മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ

indian-girl
പ്രതീകാത്മക ചിത്രം : Photocredit : lakshmiprasada S / Shutterstock
SHARE

ഇറ്റലിയിൽ ജോലി കിട്ടി പോകാൻ നേരം യാത്ര പറയാൻ അനുമറിയം എന്നെ കാണാൻ വന്നു. നഴ്സിങ്ങ് കഴിഞ്ഞ് ഇവിടെയൊരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴും അവൾ ഇടയ്ക്കിടെ എന്നെ കാണാന്‍ വരാറുണ്ട്. എനിക്ക് അടുപ്പമുള്ള ഒരു കുടുംബത്തിലെ കുട്ടിയാണവള്‍. എന്നോടും എനിക്കും വളരെ പ്രിയം. വിദേശത്തു പോകുന്നു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഇനി എത്ര നാള്‍ കഴിഞ്ഞാ വരിക? കല്യാണം ..?

“കല്യാണമൊക്കെ പതുക്കെ മതി ദേവിയമ്മേ.”

“ങേ നിനക്ക് വയസ്സ് ഇരുപത്തഞ്ചു കഴിഞ്ഞില്ലേ? ഇനിയെന്തു പതുക്കെ.”

‘പപ്പാ ഒരുപാടു കഷ്ടപ്പെട്ടാണ് എന്നെ നഴ്സിങ്ങിനും അനൂപിനെ എഞ്ചിനീയറിങ്ങിനും പടിപ്പിച്ചത്. അനൂപിന് ജോലിയായിട്ടില്ല. പഠിത്തം കഴിഞ്ഞതല്ലേയുള്ളു. കുറേനാള്‍ ജോലി ചെയ്ത് എനിക്ക് പപ്പയുടെ കടങ്ങള്‍ വീട്ടണം. വീടു കണ്ടില്ലേ ദേവിയമ്മേ... അതൊന്നു പുതുക്കി പണിയണം. എന്നിട്ട് മതി കല്യാണം. അപ്പോഴെയ്ക്ക് അനൂപിനു നല്ല ജോലിയാകും. പിന്നെ അവന്‍ നോക്കുമല്ലോ കാര്യങ്ങള്‍.”

“നിനക്കവിടെ നല്ല ശമ്പളമില്ലേ? കല്യാണം കഴിഞ്ഞാലും ഇതൊക്കെ ചെയ്യാമല്ലോ.”

“ബെസ്റ്റ്... വിദേശത്തു ജോലിയുള്ള പെണ്ണിനെ കെട്ടുന്നതു തന്നെ അവളുടെ ശമ്പളം കണ്ടിട്ടല്ലേ? പത്തു രൂപ വീട്ടിലയയ്ക്കാന്‍ പിന്നെ സമ്മതിക്കുമോ ?”

“അതെന്താ ?”

പണ്ടും ഉദ്യോഗസ്ഥകളായ പല പെണ്‍കുട്ടികളും എന്നോടീ പരാതി  പറഞ്ഞിട്ടുണ്ട് .സ്വന്തം വീട്ടുകാരെ സഹായിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ വഴക്കിട്ട് ഡൈവോഴ്സിന്റെ വക്കില്‍ വരെ എത്തിയവരുണ്ട് .ഇന്ന് ആ സ്ഥിതിയൊക്കെ മാറിക്കാണും എന്നാണ് ഞാന്‍ കരുതിയത് .കാലം ഒരുപാടു കഴിഞ്ഞില്ലേ ?കാര്യങ്ങള്‍ മാറി മറിഞ്ഞില്ലേ ?പുരുഷന്മാരുടെ ചിന്താഗതിയിലും മാറ്റം വന്നില്ലേ ? പെണ്‍കുട്ടികള്‍ ഒരുപാടു ‘ബോള്‍ഡ്’ ആയില്ലേ ? ഇതൊക്കെ ഞാന്‍ അനുവിന്റെ മുന്നില്‍ ആവര്‍ത്തിച്ചു .

ഇല്ല എന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി .

“ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ല ദേവിയമ്മേ.”

