ലോകം മുഴുവൻ ഒരു ഉണ്ണിയുടെ ജന്മദിനം കൊണ്ടാടുമ്പോൾ മറ്റെന്തിനെക്കുറിച്ചാണ് ചിന്തിക്കാനാവുക. എത്രയോ തവണ ക്രിസ്മസ് ഓർമകൾ എഴുതിയിട്ടുണ്ട്. ഇത്തവണ വ്യത്യസ്തമാവട്ടെ. ഇത് കോവിഡ് കാലത്തെ ക്രിസ്മസ് അല്ലേ? എല്ലാത്തിനും നിയന്ത്രണങ്ങൾ, പരിധികൾ, പരിമിതികൾ ! എന്നാലെന്താ നമ്മുടെ മനസ്സിലെ ക്രിസ്മസിന് നക്ഷത്ര വിളക്കുകളുടെ വെളിച്ചവും പുൽക്കൂടിന്റെ ലാളിത്യവും കരോൾ ഗാനങ്ങളുടെ ശ്രുതിയും കേക്കിന്റെ മധുരവും വിശേഷഭക്ഷണങ്ങളുടെ രുചികളുമില്ലേ? നമുക്ക് ആഘോഷിക്കാമെന്നേ. ബഹളങ്ങളില്ലാതെ ആർഭാടങ്ങളില്ലാതെ നമ്മുടെ വീടിനകത്ത് ഹൃദ്യമായി.
പിന്നെ പഴയ കൂട്ടുകാരെ ഫോണിൽ വിളിച്ച് ഓർമ്മകൾ പങ്കു വച്ച് രസിക്കാം. പണ്ട് ഒരുമിച്ച് കരോൾ പാടി നടന്നത് , പുൽക്കൂട് ഒരുക്കിയത്, കൂട്ടുകാരെയല്ലാം ക്രിസ്മസ് വിരുന്നിനു ക്ഷണിച്ചത്, അവധിക്കാലം മുഴുവൻ കളിച്ചു തിമർത്തത്. ബാല്യകാല സുഹൃത്തുക്കൾക്ക് ആശംസകൾ കൈമാറാം. ഗിഫ്റ്റ്കൾ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഇടാം. കയ്യിൽ കിട്ടില്ലെന്നേയുള്ളു. കാണാമല്ലോ.
കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും പെരുന്നാളാണ് ക്രിസ്മസ്. ക്രിസ്മസ് ഫ്രണ്ട്, ക്രിസ്മസ് സമ്മാനം കൈമാറൽ ഇതൊന്നും പണ്ടുണ്ടായിരുന്നില്ല. ഇപ്പോൾ കുടുംബശ്രീ,അയൽക്കൂട്ടം ഇതൊക്കെ പോലെയുള്ള കൂട്ടായ്മകളിലും ചില പ്രൈവറ്റ് സ്ഥാപനങ്ങളിലും രസകരമായ ഈ വിനോദമുണ്ട്. ഫ്രണ്ടിനെ നറുക്കിട്ടെടുക്കുക ഗിഫ്റ്റുകൾ കൈമാറുക എന്ന ചടങ്ങു വച്ചപ്പോൾ ഒരു പ്രശ്നമുണ്ടായി.
‘ഞാൻ ഒരുത്തിക്കു നല്ല ഒരു സാരിയാ കൊടുത്തത് ചേച്ചീ... എന്നിട്ടു മറ്റൊരുത്തി എനിക്ക് തന്നതോ ഒരു ഹൗസ് കോട്ട്’ അന്ന ഒരിക്കൽ എന്നോട് പറഞ്ഞു. ‘അതേയ് നമ്മൾ ഗിഫ്റ്റ് കൊടുക്കുന്ന ആളായിരിക്കില്ല നമുക്ക് തരുന്നത്’ സാരമില്ല. ഗിഫ്റ്റ് ഗിഫ്റ്റാണ് അതിന്റെ വില പ്രശ്നമല്ല. പിന്നെ മറ്റൊരാൾ വാങ്ങി തരുന്നതല്ലേ ? നമ്മുടെ ഇഷ്ടം അവർക്കറിയില്ലല്ലോ. സന്തോഷത്തോടെ സ്വീകരിക്കുക’. ഞാൻ ആശ്വസിപ്പിച്ചു.
