വീട് എന്നും എനിക്ക് ഹൃദയം പോലെ പ്രിയങ്കരം. അത് കൊണ്ടാവാം വാടകയ്ക്കാണെങ്കിൽ കൂടി ഒരുപാടു വീടുകളിൽ മാറി മാറി പാർക്കാൻ ഇടയായിട്ടുണ്ട്. സ്വന്തമായി ഒരു വീടുണ്ടായിട്ടോ? അപ്പോഴും അതിൽ സ്ഥിരമായി പാർക്കാൻ എനിക്കായില്ല. വീടുമാറ്റം എന്റെ ജാതകത്തിലുള്ളതാണോ എന്ന് ഞാൻ സംശയിച്ചു പോയിട്ടുണ്ട്.
അമ്മ വീട്ടിലെ ബാല്യകാലം കഴിഞ്ഞ് അച്ഛനമ്മമാരോടൊപ്പം സിറ്റിയുടെ നടുവിൽ താമസമാക്കിയപ്പോൾ ആ പറിച്ചു നടീലുമായി ഇണങ്ങി ചേരാൻ വർഷങ്ങളെടുത്തു.
എല്ലാ അവധിക്കാലത്തും ആ കൂട്ടുകുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേയ്ക്കോടുക എന്നത് എന്റെ ശീലമായിരുന്നു. ഹൈസ്കൂൾ ക്ലാസ്സിലായപ്പോൾ പിന്നെ അത് നിലച്ചു. പഠിത്തം പഠിത്തം എന്ന ജ്വരം തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്. അന്നും ഇന്നും.
വീട്, സ്കൂള്, കോളേജ് അങ്ങനെ മാറ്റങ്ങളില്ലാതെ ഒരു സിറ്റി ഗേൾ ആയി മാറി ഞാൻ. വല്ലപ്പോഴും അമ്മ വീട്ടിലും അച്ഛന്റെ തറവാട്ടിലും ബന്ധു ഗൃഹങ്ങളിലുമൊക്കെ സന്ദർശനം നടത്തുക പതിവായിരുന്നു എങ്കിലും ഞാൻ എന്റെ വീടിനെ വല്ലാതെ സ്നേഹിച്ചു തുടങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും. ജീവിതം രസകരം സുന്ദരം.
ഒരുനാൾ അവിടം വിട്ടു പോകേണ്ടി വരും എന്നറിയാം. വിവാഹം, വീട് മാറ്റം ഇതൊക്കെ നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാൻ വയ്യല്ലോ. ഞാൻ ഒരു ഡിമാൻഡേ വച്ചുള്ളു. എനിക്ക് എന്റെ ഈ സ്വന്തം നഗരത്തിൽ തന്നെ ജോലി ചെയ്യണം. സ്ഥിരമായി കൂടു കൂട്ടണം. അതിനു ചേർന്ന ഒരു ജീവിത പങ്കാളിയെ കണ്ടെത്തണം. മക്കളെല്ലാം കൺ വെട്ടത്തുണ്ടാകണം എന്നാശിച്ച അച്ഛനമ്മമാർ എനിക്കും അനിയത്തിക്കും നഗരത്തിന്റെ പ്രധാനഭാഗത്തു തന്നെ പത്തു സെന്റ് വീതം സ്ഥലം തന്നു. അച്ഛൻ തന്നെ രണ്ടാൾക്കും ആ ഓഹരിയിൽ വീട് പണിഞ്ഞു തരാമെന്നും നിശ്ചയിച്ചു. ആ പറമ്പിന്റെ അരികുകളിൽ അച്ഛൻ തെങ്ങുകൾ വച്ച് പിടിപ്പിച്ചു.
പക്ഷേ എന്നും എന്റെ സ്വപ്‌നങ്ങൾ തട്ടി തെറിപ്പിക്കുന്നതിൽ രസം കണ്ടെത്തുന്ന വിധി ഇവിടെയും കളി തുടങ്ങി. തിരുവനന്തപുരം സ്വദേശിയായ ഒരാളെത്തന്നെ പങ്കാളിയായി കിട്ടി എങ്കിലും കുറ്റിയും പറിച്ച് അയാൾ മറ്റൊരു നഗരത്തിൽ ജോലി കണ്ടുപിടിക്കുകയാണുണ്ടായത്. അന്നു തൊട്ടു തുടങ്ങി വാടകവീടുകളിൽ എന്റെ താമസം. പല പല സ്ഥലങ്ങൾ മാറി. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്. അങ്ങനെ വീട് മാറ്റങ്ങൾ തുടർന്നു കൊണ്ടിരുന്നു.
ഓരോ തവണയും കലം മുതൽ തവി വരെയും കട്ടിലു മുതൽ തൊട്ടിലുവരെയും വസ്ത്രങ്ങൾ മുതൽ ഹാൻഡ് കെർ ചീഫുവരെയും കെട്ടിപ്പെറുക്കണം. അന്ന് ഇത് പോലെ പായ്ക്കർമാരൊന്നുമില്ല. തനിയെ തന്നെ ഓരോന്നും പൊതിഞ്ഞു കാർട്ടണുകളിലാക്കി, ലോറിയിൽ കയറ്റി കൊണ്ടു പോകണം. അതൊക്കെ പുതിയ ഇടത്ത് അപ്പടി ഇറക്കി ലോറിക്കാർ സ്ഥലം വിടും. ഓരോന്നായി അഴിച്ചെടുത്തു അടുക്കിപ്പെറുക്കി വീണ്ടുമൊരു ഹോം സെറ്റാക്കുന്നത് മിക്കവാറും ഗൃഹനായികയുടെ മാത്രം ജോലിയായിരിക്കും.
