കുംഭം - മീനം മാസങ്ങളിലാണ് മുല്ല പൂക്കുന്നത്. ഉദ്ദേശം ഒരാഴ്ചയേ പൂവുണ്ടാവുകയുള്ളു. (പണ്ട് അങ്ങനെ ആയിരുന്നു. ഇപ്പോൾ മാറിയോ ആവോ). ആകാശത്ത് നക്ഷത്രങ്ങൾ പോലെ, വളർന്നു പടർന്ന മുല്ല നിറയെ വെളുത്തപൂക്കൾ!
മുല്ലപ്പൂക്കൾ എന്റെ വീട്ടിലെയും അയൽപക്കത്തെയും എല്ലാ പെൺകുട്ടികളുടെയും ഹരമായിരുന്ന ഒരു കാലമുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിൽ ‘കിളിമരം’ (മറ്റെന്തെങ്കിലും പേരുണ്ടോ ആ മരത്തിന് എന്നറിയില്ല) എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു മരത്തിൽ പലതരം മുല്ലകൾ പടർന്നു കയറിയിരുന്നു. ഈർക്കിലി മുല്ല (സാധാരണ മുല്ല), കുടമുല്ല (വലിയ കട്ട പൂക്കൾ), കുരുക്കുത്തിമുല്ല (തീരെ മെലിഞ്ഞ മൊട്ടുള്ളത്).. എന്തു മാത്രം ചെടികളാണെന്നോ! പൂക്കാലമായാൽ അവിടുത്തെ ചേച്ചി വൈകുന്നേരം തന്നെ മൊട്ടുകൾ പറിച്ച് മാല കെട്ടും. ദൈവങ്ങളുടെ പടങ്ങളിൽ (അത് മുപ്പത്തിമുക്കോടിയുണ്ട്) ചാർത്തും. ഞങ്ങൾക്കാർക്കും തരില്ല. (കുശുമ്പി). ചേച്ചിക്കു പറിക്കാൻ പറ്റാത്ത ഉയരത്തിൽ നിൽക്കുന്ന മൊട്ടുകൾ വിരിഞ്ഞ് രാവിലെ താഴെ വീണു കിടക്കും. ഒരു പൂമെത്ത തന്നെ. അത് ഞങ്ങൾ കൊച്ചുപെൺകുട്ടികളെല്ലാവരും ചെന്ന് പെറുക്കിക്കൂട്ടിയെടുക്കും. തൂത്തു വൃത്തിയാക്കിയ സുന്ദരൻ മുറ്റമാണ്. പൂക്കളിൽ അഴുക്കാവില്ല. അത് മാലകോർത്ത് പിന്നിയിട്ട മുടിയിൽ സമൃദ്ധമായങ്ങു ചൂടും. പക്ഷേ മൊട്ടു വിരിഞ്ഞു വരുന്ന ചന്തമോ മണമോ വിടർന്നു മലർന്ന പൂക്കൾ കോർത്ത മാലയ്ക്കില്ല. എന്നാലും മുല്ലപ്പൂവല്ലേ?
