പാചകം ഒരു കല

cooking
Representative Image. Photo Credit: KarepaStock / Shutterstock
SHARE

പാചകം ഒരു കലയാണോ? ആണെങ്കിലും അല്ലെങ്കിലും ഏത് അടുക്കളയിലും നാലു നേരവും വല്ലതുമൊക്കെ വച്ചുണ്ടാക്കിയാലല്ലേ പറ്റൂ. ഈ പണി മിക്കവാറും വീട്ടമ്മയുടെ കുത്തക തന്നെ. അപൂർവമായി പാചകം ചെയ്യുന്ന ഗൃഹനാഥന്മാർ ഇല്ലെന്നല്ല. തീർച്ചയായും ഉണ്ട്. രണ്ടുപേരും ഉദ്യാഗസ്ഥരാകുമ്പോൾ ജോലികൾ തീർത്ത് കുട്ടികളെ സ്കൂളിലേക്കയച്ച്, രണ്ടുപേരും സമയത്ത് ഓഫീസിലെത്തണമെങ്കിൽ ഭാര്യയെ ജോലികളിൽ അൽപ്പം സഹായിച്ചേ പറ്റൂ എന്ന് ഞങ്ങളുടെ സഹപ്രവർത്തകരിൽ ചിലർ പറയാറുണ്ടായിരുന്നു.

സദ്യകൾക്കും കേറ്ററിംഗ് സർവീസുകൾക്കും വേണ്ടി ആഹാരപദാർത്ഥങ്ങൾ  തയാറാക്കുന്നവർ ഭൂരിപക്ഷവും പുരുഷന്മാരാണ്. പക്ഷേ ഇവർ പോലും വീട്ടിൽ ഭക്ഷണമുണ്ടാക്കുകയില്ല എന്ന് ഇവരിൽ ചിലരുടെ ഭാര്യമാർ എന്നോട് പറഞ്ഞിട്ടുണ്ട്. വീട്ടിലെ ഭക്ഷണം ഒന്ന് വേറെ തന്നെയല്ലേ?

അത് അമ്മയോ, സഹോദരിയോ, ഭാര്യയോ മകളോ, ആരാണെന്നുവച്ചാൽ വീട്ടിലെ സ്ത്രീകൾ വേവിച്ചു വിളമ്പുമ്പോൾ രുചികൂടും. അതവരുടെ സ്നേഹവും വാത്സല്യവും ശ്രദ്ധയും കൂടിക്കലരുന്നതു കൊണ്ടാവാം.

നളൻ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ പാചക വിദഗ്ധൻ എന്നാണ് ഐതിഹ്യം. നളപാകം എന്നൊരു ശൈലി പോലുമുണ്ട്. മഹാഭാരതത്തിലെ ഭീമനും അജ്ഞാതവാസക്കാലത്ത് അടുക്കളക്കാരനായി എന്നല്ലേ കഥ. എല്ലാ വിഭവങ്ങളും ഒരുക്കിക്കഴിഞ്ഞു ബാക്കി വന്ന പച്ചക്കറികൾ പാഴാക്കണ്ട എന്ന് കരുതി അതെല്ലാം കൂടി ചേർത്ത് ഒരു കൂട്ടാനുണ്ടാക്കി. അങ്ങനെ ഭീമൻ കണ്ടു പിടിച്ചതാണത്രേ നമ്മുടെ അവിയൽ !

കുക്കിങ്ങിൽ വളരെ താത്പര്യമുള്ള സ്ത്രീകളുണ്ട്. നമ്മുടെ സാധാരണ ചോറും കറികളും മുതൽ ഉത്തരേന്ത്യൻ വിഭവങ്ങളും ചൈനീസ്, കോണ്ടിനെന്റൽ പാചകങ്ങളും വരെ ഇവർ പരീക്ഷിച്ചു വിജയം നേടി ഭക്ഷണപ്രിയരുടെ പ്രശംസ നേടുന്നു. ഇവർക്ക് പാചകം നൃത്തം പോലെ സംഗീതം പോലെ ഒരു കല തന്നെയാണ്.

ഈയിടെ ഒരു ‘ട്രെൻഡ്’ ആയി മാറിയിരിക്കുകയാണ് കേക്കുണ്ടാക്കൽ!വീട്ടിലുള്ളവർക്കു വേണ്ടി പണ്ട് മുതലേ നമ്മളിൽ പലരും കേക്കുകൾ ബേക്ക് ചെയ്യാറുണ്ട് പക്ഷേ ഇത് അങ്ങനെയല്ല. ഇപ്പോൾ കേക്കുണ്ടാക്കാൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്. അവിടെ ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങുന്നവർ ഉണ്ടാക്കുന്ന അപൂർവ്വസുന്ദരമായ കേക്കുകൾ നമ്മുടെ അതിശയ സീമകളെ വെല്ലുവിളിക്കും. കേക്കുണ്ടാക്കി വിൽക്കുക എന്നത് ഇപ്പോൾ പല പെൺകുട്ടികൾക്കും ഒരു ഹോബിക്കപ്പുറം വീട്ടിലിരുന്നു ചെയ്തു വരുമാനമുണ്ടാക്കാൻ പറ്റുന്ന ഒരു ജോലിയാണ്. അതീവ താത്പര്യവും ശ്രദ്ധയും ക്ഷമയും ഈ തൊഴിലിനാവശ്യമാണെന്ന് ഇതിൽ ഏർപ്പെട്ടിരിക്കുന്നവർ പറയുന്നു. നൂറു ശതമാനം ലാഭം കൊയ്യാനാവുമത്രെ. മറ്റെല്ലാ വ്യവസായങ്ങൾക്കുമെന്നപോലെ ഇതിനും ലൈസെൻസ് വേണം .

