ബാബു ജി. നായർ എന്നപേരിൽ എഴുതുന്ന ഗോപാലകൃഷ്ണൻ സാറിന്റെ ‘ഇനിയും കലിയടങ്ങാത്ത കടൽ’ എന്ന നോവൽ കയ്യിൽ കിട്ടിയപ്പോൾ എന്റെ മനസ്സിൽ വീണ്ടും ആ പഴയ മണിക്കിലുക്കത്തിന്റെ മധുര ധ്വനി. ഈ ലേഖനം ആ നോവലിനെക്കുറിച്ചല്ല. ആ മണിക്കിലുക്കത്തിന്റെ തുടക്കം മുതൽ ഓർമിച്ചെടുക്കുകയാണ്.
കേവലം ഇരുപത്തിയൊന്നു വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടി മൂന്നു മാസം പ്രായമായ ഒരാൺകുഞ്ഞുമായി അവളുടെ ഭർത്താവിന്റെ ജോലിസ്ഥലമായ അതിരപ്പള്ളി എസ്റ്റേറ്റിലെത്തുന്നു. അന്നുവരെ ഒരു സിറ്റി ഗേൾ ആയിരുന്ന ഈ ദേവി തന്നെ. അവിടെ ആദ്യം പരിചയപ്പെടുന്നത് അന്ന് എസ്റ്റേറ്റ് സൂപ്രണ്ടായ ഗോപാലകൃഷ്ണൻ സാറിനെയും അദ്ദേഹത്തിന്റെ ഭാര്യ മണിയെയും അവരുടെ നാലോ അഞ്ചോ വയസ്സുള്ള മകൻ പ്രദീപിനെയുമായിരുന്നു. ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെയാണ് മണി എന്നെ സ്വീകരിച്ചത്. ‘ഡോക്ടറുടെ ഭാര്യ എന്നു പറഞ്ഞപ്പോൾ ഇത്ര ചെറിയ കുട്ടി ആണെന്ന് വിചാരിച്ചില്ല’ എന്ന് എനിക്കൊരു ‘കോംപ്ലിമെന്റ്’ തരികയും ചെയ്തു. അന്ന് എംഎ വിദ്യാർഥിനിയായിരുന്നു ഞാൻ.
മണി തന്ന ചായ കുടിച്ചപ്പോളെന്റെ വീട്ടിലെ ചായയുടെ അതേ രുചി. വീട്ടിൽ ഞാൻ ചായയുണ്ടാക്കിയിട്ടില്ല. കോളജിൽനിന്ന് രണ്ടുദിവസം ലീവ് എടുത്ത്, കല്യാണം കഴിച്ച്, രണ്ടു നാൾ കഴിഞ്ഞു വീണ്ടും കോളജിലേക്കു പോയ ഞാൻ ചായ പോയിട്ട് വെള്ളം പോലും തിളപ്പിച്ചിട്ടില്ല. രണ്ടാം വർഷം അവസാനത്തിൽ ഒരു പ്രസവവും. പോരേ പൂരം. പരീക്ഷ കഴിഞ്ഞ് കുഞ്ഞുമായി എസ്റ്റേറ്റിലേക്കു പോരുകയും ചെയ്തു.
‘ഇത് എന്ത് ചായപ്പൊടിയാണ്?’ നേരിയ സങ്കോചത്തോടെ ഞാൻ ചോദിച്ചു. ഒരു പരസ്യം പോലെ മണി ചായയുടെ കൂടു പൊക്കിക്കാണിച്ചു കൊണ്ടു പറഞ്ഞു ‘ബ്രുക്ക് ബോണ്ട് റെഡ് ലേബൽ’. അന്ന് മനസ്സിൽ മുഴങ്ങിയ ആ മണിക്കിലുക്കം ഞാൻ മറന്നിട്ടില്ല. (ഇന്നും ഞാൻ ആ ചായപ്പൊടി തന്നെയാണ് ഉപയോഗിക്കുന്നത്.) പാചകത്തിന്റെ എബിസിഡി അറിയാത്ത ഞാൻ ബാലപാഠങ്ങൾ മനസ്സിലാക്കിയത് മണിയുടെ അടുത്തു നിന്നാണ്.
