പെൺകുട്ടികളെപ്പോലെ ആൺകുട്ടികളും മുടി നീട്ടി വളർത്താൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. പണ്ട് പണ്ടേ ആണുങ്ങൾ മുടി വളർത്തിയിരുന്നു. നമ്മുടെ ആരോമൽ ചേകവരും തച്ചോളി ഒതേനനും ചന്തു ചേകവരും മുടി വളർത്തി ഒരു വശത്ത് കെട്ടി വച്ചിരുന്നു. നമ്മുടെ നാട്ടിലെ പഴയ രാജാക്കന്മാരും മുടി നീട്ടി കുടുമ കെട്ടി വച്ചിരുന്നു. നായകനായ മാധവന്റെ സമൃദ്ധമായ മുടിയെപ്പറ്റിയും മുഖത്തിന് അഴകു കൂട്ടുന്ന കുടുമയെപ്പറ്റിയും ഒ ചന്തുമേനോൻ ‘ഇന്ദുലേഖ’യിൽ പറയുന്നുണ്ട്. ഞങ്ങളുടെയൊക്കെ കുടുംബങ്ങളിലും പഴയ കാരണവന്മാർ കുടുമ കെട്ടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
പിൽക്കാലത്ത് വിദേശികളുടെ വരവോടെയാവാം നമ്മുടെ നാട്ടിലെ ആണുങ്ങൾ മുടിയൊക്കെ വെട്ടിയൊതുക്കി ചീകി വച്ച് പരിഷ്കൃതരായത്. ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും മുട്ടറ്റമെത്തുന്ന മുടി മുറിച്ച് ചുമലറ്റമാക്കിയും ബോബു ചെയ്തും മോഡേൺ ആയില്ലേ? അതൊക്കെ ഇന്നും തുടരുന്നു.
പക്ഷേ ഉത്തരാധുനിക രീതിയിൽ ആമ്പിള്ളേർ മുടി നീട്ടി വളർത്താൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഏതാണ്ട് ഒരു പത്തു കൊല്ലം മുൻപ് ചെന്നൈയിൽ ജോലിയായി കഴിഞ്ഞിട്ട് എന്റെ മകൻ സൂരജ് ഒരു നാൾ തോളറ്റം മുടി വളർത്തി ഒരു റബർ ബാന്റിട്ടു കെട്ടി വീട്ടിൽ കയറി വന്നു. മുടി മാത്രമല്ല താടിയും മീശയുമൊക്കെ വല്ലാണ്ടങ്ങ് വളർന്നിട്ടുണ്ട്. എനിക്ക് ഒട്ടും ഇഷ്ടമായില്ല. എന്നാലും എപ്പോഴുമെന്നപോലെ ക്ഷമയോടെ തന്നെ ഞാൻ ആ സന്ദർഭം കൈകാര്യം ചെയ്തു. കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
‘‘രാമൂ അമ്മാവനെ നിന്റെ ബാർബറുടെ അടുത്ത് കൊണ്ട് പോകൂ.’’
സൂരജ് ദേഷ്യപ്പെടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഒരു കള്ളച്ചിരിയോടെ അവൻ രാമുവിന്റെ ഒപ്പം പോവുകയാണുണ്ടായത്. രാമു ഒരു പോഷ് ബാർബർ ഷോപ്പിലാണ് പോകാറ്. മടങ്ങി വന്നത് പഴയ സുന്ദരൻ സൂരജായിട്ടായിരുന്നു. ഞാനവന്റെ ആ കള്ളച്ചിരി മടക്കി കൊടുത്തു കൊണ്ട് പറഞ്ഞു.
‘‘അമ്മ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു എന്ന ധാരണയൊന്നും എനിക്കില്ല. കൂട്ടുകാരാരോ പറഞ്ഞിട്ടുണ്ടാവും. ഈ കാട്ടാള വേഷം കൊള്ളൂല എന്ന്. അതോ നിനക്ക് തന്നെ തോന്നിയോ, മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കി സുന്ദരനാവാൻ ?’’
ഇപ്പോഴിതാ ആൺകുട്ടികൾ മുടി വളർത്തുന്നത് വലിയ ട്രെൻഡാണ്. നീട്ടി വളർത്തി പിറകിൽ കെട്ടിവച്ച മുടിയുമായി രാമുവിന്റെ ബെസ്‌റ്റ് ഫ്രണ്ട് ഏബൽ വന്നപ്പോൾ എനിക്ക് വല്ലാതെ ചിരി പൊട്ടി. കാരണം അവനെ കുട്ടിക്കാലം മുതലേ കാണുന്നതാണ്. മെലിഞ്ഞ് പൊക്കം കുറഞ്ഞ ഒരു ചെറിയ ആൺകുട്ടി. ഇപ്പോൾ മുടി ഭംഗിയായി ചീകിക്കെട്ടി വച്ചപ്പോൾ ഒരു പെൺകുട്ടിയെപോലെ തോന്നി.
