിപറയാൻ...’’ എന്റെ ആ ഒറ്റ തുറുപ്പു ചീട്ടിൽ ആ കൊച്ചു പെൺകുട്ടികൾ മുഴുവൻ അദ്‌ഭുതസ്തബ്ധരായി എന്നെ നോക്കിയിരുന്നു.
English Summary : Kadhayillaimakal : Do parents treat their sons and daughters differently?