ഒടുവിൽ എറണാകുളത്ത് സ്ഥിരതാമസമാക്കാനുള്ള തീരുമാനമായി. അവിടെ വീണ്ടും ഒരു വാടക വീട്. തീരുമാനങ്ങൾ ഒരിക്കലും എന്റേതായിരുന്നില്ല. ആശിച്ച്, പരിശ്രമിച്ച് ലോട്ടറി കിട്ടിയ വാശിയോടെ ഞാൻ നേടിയെടുത്ത സർക്കാർ ജോലി അയാൾ നിഷ്ക്കരുണം നിർബന്ധിച്ച് രാജി വയ്പ്പിക്കുകയും ചെയ്തു.. മക്കളുടെ സുഖത്തിലും സന്തോഷത്തിലും തത്പരരായ എന്റെ അച്ഛനമ്മമാർ ഇനി വാടകവീട്ടിൽ കിടക്കുകയും ഇടയ്ക്കിടെ വീട് മാറുകയും ചെയ്യേണ്ടല്ലോ എന്ന് കരുതി അവിടെ എനിക്കൊരു വീട് വാങ്ങി തന്നു. ‘സൂര്യ രശ്മി’ എന്ന് ഞാൻ പേരിട്ട ആ വീട്ടിൽ താമസിക്കാനായത് വെറും ഏഴു വർഷങ്ങൾ.
ജീവിതം ചിന്നി ചിതറി തകർന്നു വീണപ്പോൾ പ്രാണരക്ഷാർത്ഥം പായുകയല്ലാതെ എന്താണൊരു പോംവഴി .?
സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ചിലപ്പോഴൊക്കെ വിധി കൂട്ടു നിൽക്കാറുണ്ട്. പണ്ടത്തേക്കാൾ ആശിച്ച് അതിനേക്കാൾ പരിശ്രമിച്ചു ഞാൻ വീണ്ടും നേടി ഒരു സർക്കാർ ജോലി.. അവിടെ ചെറ്റക്കുടിലിനെക്കാൾ അൽപ്പം ഭേദപ്പെട്ട ഒരു വീട്. വാടകയ്ക്കല്ല സ്വന്തം തന്നെ. എന്റെയാ പഴയ വീട് വിറ്റ് വാങ്ങിയതാണ്. കുടിൽ പൊളിച്ചു കളഞ്ഞു. വീണ്ടും പണിഞ്ഞു ഒരു സൂര്യ രശ്മി. ആ വീട് എനിക്ക് ജീവനുതുല്യം പ്രിയപ്പെട്ടതായിരുന്നു. ദുരിതങ്ങൾക്ക് വിട നൽകി അവിടെ പാർത്തു പതിനഞ്ചു വർഷങ്ങൾ. സൗഭാഗ്യങ്ങളുടെ കാലം തന്നെയായിരുന്നു അത് !
‘ഓ ഇനി മതി കേട്ടോ’ എന്നു പറഞ്ഞ് വീണ്ടുമെത്തി വീട് മാറ്റം എന്ന ജാതക ദോഷം. കാൻസർ ചികിത്സാർത്ഥം എറണാകുളത്തൊരു വാടക വീട്. ചികിത്സ കഴിഞ്ഞു വീണ്ടും സൂര്യ രശ്‌മിയിലേയ്ക്ക്. പിന്നെ അമ്മയോടൊപ്പം തിരുവനന്തപുരത്തു കുറച്ചുനാൾ. എന്റെ സൂര്യരശ്‌മി അല്ല എന്റെ ഹൃദയം തന്നെ വാടകയ്ക്ക് കൊടുക്കേണ്ടി വന്നു. അച്ഛനും അമ്മയും എന്നെ വിട്ടുപോയിക്കഴിഞ്ഞപ്പോൾ മകളോടൊപ്പം എറണാകുളത്തൊരു വാടക ഫ്ലാറ്റിൽ. അവിടെ നിന്ന് മറ്റൊരു ഫ്ലാറ്റിലേക്ക്. വീണ്ടും മൂന്നാമതൊരു ഫ്ലാറ്റിലേക്ക് മാറിയ ശേഷമാണ് സ്വന്തമായി അവൾ ഒരു ഫ്ലാറ്റ് വാങ്ങിയത്. ഇപ്പോഴിതാ കിടപ്പിലായ മകനുമായി ഞാൻ വീണ്ടും ഒരു വാടക ഫ്ലാറ്റിൽ. എത്രയോ വീടുകളിൽ താമസിക്കാനുള്ള യോഗം! അല്ലാതെന്തു പറയാൻ ?
പഴയൊരു സ്വപ്നം ഇപ്പോഴും മനസ്സിലുണ്ട്. പത്തോ പതിനഞ്ചോ സെന്റിൽ ഒരു അഞ്ചു ബെഡ്‌റൂം വീട് ! അതിമോഹമല്ല. സ്വപ്നമാണ് .(മനോരാജ്യത്തിൽ പിന്നെ പാതിരാജ്യമെന്തിന്, മുഴുവനുമാകാമല്ലോ) ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ എന്റെ മകളും മരുമകനും ഞാനും !
English Summary: Web Column Kadhaillayimakal on Dream House