‘‘അമ്മ സമ്മതിച്ചോ ?’’ എന്റെ ചോദ്യത്തിന് മറുപടി ഒരു ചിരി മാത്രം. ഞാൻ തുരുതുരെ ചോദ്യങ്ങൾ ഉതിർത്തു.
‘‘ആട്ടെ എണ്ണ തേയ്‌ച്ചാണോ കുളിക്കുന്നത്? മുടി വളരാനുള്ള എണ്ണയാണോ ?’’
ഷാമ്പൂ ഇടാറുണ്ടോ? കുളി കഴിഞ്ഞ് മുടി ടവലോടുകൂടി ഉയർത്തി വെള്ളം തോരാൻ കെട്ടി വയ്ക്കാറുണ്ടോ ? ഡ്രയർ വച്ച് മുടിയുണക്കാറുണ്ടോ? ചീകി കെട്ടാനൊക്കെ പഠിച്ചോ? മെൻസ് ബ്യുട്ടി പാർലറിൽ പോയി ഹെന്ന, ഓയിൽ മസ്സാജ്, മുടി സെറ്റിങ്ങ് ഇതൊക്കെ ചെയ്യാറുണ്ടോ? കൂടെയുള്ള കൂട്ടുകാരികൾ ഇതു കണ്ടിട്ട് എന്തു പറയുന്നു?’’
ഇതൊക്കെ ചോദിക്കുമ്പോൾ അവനിലെ ആൺകുട്ടിക്ക് ഇൻസൾട് ആകുമോ എന്ന് ഞാൻ ചിന്തിച്ചതേയില്ല. കാരണം കാടും പടലും പോലെ മുടിയുമായി നടക്കുന്ന ഫ്രീക്കന്മാരോടൊക്കെ ചോദിക്കണമെന്ന് തോന്നാറുള്ള ചോദ്യങ്ങളാണിവ.
ഏതു വേഷവുമെന്നപോലെ എല്ലാം എല്ലാവർക്കും ഇണങ്ങുകയില്ല. മുടി നീട്ടലിന്റെ കാര്യവും അതു തന്നെ. ചില ആൺകുട്ടികൾക്ക് നീണ്ട മുടി നല്ല ചേർച്ചയാണ്. ഒരു കലാകാരന്റെയോ സന്യാസിയുടെയോ ഭാവം കൈവരിക്കുന്നവരുണ്ട്. അതെ സമയം ഒരു തൂക്കണം കുരുവിക്കൂട് തലയിലേറ്റിയതു പോലെയുള്ള ചിലരുടെ ജടപിടിച്ച ചുരുണ്ട കേശഭാരം കണ്ടാൽ ഭംഗി എന്ന് പറയാനാവില്ല. വ്യത്യസ്തനാവാനുള്ള ശ്രമമായിരിക്കാം.
ഏതെല്ലാം തരത്തിലാണിപ്പോൾ ആൺ ഹെയർ സ്റ്റൈലുകൾ !
മുടി അല്പം മാത്രം നീട്ടിയ ഒരു സുന്ദരൻ ഇടതു കൈകൊണ്ടു ആ വശത്തെ മുടി പിന്നിലേയ്ക്കൊന്നു ഇടയ്ക്കിടെ മാടിയൊതുക്കുന്നതു കണ്ടപ്പോൾ, ഞാൻ കളിയാക്കി ‘‘ഇതാരാ മമ്മൂട്ടിയോ ?’’ (കിംഗ് സിനിമയിലല്ലേ ആ ശീലം കാണിച്ചത് എന്ന് സംശയം തീർക്കുകയും ചെയ്തു).
‘‘നിന്റെ മനസ്സിൽ പെണ്ണത്തമുണ്ട്. അതല്ലേ നീയിങ്ങനെ പെണ്ണിനെപ്പോലെ മുടി നീട്ടിക്കെട്ടി’’ എന്ന് ഞാൻ പരിഹസിച്ചപ്പോൾ ഒരു പയ്യൻ തർക്കിച്ചു.
‘‘അല്ല ദേവി ചേച്ചീ ഇതെന്റെ ആണത്തമാണ്. എനിക്കിഷ്ടമുള്ളതുപോലെ നടക്കാനുള്ള ചങ്കൂറ്റം. ഐ ആം എ മാൻ. ഏതു രൂപത്തിലായാലും.’’