ഞാൻ ആ വീട്ടിൽ നിത്യ സന്ദർശകയാണക്കാലത്ത്. ആ ചേച്ചി എനിക്ക് തൂവാലയിലും മേശവിരിയിലും ബെഡ്ഷീറ്റിലുമൊക്കെ പൂക്കൾ തുന്നാൻ പഠിപ്പിച്ചു തരും. അവരുടെ രണ്ടനുജന്മാർ എന്റെ കളിക്കൂട്ടുകാരും കണക്കു ട്യൂഷൻ സാറിന്റെയടുത്ത് സഹപാഠികളുമാണ്. അങ്ങനെ ഒരു സന്ധ്യയ്ക്ക് വെറുതെ പാറിപ്പറന്ന് ആ പൂമുഖത്തു ഞാൻ ചെന്നു കയറിയപ്പോൾ അവിടത്തെ അമ്മ നിലത്തു ചമ്രം പടിഞ്ഞിരുന്ന് പൂക്കൾ അടുക്കിക്കെട്ടുന്നു. എന്ന് വച്ചാൽ പടത്തിൽ ചാർത്താനായി ദൂരെ ദൂരെ പൂക്കൾ വച്ച് മാലകെട്ടുകയല്ല. നാലഞ്ചു മൊട്ടുകൾ ചേർത്ത് വച്ച് അടുപ്പിച്ചടുപ്പിച്ചു കെട്ടി, കൈത്തണ്ടയുടെ വണ്ണത്തിൽ ഒരു പൂമാല. ഞാനതു തന്നെ നോക്കിയിരുന്നു. അന്നെനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുണ്ടാവും. ആ അമ്മ പെട്ടെന്ന് എന്നെ അടുത്തു വിളിച്ചിരുത്തി. ഒരു കഷണം മുല്ലമാല അതിൽ നിന്ന് മുറിച്ചെടുത്ത് എന്റെ മുടിപ്പിന്നലിന്റെ മുകളറ്റത്ത് ചൂടിച്ചു തന്നു. ഞാൻ കോരിത്തരിച്ചു പോയി.
ജീവിതത്തിൽ പിന്നെ എത്രയോ തവണ കുന്നോളം മുല്ലപ്പൂ കെട്ടി മുടിയിൽ ചൂടിയിട്ടുണ്ട്. എങ്കിലും അന്ന് മനസ്സിൽ വിരിഞ്ഞ സുഗന്ധപൂരിതമായ ആഹ്ലാദം പിന്നീട് അനുഭവപ്പെട്ടിട്ടില്ല. ആ മുല്ലയും ആ പൂക്കാലവും ആ അമ്മയും എന്നേ മറഞ്ഞു പോയി. പക്ഷേ മുല്ലപ്പൂ കണ്ടാൽ ഇപ്പോഴും ഞാൻ മനസ്സിൽ ആ പഴയ പാവാടക്കാരിയായി മാറും.
എന്റെ വീട്ടിലുണ്ടായിരുന്നത് ഒരു പിച്ചിയായിരുന്നു. മൊട്ടിന് ഇളം റോസ് നിറമുള്ള ഒരു പ്രത്യേകതരം പിച്ചി. എന്ത് ഭംഗിയാണെന്നോ അതിന്റെ വിടർന്ന പൂവ് കാണാൻ ! ലോകത്തേക്ക് ഏറ്റവും സൗമ്യവും സുന്ദരവും ഹൃദ്യവുമായ സുഗന്ധമേതെന്നു ചോദിച്ചാൽ സംശയലേശമന്യേ ഞാൻ പറയും, എന്റെ വീട്ടിലെ പിച്ചിപ്പൂമണം എന്ന് ! അതിനങ്ങനെ മധ്യവേനൽക്കാലത്ത് ഏഴു ദിവസം മാത്രമേ പൂക്കൂ, പിന്നെ അടുത്തകൊല്ലം വരെ പൂക്കുകയില്ല എന്ന പിടിവാശിയൊന്നുമില്ല. ഇടയ്ക്കിടെ കുറച്ചു പൂക്കും. ..നിറയെ പൂക്കും... പൂക്കാതിരിക്കും. അയ്യപ്പപ്പണിക്കരുടെ ആയിരത്തൊന്നാവർത്തിക്കപ്പെട്ട ആ വരികൾ എന്റെ പിച്ചിയും അന്ന് പാടാറുണ്ട് – ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ...’
ഞാനൊരു യുവതിയായപ്പോൾ കിണറ്റിനരികിൽ ആർത്തു വളർന്നുകിടക്കുന്ന മുല്ലപ്പടർപ്പുള്ള ഒരു വീട്ടിലെ രണ്ടു പെൺകുട്ടികൾ എന്റെ കൂട്ടുകാരായി. മുല്ല പൂക്കാൻ തുടങ്ങിയാൽ പൂവിനു വഴക്കിട്ട് തമ്മിൽ തല്ലി ഒന്ന് ഒന്നിനെ കൊല്ലും എന്നുറപ്പായപ്പോൾ അവരുടെ അമ്മ ഒരു നിബന്ധന വച്ചു. ഒരു ദിവസം ഒരുവൾ മൊട്ടിറുത്തെടുക്കുക. അടുത്ത ദിവസം മറ്റേവൾ. ഇഷ്ടമുണ്ടെങ്കിൽ പരസ്പരം പങ്കു വയ്ക്കാം. മുല്ലയുടെ മൂട്ടിൽ കിടന്ന് അടിപിടി കൂടി കിണറ്റിൽ വീഴണ്ട.