ഒക്കെ അനുവിന്റെ തോന്നലാണ് .പണ്ട് സ്ത്രീകള്‍ പഠിച്ചിരുന്നില്ല. പുറത്തു പോയി ജോലി ചെയ്തിരുന്നില്ല. പുരുഷനാണ് കുടുംബത്തിലെ ‘ഏണിങ് മെമ്പര്‍’. അവനെ ആശ്രയിച്ചു കഴിയുന്ന ഭാര്യ സ്വന്തം വീട്ടുകാരെ സഹായിക്കുന്നതെങ്ങിനെ? ഭര്‍ത്താവിനോടയാലും ഇരന്നു വാങ്ങി സ്വന്തം വീട്ടില്‍ കൊടുക്കാന്‍ അവളുടെ അഭിമാനം അനുവദിക്കില്ല. മാത്രമല്ല  ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാനും അവള്‍ മടിക്കും. അവളുടെ വീട്ടുകാര്‍ക്കും കുറച്ചില്‍ തോന്നും. ഇപ്പോള്‍ അങ്ങനെയല്ലല്ലോ.  ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടുന്നു .മാതാപിതാക്കള്‍ അവര്‍ക്കായി ഒരുപോലെ പണം ചിലവാക്കുന്നു. ഭര്‍ത്താവിനൊപ്പമോ ഒരുപക്ഷേ അതിനേക്കാള്‍ ഉയര്‍ന്ന ജോലിയും ശമ്പളവുമുണ്ടാവും ഭാര്യയ്ക്ക് .പഠിപ്പിച്ച് ഈ നിലയിലെത്തിച്ച                               

അച്ഛനമ്മമാരോട് അവൾക്കൊരു കടമയില്ലേ ?അതിനെ ഭർത്താവോ അയാളുടെ വീട്ടുകാരോ എതിർക്കുന്നത് ശരിയാണോ ?

ഞാൻ പറഞ്ഞതെല്ലാം അനു കേട്ടിരുന്നു.

സുഹൃത്തുക്കളായ പല യുവാക്കളോട് ഞാനീ വിഷയം സംസാരിച്ചിട്ടുണ്ട് .സ്വന്തം  വീട്ടുകാരെ നിർലോഭം സഹായിക്കുന്ന അവരിൽ പലരും ഒരത്യാവശ്യത്തിന്പോലും അവളുടെ വീട്ടുകാരെ സഹായിക്കാൻ ഭാര്യയെ അനുവദിക്കില്ല .അത് അന്യായമല്ലേ എന്നു ഞാൻ ചോദിച്ചു .

‘‘അതെന്റെ അച്ഛനുമമ്മയുമല്ലേ ? അവർക്കു ഞാൻ കൊടുക്കേണ്ടതല്ലേ’’ എന്നാണ് ഭൂരിപക്ഷത്തിന്റെയും ഭാവം .

‘‘അതു പോലെയല്ലേ അവളുടെ അച്ഛനും അമ്മയും ?’’

അത് സമ്മതിക്കാൻ മിക്കവർക്കും താത്പര്യമില്ല .കല്യാണം കഴിഞ്ഞാൽ ഭാര്യയും അവളുടെ ശമ്പളവുമൊക്കെ ഭർത്താവിന്റെ അവകാശമാണ് പോലും.

ഒരു കൂട്ടുകാരൻ ഒരിക്കൽ അവനെക്കൂടി ചേർത്തുകൊണ്ടു തന്നെ പറഞ്ഞു..

‘‘ഒരു ശരാശരി മലയാളിക്ക് ഭാര്യവീട്ടുകാരെ അത്ര പിടുത്തമല്ല .ഭാര്യവീട്ടിൽ പോകുന്നതും അവർ ഇങ്ങോട്ടു വരുന്നതും ഇഷ്ടമല്ല .അവരുടെ പണത്തിനോ സ്വത്തിനോ   ഒരു ഭ്രഷ്ടുമില്ല.’’

മാസം തോറും സ്വന്തംഅച്ഛനമ്മമാർക്ക് പണം അയച്ചു കൊടുക്കും ശമ്പളം കിട്ടിയാലുടൻ നീരജ് .അവന്റെ ഭാര്യ വിമിയ്ക്ക് ജോലി കിട്ടിയതും അവളുടെ അമ്മ  അവളോട് ചോദിച്ചു. ‘‘ഇപ്പോൾ നിനക്കും ശമ്പളമുണ്ടല്ലോ .അപ്പോൾ നീ ഞങ്ങൾക്കും പൈസ അയച്ചു തരും അല്ലെ ?’’