മുടി പറ്റെ മുറിച്ച്, ബോയ് കട്ട് ചെയ്ത് പാന്റും ഷർട്ടുമിട്ടു നടക്കുന്ന പെൺകുട്ടികളെപ്പറ്റിയും നമ്മൾ പറയാറില്ലേ ആണിനെപ്പോലെ എന്ന്. ‘ടോം ബോയ്’ എന്ന്! പെണ്ണിനെപ്പോലെ മുടി നീട്ടി ഹെയർ ബാന്റിട്ട്, ക്ലിപ്പിട്ട്, കൊണ്ട കെട്ടി ഒക്കെ നടക്കുന്നവന് അതു പോലെ ഒരു പേരുണ്ടോ? ‘ജെറി ഗേൾ’ എന്നൊന്നു മറ്റോ !
നവനീതയും രവിമോഹനും കൂടി വന്നപ്പോൾ ഞാൻ കണ്ണു മിഴിച്ചു. രവി മുടി നീട്ടിവളർത്തിയിരിക്കുന്നു . പക്ഷേ കുറ്റം പറഞ്ഞു കൂടാ. നല്ല ചേർച്ച. പണ്ടേപ്പോലെ സുന്ദരൻ. നവനീതയ്ക്കു ഒരു പാട് തലമുടിയുണ്ട്. പക്ഷേ ധാരാളമായി കൊഴിയും. വീടിനകത്തു മുഴുവൻ മുടി പാറി നടക്കും ചിലപ്പോൾ ഭക്ഷണത്തിലും വീഴും. വൃത്തിയിൽ അങ്ങേയറ്റമാണ് രവി. ചോറിൽ മുടി കണ്ടാൽ പ്ളേറ്റോടെ നീക്കിയെറിയും. അവൾ ചാടി പിടിച്ചില്ലെങ്കിൽ മേശപ്പുറത്തു നിന്ന് താഴെ വീണ് പ്ലേറ്റ് പൊട്ടും. അങ്ങനെ എത്ര പൊട്ടിയിരിക്കുന്നു .
‘രവിയുടെ മുടി കൊഴിയാറില്ല അല്ലേ ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇരുവരും കണ്ണിൽക്കണ്ണിൽ നോക്കി .ഞാൻ ഉദ്ദേശിച്ചതു പിടികിട്ടി എന്ന് സാരം. എന്നിട്ടും ഞാൻ വിട്ടില്ല.
‘‘കൊഴിഞ്ഞാലും പറന്നു വന്ന് ഭക്ഷണത്തിൽ വീഴില്ല അല്ലേ? വീണാലും പ്ലേറ്റ് നീക്കിയെറിയാനാവില്ല. ആൺ മുടിയല്ലേ ? പെൺമുടിയോടല്ലേ അറപ്പുള്ളു.’’
പരിഹാസം ലേശം കൂടിപ്പോയി എന്നെനിക്കറിയാം. എന്നാലും അങ്ങനെ വിട്ടു കളയാൻ പറ്റില്ലല്ലോ. നവനീത സങ്കടപ്പെടുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളതല്ലേ?
നല്ല ഉയരവും തടിയും പൗരുഷവുമുള്ള ഒരു പട്ടാളക്കാരൻ സുഹൃത്തിതാ മുന്നിൽ വന്നു നിൽക്കുന്നു. മുടി പറ്റെ വെട്ടിയിട്ടുണ്ട്. മീശ വയ്ക്കാം .താടി വളർത്താൻ പറ്റില്ല. അതാണു പട്ടാളത്തിലെ നിയമം. ഇത് തന്നെയാണ് പുരുഷ സൗന്ദര്യം. ഞാനവനെ അഭിനന്ദിച്ചു.
ഫാഷന്റെ പേരിൽ എന്ത് കോലം വേണമെങ്കിലും കെട്ടാം അത് അവനവന്റെ ഇഷ്ടം, സ്വാതന്ത്ര്യം .(കാണുന്നവരുടെ കണ്ണുകളെക്കൂടി പരിഗണിച്ചാൽ നന്ന്.) ചെലോൽക്ക് ചേരും ചേലോൽക്കു ചേരില്ല .
‘‘കാർകൂന്തൽ പെണ്ണഴക്’’ എന്നിനി പാടാനാവില്ല.തലമുടി പെണ്ണിനും ചില ആണിനും അഴക് എന്ന് തിരുത്താം .
English Summary: Web Column Kadhaillayimakal, Trending Hairstyles