ഒരുദിവസം ഞാൻ ചെല്ലുമ്പോൾ അതിൽ ഒരുവൾ പറഞ്ഞു.
‘ചേച്ചിക്കൊരു തമാശ കാണണോ? ഇന്നെന്റെ ദിവസമാ. മുല്ലമൊട്ടു പറിച്ച കൂട്ടത്തിൽ ഞാൻ നാളെയ്ക്കുള്ള കരിമൊട്ടു കൂടി പറിച്ചെടുത്തു. നാളെ അവൾ മൊട്ടു പറിക്കുന്നത് എനിക്കൊന്നു കാണണം...’. അവൾ മെത്ത പൊക്കിക്കാണിച്ചു. കരിമൊട്ടുകൾ അതിനടിയിൽ നിറയെ കിടപ്പുണ്ട്. എന്തൊരു കുശുമ്പ് !
‘കഷ്ടം ! ഞാൻ പറഞ്ഞു...’ ആ മുല്ലയ്‌ക്ക് സങ്കടമായിട്ടുണ്ടാവും....
ഈ വഴക്കു പിന്നീട് അവർ വളർന്നു വലുതായിട്ടും തുടർന്നു. സ്വത്തിന്റെ കാര്യത്തിൽ ! ഇന്നും അവർ സഹോദരിമാരാണെന്നു പേരിനു മാത്രം പറയാം. മുല്ലപ്പൂമ്പൊടിയേറ്റു കിടന്നിട്ടും ആ കല്ലുകൾക്ക് സൗരഭ്യമുണ്ടായില്ല. (പഴഞ്ചൊല്ലിൽ പതിര്!).
ഓഫിസിൽ ജോലി ചെയ്യുന്ന കാലത്ത് മുല്ലപ്പൂക്കാലമായാൽ വീട്ടിൽ പൂ ഉള്ളവരെല്ലാം ചൂടിക്കൊണ്ടു വരും. ഓഫിസ് ബസിനകത്തും ഓഫിസ് മുറികളിലും പൂമണം നിറയും. അഞ്ചമ്പന്റെ ബാണങ്ങളിൽ മുല്ലപ്പൂവും ഉണ്ടല്ലോ ! എന്നാലും സഹപ്രവർത്തകന്മാർ ഈ സുഗന്ധം ആസ്വദിക്കുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കാരണം സുഗന്ധം രൂക്ഷമാകുമ്പോൾ പലർക്കും തലവേദനയാണ്.
ഇപ്പോഴെന്താ ഈ മുല്ലക്കഥകൾ ഓർക്കാൻ എന്നല്ലേ? ഇതാ വീണ്ടും മുല്ലകൾ പൂക്കുന്ന കാലമായിരിക്കുന്നു. നിറയെ പൂത്തുലഞ്ഞ മുല്ലകൾ കാണാനില്ലെങ്കിലും അവയുടെ പടങ്ങൾ കാണാറുണ്ട്. അല്ലെങ്കിൽത്തന്നെ മുല്ലപ്പൂക്കളെക്കുറിച്ച് എത്ര കവിതകളുണ്ട്, സിനിമാ പാട്ടുകളുണ്ട്.
അതിലൊരു പാട്ട് അങ്ങനെ കേട്ടുകൊണ്ടിരിക്കുമ്പോൾ സുഗന്ധം ഒഴുകി വരുന്നു, ഏതോ മുല്ലപ്പൂക്കാലങ്ങളിൽ നിന്നുള്ള സ്മരണകൾ പോലെ !
English Summary: Web Column Kadhaillayimakal, Jasmine plant flowering season