‘‘അയ്യോ ഞാനിതു പറഞ്ഞതാണ് .അപ്പോൾ നീരജ് പറഞ്ഞു  .ഇത്രയും ഗതികെട്ട ഒരു വീട്ടിൽ നിന്നാണോ കല്യാണം കഴിച്ചതെന്ന് ചോദിച്ച്   കൂട്ടുകാർ അവനെ കളിയാക്കുമെന്ന് .

‘ഈ ഗതികേട് നീരജിന്റെ വീട്ടുകാർക്ക് ബാധകമല്ലേ?’’ എന്നു ചോദിക്കാതിരുന്നത് വിമിയുടെ അമ്മയുടെ മര്യാദ .

‘‘ഇതൊക്കെ കൂട്ടുകാരറിയുന്നതെന്തിന്? അതു പോകട്ടേ .ഞാൻ തമാശയ്‌ക്കു ചോദിച്ചതാണ്.നിന്നെ ആശ്രയിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല.’’ എന്ന് പറയാതിരിക്കാൻ അവർക്കായില്ല .

നേരത്തെ ഞാൻ അനുവിനോട് പറഞ്ഞതു പോലെ, ഇപ്പോഴത്തെ പെൺകുട്ടികൾ നല്ല കഴിവും തന്റേടവും ഉള്ളവരാണ്. ആവശ്യമെന്നു കണ്ടാൽ സ്വന്തം വീട്ടുകാരെ സഹായിക്കാൻ അവർക്കാരുടെയും അനുവാദം വേണ്ട. അവരെ വിവാഹം ചെയ്യുന്ന ചെറുപ്പക്കാരുടെയും ചിന്താഗതി മാറിയിട്ടുണ്ട് .ഇന്നത്തെ മാതാപിതാക്കളും  വ്യത്യസ്തരാണ് അവരും ജോലിയും സമ്പാദ്യവും പെൻഷനുമൊക്കെ ഉള്ളവരാണ്. മക്കൾക്ക് അങ്ങോട്ട് കൊടുക്കാനല്ലാതെ മക്കളോട് വാങ്ങാൻ അവർക്കും താത്പര്യമില്ല .ആവശ്യവുമില്ല .മധ്യവർത്തി കുടുംബങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത് .

പുതിയ ജീവിതരീതിയിൽ ആവശ്യങ്ങളും ആർഭാടങ്ങളും ആഗ്രഹങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ .ചെലവുകളും  വല്ലാതെ വർധിച്ചിരിക്കുന്നു .സ്വന്തം കുടുംബം തന്നെ നടത്തിക്കൊണ്ടു പോകാൻ പാട് പെടുന്നവർക്ക് അച്ഛനമ്മമാർ ഒരു ഭാരമാവുന്നത് സ്വാഭാവികം. എന്ന് വച്ച് അച്ഛനമ്മമാരോടുള്ള കടമകൾ മറക്കാനാവുമോ? മക്കളുടെ പ്രശ് നങ്ങൾ  മാതാപിതാക്കളും മനസ്സിലാക്കണം. ഇതിൽ മകനെന്നോ മകളെന്നോ വ്യത്യാസം പാടില്ല. കടമകളും അവകാശങ്ങളും എല്ലാവർക്കും ഒരുപോലെ തന്നെ.

അനു മറിയത്തിനോട് ഇതെല്ലാം പറഞ്ഞിട്ട് ഞാനവൾക്കു നന്മകൾ നേർന്നു. ‘‘നിന്റെ തീരുമാനങ്ങൾ പോലെ എല്ലാം നടക്കട്ടെ. നിന്നെപ്പോലെ ഒരു മകളെ കിട്ടിയ ആ അച്ഛനമ്മമാർ ഭാഗ്യമുള്ളവർ .’’ 

English Summary: Web Column Kadhaillayimakal, Parents and daughter relationship after marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.