പരാതികൾ കൂടിയപ്പോൾ ഒരു വ്യവസ്ഥ വച്ചത്രേ. ഇരുന്നൂറ്റമ്പതു രൂപയിൽ കൂടുതലുള്ള ഗിഫ്റ്റുകൾ പാടില്ല . അപ്പോൾ പിന്നെ പരാതിയുമില്ല. ഇത് പറഞ്ഞതും അന്ന തന്നെ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ അവർ ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി എന്ന് അന്ന സന്തോഷത്തോടെ പറഞ്ഞു. മാസ്കിന്റെ ഒരു പായ്ക്കറ്റാണത്രെ അന്നയ്ക്ക് കിട്ടിയ ക്രിസ്തുമസ് സമ്മാനം. ഇതൊക്കെ കേട്ടപ്പോൾ ക്രിസ്മസ് പാപ്പാ കഥകൾ ഓർമ വന്നു. എന്നെക്കാണാനായി എത്രയോ വർഷമായി ഒരാൾ ക്രിസ്മസ് തലേന്ന് ഒരു കേക്കുമായി വരാറുണ്ട്. എന്നെ അമ്മ എന്ന് വിളിക്കുന്ന അനേകം പുത്രന്മാരിൽ ഒരാൾ.
കോവിഡ് കാരണം ജോലിയില്ല. പണമില്ല. ആഘോഷിക്കാൻ വഴിയില്ല എന്ന് പരിതപിക്കുന്ന കുറേപ്പേർ.അതേസമയം ഈ മഹാമാരിയെ മറന്നു കൊണ്ട് പെരുമാറുന്നവരുമുണ്ട്. ക്രിസ്മസ് അല്ലേ? ആഘോഷിക്കാതിരിക്കുന്നതെങ്ങിനെ ?
‘ദേവിയമ്മ ഒന്ന് പുറത്തിറങ്ങി നോക്കൂ .ആളുകൾ എല്ലാം മറന്ന് റോഡിലും കടകളിലുമൊക്കെ തിങ്ങിക്കൂടുന്നു . കൊറോണ പേടിച്ചോടി എന്നാ തോന്നുന്നത്’ എന്ന് തിരക്ക് കണ്ടിട്ട് ഒരാൾ എന്നെ വിളിച്ചു പറഞ്ഞു .
ഡിസംബർ ആണ് ഏറ്റവും സുന്ദരമായ മാസമെന്നും ക്രിസ്മസ് ആണ് ഏറ്റവും നല്ല ആഘോഷമെന്നും എന്റെ മകൻ പറയാറുണ്ടായിരുന്നു. അവൻ അറിയാതെ ഇതാ ഒരു ക്രിസ്മസ് കൂടി കടന്നു പോകുന്നു. എന്തിനാണ് എപ്പോഴും ദുഃഖത്തിലും ഭീതിയിലും ജീവിതത്തെ തളച്ചിടുന്നത്. സുന്ദരമായ സ്വപ്നങ്ങളിൽ അലയാൻ നമ്മുടെ മനസുകളെ വിട്ടുകൂടെ എന്നവൻ പറയാറുണ്ടായിരുന്നു. പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുന്ന നാളുകൾ. മാസ്‌ക് കൊണ്ട് മുഖം മൂടിയുള്ള നടപ്പ്. ഇതെല്ലം മാറുമെന്നും എല്ലാം പഴയതുപോലെ ആകുമെന്നും നമുക്ക് ആശിക്കാം. ഈ ക്രിസ്മസ് അനുഗ്രഹങ്ങൾ ചൊരിയട്ടെ ! പുതുവർഷം സുഖവും സന്തോഷവും സൗഭാഗ്യവും കൊണ്ടു വരട്ടെ ‘ലോകം മുഴുവൻ സുഖം പകരാനായി ആ സ്നേഹ ദീപം മിഴി തുറക്കട്ടെ’ .
English Summary : Kadhaillayimakal Column - Christmas celebration and christmas friend