ഉപദ്രവിച്ചോളൂ, പക്ഷേ ഉപദേശിക്കരുത്, പ്ലീസ്...

advice
പ്രതീകാത്മക ചിത്രം. Photo Credit : Minerva Studio / Shutterstock.com
SHARE

‘‘എന്നെ തല്ലിക്കോളൂ, ചീത്ത പറഞ്ഞോളൂ.ഉപദേശിക്കരുത് പ്ലീസ്...’’

ഇത് പുതിയ തലമുറയുടെ മാത്രമല്ല. പഴയ തലമുറയുടെയും അപേക്ഷ തന്നെ. ഉപദേശം ആർക്കാണിഷ്ടം?

കറ നല്ലതല്ലേ എന്ന് സോപ്പുപൊടിയുടെ പരസ്യത്തിൽ പറയും പോലെ ഞാനൊന്നു ചോദിക്കട്ടെ.

‘‘ഉപദേശം നല്ലതല്ലേ?’’

‘‘പിന്നെ നല്ലത് ! അതൊക്കെ നിങ്ങളുടെ കാലത്ത്. ഞങ്ങൾക്ക് ഉപദേശം  അസഹനീയമാണ്’’ എന്നു തന്നെയാവും മറുപടി.

ഞങ്ങളുടെ കുട്ടിക്കാലത്ത് വലിയവരുടെ ഉപദേശം ചെറിയവർക്ക് ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒന്നായിരുന്നു. മരുന്ന് തരും പോലെ കൃത്യമായ ഡോസുകളിൽ ഇടയ്ക്കിടെ കിട്ടും. ഇപ്പോഴത്തെ കുട്ടികളെപ്പോലെ ‘ഓ തുടങ്ങി’, ‘ഒന്ന് നിറുത്തുന്നുണ്ടോ’,‘മതി ഉപദേശിച്ചത്’ എന്നൊക്കെ തറുതല പറയുന്ന കാര്യം ഞങ്ങൾക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. അത്രയ്ക്ക് അനുസരണാശീലം ഉണ്ടായിരുന്നു എന്നൊന്നുമല്ല. മൂത്തവരെ പേടിക്കണം ഇളയവർ എന്നൊരു നിയമം അന്ന് കർശനമായി പാലിച്ചു പോന്നു. എന്നിട്ടോ, ആരും കേൾക്കാതെ നിന്നു പിറുപിറുക്കും. എങ്കിലും ഉപദേശത്തെ പരിപൂർണമായങ്ങു ധിക്കരിക്കാൻ കഴിയുമായിരുന്നില്ല. ഇത് വളരെ പണ്ടത്തെ ഒരു തലമുറയുടെ കാര്യമാണേ.

ഞങ്ങളുടെ തൊട്ടടുത്ത തലമുറ അതായത് ഞങ്ങളുടെ മക്കളുടെ കാലമായപ്പോഴേക്ക് ഉപദേശം ക്ഷമയോടെ കേട്ട് നിൽക്കുക, എന്നിട്ടതിന് കടക വിരുദ്ധമായി പ്രവർത്തിക്കുക എന്ന മട്ടായി. എന്റെ മകന്റെ കൂട്ടുകാരൻ ബാലു ഗിറ്റാർ പഠിക്കുന്നുണ്ടായിരുന്നു. അവൻ ഗിറ്റാർ വായിക്കുന്നത് കേൾക്കാനിടയായ ഒരു ‘അങ്കിൾ’.ഉപദേശം തുടങ്ങി. ഗിറ്റാർ എങ്ങനെ പഠിക്കണം? എത്രനേരം പ്രാക്ടീസ് ചെയ്യണം? എത്രമാത്രം ഏകാഗ്രത വേണം. ഇപ്പോൾ പഠിപ്പിക്കുന്ന സർ അത്രപോരാ, വേറെ ഒരാളെ കണ്ടുപിടിക്കണം. ഇങ്ങനെ നീണ്ടു പോയി ഉപദേശം. ബാലുവിന്റെ ചെവി മാത്രമല്ല തലയും മരവിച്ചു. അതോടെ ബാലു ഗിറ്റാർ പഠിത്തം നിർത്തി എന്ന് പറഞ്ഞാൽ മതിയല്ലോ‍.