എന്റെ രണ്ടു കുട്ടികൾ (നീസ്, അനന്തിരവൾ എന്നൊക്കെ പറയാവുന്നവർ, തീരെ കുട്ടികളല്ല ഒന്നോ രണ്ടോ കുട്ടികളുടെ അമ്മയായിക്കഴിഞ്ഞവരാണ്) ഈ ബിസിനസ് ചെയ്യുന്നുണ്ട്. സമയത്ത് ചെയ്തു തീർത്ത് കൊടുക്കാനാവാത്ത വിധം ഓർഡറുകൾ കിട്ടുന്നുണ്ട് എന്നാണവർ പറയുന്നത്. എന്തായാലും അവർക്കൊരു തൊഴിലായി, വരുമാനമാർഗ്ഗമായി എന്നത് സന്തോഷകരം തന്നെ. എന്നെ അമ്പരപ്പിക്കുന്ന സംഗതി ഇത്രയും കലാവാസന ഈ കുട്ടികളിൽ ഒളിഞ്ഞു കിടന്നിരുന്നോ എന്നതാണ് .

‘‘കുക്കിങ് എനിക്ക് തീരെ ഇഷ്ടമില്ല. അത് കൊണ്ട് ഞാനതിനു മിനക്കെടാറില്ല. എന്റെ ദേവിച്ചേച്ചീ ഞാൻ എന്തുണ്ടാക്കിയാലും എനിക്ക് തന്നെ വായിൽ വച്ച് തിന്നാൽ പറ്റില്ല പിന്നെ മറ്റുള്ളവരെ പറഞ്ഞിട്ടെന്തിനാ? ഞാനൊരു കുക്കിനെ വച്ചിട്ടുണ്ട്’’ കമല പറഞ്ഞു. ഞാൻ മിണ്ടിയില്ല.സൂപ്പർ കുക്കൊന്നുമല്ല ഞാൻ, എന്നാലും നന്നായി പാചകം ചെയ്യുന്ന ഒരു വീട്ടമ്മയാണ്. എനിക്കും ചെറുപ്പത്തിൽ പാചകം തീരെ വശമില്ലായിരുന്നു. പയ്യെ പയ്യെ പഠിച്ചെടുത്തതാണ്. ശ്രമിച്ചാൽ സൂപ്പർ ഷെഫ് ആയില്ലെങ്കിലും അത്യാവശ്യം വച്ചുണ്ടാക്കാൻ ആർക്കും കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. 

ആധുനിക വനിതകളെപ്പോലെ ഫോണിൽ നോക്കി പാചകവിധികളെടുത്തു പരീക്ഷിക്കാനൊന്നും ഞാൻ മുതിരാറില്ല. അതെങ്ങനെ എനിക്കറിയാവുന്ന വിഭവങ്ങൾ തന്നെ ഉണ്ടാക്കാൻ നേരം കിട്ടുന്നില്ല എന്നാണ് ഞാൻ പറയാറ്‌. എന്റെ വീട്ടിൽ പണ്ട് മുതലേ ഉള്ളവർ മുതിർന്നവർ മുതൽ കുട്ടികൾ വരെ എല്ലാവരും ഭക്ഷണപ്രിയരാണ്. അത് കൊണ്ടാവാം വീട്ടിലെ പെണ്ണുങ്ങൾ മിക്കവാറും എല്ലാവരും തന്നെ പാചകത്തിൽ അതീവ നിപുണകളാണ്.  ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കാനും വിളമ്പാനും കഴിക്കാനും അവർക്കും ഇഷ്ടമാണ്. അത് കൊണ്ട് പാചകം ഒരു വലിയ ജോലിയായോ ഭാരമായോ അവർ കരുതുന്നില്ല .

‘‘പുരുഷന്റെ ഹൃദയത്തിലേയ്ക്കുള്ള എളുപ്പവഴി ഉദരത്തിലൂടെയാണ്.’’ എന്ന് പഴയൊരു ചൊല്ലില്ലേ ? അതിൽ വിശ്വസിക്കുന്നവരാണ് എന്റെ വീട്ടിലെ പുരുഷഗണം.

അതായതു നന്നായി ഭക്ഷമുണ്ടാക്കുന്നവർ ആരായാലും അവരെ ഇഷ്ടം എന്നർത്ഥം .  

അത് അമ്മയോ ഭാര്യയോ സഹോദരിയോ ആവാം. ‘‘അതൊക്കെ പണ്ട്.

ഇപ്പോൾ പുരുഷന്റെ ഹൃദയത്തിൽ കേറാനൊന്നുമല്ല .നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ഞങ്ങൾക്കും ഇഷ്ടം .’’ എന്ന് പറയുന്നു എന്റെ വീട്ടിലെ പുതിയ പെൺ തലമുറ. ‘‘കുക്കിങ് ഈസ് ആൻ ആർട്ട് .വി എൻജോയ് കുക്കിംഗ്.’’ എന്ന് പറയുന്നു അവരിൽച്ചിലർ.

English Summary: Web Column Kadhaillayimakal, The Art of Cooking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.