വർഷങ്ങൾ ഒന്നു രണ്ടു കടന്നുപോയി. അക്കാലം മുഴുവൻ മണിയുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ സൂവും ഞാനും സായാഹ്നങ്ങളിലെ നിത്യ സന്ദർശകരായിരുന്നു. പ്രദീപിനെ ‘ചേത്തൻ’ എന്ന് വിളിച്ചു കൊണ്ട് സൂ പിന്നാലെ കൂടും. ചേത്തൻ എന്തെടുത്താലും, അതൊരു ചുള്ളിക്കമ്പോ പെൻസിലോ പീപ്പിയോ ആവാം, അതവനു വേണം. ‘കൊടുക്ക് മോനേ, അനിയനല്ലേ’ എന്ന് മണി പറയുമ്പോൾ ചുണ്ടു കൂർപ്പിച്ച് പ്രദീപ് പറയും. ‘അമ്മയും അനിയന്റെ സൈഡാ’. അങ്ങനെ അവർ വളർന്നു.
ഞങ്ങൾ എസ്റ്റേറ്റ് വിട്ടുപോയി. പക്ഷേ കത്തുകളിലൂടെ കൂട്ട് തുടർന്നു. ഇടയ്ക്കിടെ കാണുകയും ചെയ്തു. ജീവിതം കൂരമ്പുകളും കുപ്പിച്ചില്ലുകളും കരിങ്കൽച്ചീളുകളും കൊണ്ടെന്നെ യുദ്ധത്തിൽ തോൽപ്പിച്ച് തകർത്തെറിഞ്ഞപ്പോൾ ഞാൻ മണിയെ വിളിച്ചു. മണി എന്നെ കാണാനെത്തി. ഈശ്വരനെ വിളിച്ചാൽ വരില്ലല്ലോ. പക്ഷേ അവൻ അയച്ചു, ഒരാളെ, ദുരന്തത്തിൽ നിന്നെന്നെ പിടിച്ചുയർത്താൻ, എന്റെ ഈ കൂട്ടുകാരിയെ.
ഗോപാലകൃഷ്ണൻ സർ അന്ന് പ്ലാന്റേഷൻ കോർപറേഷന്റെ എംഡിയാണ്. അന്നവർ കോട്ടയത്താണു താമസം. അവിടത്തെ മരിയൻ സ്കൂളിൽ അധ്യാപികയായി എനിക്ക് ജോലി കിട്ടിയതും അവരുടെ ശ്രമം കൊണ്ടു തന്നെ. അന്ന് എത്രയോ നാൾ ഞാൻ അവരുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്, ഒരതിഥി എന്ന തോന്നലില്ലാതെ. പിന്നെ ഞാനവിടെ ഒരു കൂടു കൂട്ടി വീണ്ടും ജീവിതവുമായി സമരത്തിന് തയാറായി. രണ്ടു മക്കളുമായെത്തിയ എന്നെ സ്വീകരിക്കാൻ അന്നവിടെ ഒരാൾ കൂടി ഉണ്ടായിരുന്നു. മണിയുടെ ഇളയമകൻ ദീപു. അന്നുതൊട്ടിന്നുവരെ അവൻ എന്റെയും മകൻ തന്നെ.
ഞങ്ങളും കോട്ടയത്ത് സ്ഥിരമായി കൂടി. മരിയൻ വിട്ടു ഞാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു. അക്കാലങ്ങളിൽ മണിയുടെ കിലുക്കമില്ലാതെ എന്റെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. പിന്നെ അവർ കോട്ടയം വിട്ടു പോയി. ‘എവിടെയായാലും ഞാൻ കൂടെയുണ്ടാവും’ എന്ന് പറയാതെ പറഞ്ഞ കൂട്ടുകാരി !
സ്നേഹത്തിന്റെ സ്വാതന്ത്ര്യവും പാകതക്കുറവും കൊണ്ടാവാം, എനിക്ക് സാരി വേണം, അച്ചാറു വേണം, പുസ്തകം വേണം, കാണുന്നതെല്ലാം വേണം എന്നൊക്കെയുള്ള എന്റെ ശാഠ്യങ്ങൾ പോലും അന്നും ഇന്നും മണി അനുവദിച്ചു തന്നിട്ടുണ്ട്, സ്നേഹവും വാത്സല്യവും ഗൗരവവും നർമബോധവും തുളുമ്പുന്ന കിലുക്കത്തോടെ!