കൗമാരപ്രണയത്തിൽ കുടുങ്ങിയ രണ്ടു പെൺകുട്ടികൾ– രമയും സുനിതയും. അവർ കസിൻസ് ആണ്. രണ്ടു പേരെയും പ്രണയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമം തുടങ്ങി. സാമം ദാനം ഭേദം വരെയായി ദണ്ഡം വേണ്ട എന്ന് ആ കുട്ടികളുടെ അച്ഛനമ്മമാരെ ഉപദേശിച്ചത് ഞങ്ങളുടെ ഒരു അമ്മാവനാണ്. കാര്യം അങ്ങേരങ്ങേറ്റെടുത്തു. കുട്ടികളെ ഉപദേശിക്കാൻ അദ്ദേഹം കച്ചകെട്ടി. അമ്മാവന്റെ ഉപദേശം ലക്‌ഷ്യം കണ്ടോ, അതോ അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വഴങ്ങിയതാണോ രമ ആ പ്രണയത്തിൽ നിന്നു പിന്മാറി. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് അവൾ സമ്മതിച്ചു. അമ്മാവൻ സുനിതയെയും ഉപദേശിച്ചു. എന്നെക്കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു.

‘‘രമയെ പിന്മാറ്റാൻ ഒരു ദിവസം മുഴുവൻ വേണ്ടി വന്നു. സുനിതയെ ഇതാ രണ്ടു മണിക്കൂർ കൊണ്ട് ഞാൻ നേർ വഴിക്കു കൊണ്ടുവന്നു’’

ഓ എന്തൊരു ആത്മവിശ്വാസം ! ഇനി ആരെയെങ്കിലും ഉപദേശിക്കണമെങ്കിൽ അമ്മാവനെ തന്നെ വിളിക്കണം എന്ന് ഞാനുറപ്പിച്ചു. സുനിതയ്ക്കു കല്യാണാലോചനകൾ നോക്കി തുടങ്ങി. അപ്പോൾ ഒരു നാൾ കേൾക്കുന്നു അവൾ ആ പയ്യന്റെ കൂടെ ഓടിപ്പോയി എന്ന്. ഏതായാലും പ്രണയത്തിൽ നിന്നു പിൻമാറാൻ  വയ്യ. അമ്മാവന്റെ ഉപദേശം ദീർഘനേരം കേട്ട് സഹിക്കുന്നതെന്തിന്? അമ്മാവൻ പറയുന്നത് എല്ലാമങ്ങ് സമ്മതിച്ചാൽ പ്രശ്നം തീർന്നല്ലോ. സുനിതയുടെ ഒരടവേ.

പിന്നീട് അമ്മാവനെക്കണ്ടപ്പോൾ ഞാൻ കളിയാക്കി. 

‘‘എന്തായിരുന്നു പൊങ്ങച്ചം (തള്ള് എന്ന വാക്ക് അന്ന് ഇറങ്ങിയിട്ടില്ല)’’

‘‘ഞാനറിഞ്ഞോ? ഇങ്ങനെയും അഭിനയിക്കുമോ പെൺകുട്ടികൾ? ആരും വിശ്വസിച്ചു പോകും..’’പുള്ളി അദ്‌ഭുതത്തോടെ പറഞ്ഞു.

ഉപദേശം പരാജയപ്പെട്ടതിൽ ചമ്മലുണ്ടായിരുന്നെങ്കിലും അദ്ദേഹം ആ തൊഴിൽ ഉപേക്ഷിച്ചില്ല. ഉപദേശം തുടർന്നു. അനന്തിരവർ അമ്മാവനെക്കണ്ടാൽ ഉപദേശം പേടിച്ച്  ഒളിക്കും. വേർപിരിയാൻ തീരുമാനിച്ച ഒരു അനന്തിരവളെയും ഭർത്താവിനെയും ഉപദേശിച്ചു യോജിപ്പിക്കാൻ ഒരു മാസം ശ്രമിച്ച് പരാജയപ്പെട്ടതോടെ പിന്നെ ആരെയും അദ്ദേഹം ഒരു കാര്യത്തിനും ഉപദേശിച്ചതായി കേട്ടിട്ടില്ല.

ഉപദേശം നല്ലതല്ലേ എന്ന ചോദ്യം ഒന്നു കൂടി ആവർത്തിക്കട്ടെ. ശ്രീബുദ്ധൻ മുതൽ ശ്രീനാരായണഗുരു വരെയുള്ള മഹാന്മാർ ജനങ്ങളെ ഉപദേശിക്കുകയല്ലേ ചെയ്തത്. ആ വാക്കുകൾ ചെവിക്കൊണ്ട് അനേകം പേർ ജീവിതത്തിൽ നന്മയുടെ പാതകൾ സ്വീകരിച്ചിട്ടില്ലേ ? യേശുദേവന്റെ ഉപദേശങ്ങൾ ലോകം മുഴുവൻ പ്രചരിച്ചില്ലേ ! 

ഉപദേശം കേട്ട് മടുക്കുമ്പോൾ ‘എന്നെയങ്ങ് കൊല്ല്’ എന്നു പറയുന്ന തമാശക്കാരുമുണ്ട്. 

എന്റെ സൗഹൃദവലയത്തിൽ ഒരു കുട്ടിക്കൂട്ടവുമുണ്ട് എന്ന് ഞാൻ പറയാറില്ലേ. ഉപദേശം എന്ന വാക്ക് പോലും അവരെ ശുണ്ഠി പിടിപ്പിക്കും.

‘‘പുസ്തമെടുക്കുമ്പോഴായിരിക്കും ഒരു വിളി... അമ്മയുടെ... പോയിരുന്നു പഠിക്ക്... തീർന്നു. അതോടെ മൂഡു പോകും’’

‘‘ചില ടീച്ചേഴ്സ് ക്ലാസ്സിൽ വരുന്നതേ ഒരുകെട്ട് ഉപദേശവുമായാണ്. ഓ, പിന്നെ ഞങ്ങളങ്ങ് സഹിക്കും. അവരുടെ ബോറൻ ക്ലാസ് അന്നത്തെ  ദിവസം പോയിക്കിട്ടും..’’

‘‘അത് ചെയ്യ് ഇത് ചെയ്യ്. അതുപാടില്ല ഇത് പാടില്ല. എന്തൊരു കഷ്ടമാണിത്’’

‘‘പെൺകുട്ടികൾക്കാണ് കൂടുതൽ ഉപദേശം കിട്ടുന്നത്. അതെന്തിനാണ് ?’’ ഒരു കുട്ടി ഫെമിനിസ്റ്റ് ചൊടിച്ചു. 

അവരുമായുള്ള ചർച്ചയ്ക്കിടയിൽ ചെറിയ ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

‘‘നമ്മൾ ചെയ്യുന്നത് എല്ലാം ശരി എന്ന് തോന്നുമ്പോഴാണ് ഉപദേശം വിരസമായി തോന്നുന്നത്. നമ്മുടെ നന്മയോർത്തല്ലേ ചിലർ നമ്മളെ ഉപദേശിക്കുന്നത്. ബോറാണെങ്കിലും ചില ഉപദേശങ്ങൾ തെറ്റ് തിരുത്താൻ നമ്മളെ സഹായിക്കും.’’

അതും ഒരു ഉപദേശമായിരുന്നെങ്കിലും അവർ പ്രതിഷേധിച്ചില്ല.

എന്റെ മക്കൾ തീരെ കുട്ടികളായിരുന്നു കാലത്ത് (ഒരാൾക്ക് പതിനൊന്നും മറ്റേയാൾക്കു അഞ്ചും വയസ്സുണ്ടാവണം അന്ന്) മകളുടെ കരച്ചിൽ കേട്ടാണ് ഞാൻ ഓടി ചെന്നത്. അവൾ കരയുന്നതു നോക്കി വിഷണ്ണനായി നിൽക്കുന്നു മകൻ. തല്ലു കൂടുന്ന ശീലം അവർക്കില്ല. പിന്നെന്തേ?

‘‘എന്ത് പറ്റി മോളെ...’’ ഞാൻ ചോദിച്ചു.

ഒഴുകുന്ന കണ്ണീരുമായി മകന്റെ നേർക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു – ‘‘ചേട്ടൻ എന്നെ ഉപദേശിക്കുന്നൂ. ..ഊ...ഊ..’’

ഇനി പറയൂ... ഉപദേശം നല്ലതല്ലേ?
 

English Summary: Kadhaillayimakal : Please pardon us from your advice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.