അവർ ഇന്ത്യ തന്നെ വിട്ടുപോയിട്ടും ആ സൗഹൃദം മുറിഞ്ഞതേയില്ല. എത്രയോ കാലം അവർ വിദേശത്തായിരുന്നു. തിരികെയെത്തിയപ്പോൾ വീണ്ടും ഇടയ്ക്കിടെ കണ്ടു. അപ്പോൾപിന്നെ ഫോണും മൊബൈലും ഒക്കെ സർവസാധാരയമായതു കൊണ്ട് എപ്പോൾ വേണമെങ്കിലും മിണ്ടാം കാണാം.
തിരുവനന്തപുരംകാരെക്കുറിച്ച് മറ്റു നാട്ടുകാർക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടല്ലോ. അത് മാറിയത് ഈ തിരുവനന്തപുരംകാരിയെ പരിചയപ്പെട്ടപ്പോഴാണ് എന്ന് മണി ഒരിക്കൽ പറയുകയുണ്ടായി. ‘ഒരേയൊരു നല്ല തിരുവന്തോരംകാരി’ എന്ന് സ്വയം വിശേഷിപ്പിച്ചു ഞാൻ ചിരിക്കാറുണ്ടിപ്പോഴും.
സൂവിന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ ആദ്യം കിംസ് ആശുപത്രിയിലേക്ക് ഓടിയെത്തിയവരുടെ കൂട്ടത്തിൽ മണിയും സാറുമുണ്ടായിരുന്നു. അവർ മാത്രമല്ല അകലെനിന്ന് പ്രദീപും ദീപുവും എനിക്ക് ധൈര്യവും ശക്തിയും പകർന്നു തന്നതിനൊപ്പം ആശ്വാസവും സഹായവും എത്തിച്ചു തന്നു. തോൽപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ ദുർവിധിയും തോറ്റു കൊടുക്കില്ല എന്നാ ദൃഢനിശ്ചയത്തോടെ ഞാനും യുദ്ധം തുടർന്നപ്പോഴൊക്കെ മണി ഒപ്പമുണ്ടായിരുന്നു, അകലെ എന്ന തോന്നൽ ഉണ്ടാവാതെ.
ഒരേ തരംഗ ദൈർഘ്യമുള്ള മനസ്സുകൾ - അതാണോ ഈ കൂട്ടുകെട്ടു മുറുക്കുന്നത്? അതോ ഒരു പൂർവ്വജന്മ ബന്ധമോ? ഒരപൂർവ നിയോഗമോ? അറിയില്ല. ഞാൻ അങ്ങോട്ട് കൊടുത്തതിനെക്കാൾ എത്രയോ കൂടുതൽ മണി എനിക്കു തന്നു, സമ്മാനങ്ങളും സപ്പോർട്ടും മാത്രമല്ല സ്നേഹവും.
പലപ്പോഴും ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്നോട് പഴയ ഏതോ ജന്മത്തിലെ കടം വീട്ടുകയാണോ? അതോ ഇനിയും ജന്മങ്ങളിലേക്ക് എന്റെ കടങ്ങൾ നീട്ടുന്നോ? മണിയ്ക്കയക്കാതെ മനസ്സിൽ സൂക്ഷിക്കുന്ന സന്ദേശങ്ങളിൽ ഞാൻ പലപ്പോഴും കുറിച്ചിട്ടുണ്ട്. ഈ മണികിലുക്കം എന്നും എന്നോടൊപ്പമുണ്ടാവണം മരണം വരെ ഒക്കുമെങ്കിൽ അതിനപ്പുറവും. അമ്പതു വർഷം കഴിഞ്ഞിരിക്കുന്നു. അന്നാദ്യം മനസ്സിൽ മുഴങ്ങിയ മണികിലുക്കം ഇന്നും കിലുകിലെ കിലുങ്ങുന്നു.
English Summary: Web Column Kadhaillayimakal - Friendship Forever, Story of a Friendship