‘‘ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ ലാഭങ്ങളെക്കാളേറെ നഷ്ടങ്ങളാണ്, അതൊരാൾക്കു മാത്രമല്ല ഏതാണ്ട് എല്ലാവർക്കും.’’ ഇത് വർഷങ്ങൾക്കു മുൻപ് ഞാനാകെ തളർന്നിരുന്ന ഒരവസരത്തിൽ എന്റെ സ്വന്തം അനുജൻ എനിക്കെഴുതിയതാണ്. ബാങ്കുദ്യോഗസ്ഥനായതു കൊണ്ടാവാം അവൻ അങ്ങനെ പറഞ്ഞത്. ക്രെഡിറ്റും ഡെബിറ്റും ബാലൻസും കണക്കു കൂട്ടുന്നതാണല്ലോ അവരുടെ ജോലി. ഇന്നിപ്പോൾ എന്റെ ബാലൻസ് ഷീറ്റിൽ നഷ്ടങ്ങൾ എഴുതിച്ചേർക്കാൻ ഇടമില്ല, എന്ന അവസ്ഥയിൽ ഞാൻ നിൽക്കുമ്പോൾ ആ വരികൾ ഞാൻ ഓർത്തു പോയി. കാരണം ആ വരികൾ എഴുതി എനിക്ക് ധൈര്യം തന്ന ആ അനുജൻ എന്നെ വിട്ടു പോയിരിക്കുന്നു. ഈ നഷ്ടം ഞാൻ എവിടെ എഴുതിച്ചേർക്കും? എന്റെ ബാലൻസ് ഷീറ്റ് നിറഞ്ഞു പോയല്ലോ !
അല്ലെങ്കിൽ തന്നെ നഷ്ടങ്ങൾ എന്നും എനിക്ക് ഈശ്വരൻ തരുന്ന സർപ്രൈസുകളായിരുന്നു. എന്റെ ബാലൻസ് ഷീറ്റു തുറന്ന് ദൈവം നോക്കുമ്പോൾ ലാഭങ്ങളുടെ കോളം നിറഞ്ഞു കവിയുന്നു. ഒരു രാജകുമാരിയുടെ ജന്മം. പണം, പദവി, വിദ്യാഭ്യാസം ഒക്കെയുള്ള കുടുംബം. ഒന്നിനും ഒരു കുറവില്ല. അപ്പോൾ ദൈവം എന്റെ നഷ്ടങ്ങളുടെ കോളം കാലിയായി കിടക്കുന്നത് ശ്രദ്ധിച്ചു. കണക്കപ്പിള്ളയായ ചിത്ര ഗുപ്തനെ വിളിച്ച് ഏൽപ്പിച്ചു. അന്നു മുതൽ പുള്ളി തുടങ്ങിയില്ലേ പരിപാടി !
എനിക്ക് ആറു വയസ്സുള്ളപ്പോഴാണ് നഷ്ടങ്ങളുടെ ഘോഷയാത്ര ആരംഭിച്ചത്! എന്റെ അമ്മയുടെ സഹോദരന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു അന്ന് ഞാൻ. ആ സ്നേഹവും വാത്സല്യവും എനിക്കു നഷ്ടമാക്കിക്കൊണ്ട് എന്റെ ‘അപ്പുമാമനെ’ദൈവം വിളിച്ചു കൊണ്ടു പോയി. എന്റെ കൊച്ചു ബാല്യത്തിന്റെ ആദ്യത്തെ നഷ്ടം. വീട്ടിലുള്ള ആരും തന്നെ ആ നടുക്കത്തിൽ നിന്ന് മോചനം നേടിയിരുന്നില്ല. അപ്പോഴതാ മൂന്നു മാസം പിന്നിടുമ്പോൾ എന്നെ അതു പോലെയോ അതിലേറെയോ മനസ്സിലും തോളിലുമേറ്റി നടന്നിരുന്ന എന്റെ അരവിന്ദൻ കൊച്ചച്ചനെ (അച്ഛന്റെ അനുജൻ), ഒരു പാമ്പിന്റെ രൂപത്തിൽ വന്നു ദുർവിധി അപഹരിച്ചു കൊണ്ട് പോയി. ഭീകരമായ ആ രണ്ടു നഷ്ടങ്ങളിൽ എന്റെ ഇളം മനസ്സ് തളർന്നു.
നാല് ആൺകുട്ടികൾ മാത്രമുള്ള വല്യച്ഛന്റെ (അച്ഛന്റെ ജ്യേഷ്ഠൻ) വീട്ടിലെ അരുമപ്പെങ്ങൾ ആയിരുന്നു ഞാൻ. കളിക്കൂട്ടുകാരനായിരുന്ന അതിലൊരു സഹോദരനെ ‘ബ്ലഡ് കാൻസർ’ കൊണ്ടുപോയി. അന്നത് അപൂർവ രോഗമായിരുന്നു. ഇന്നത്തേതുപോലെ ചികിത്സയുമില്ല. എന്റെ സുന്ദരനും ആരോഗ്യവാനുമായ ‘പ്രിയൻ ചേട്ടൻ’ അങ്ങനെ എനിക്ക് നഷ്ടമായി.
‘എന്റെ ചേച്ചിയാണ് ലോകത്തിലേയ്ക്ക് ഏറ്റവും സുന്ദരി. തങ്കം പോലത്തെ സ്വഭാവം! പഠിക്കാനും കളിക്കാനും മിടുക്കി, എന്നൊക്കെ എന്നെ വാനോളം പുകഴ്ത്തിക്കൊണ്ട് മൂന്നു വയസ്സ് മുതൽ ഒപ്പം നടക്കുന്ന അനുജനായിരുന്നു ‘അബു’ എന്ന് ഞങ്ങൾ വിളിക്കുന്ന രാജീവ് (ചെറിയമ്മയുടെ മകൻ ). ഗൾഫ് തരംഗം തുടങ്ങിയ കാലത്ത് അവിടെപ്പോയി ജോലി നേടി, ഒരു നല്ല ജീവിതം കരുപ്പിടിപ്പിച്ച്, കുടുംബത്തിലുള്ളവരെ മുഴുവൻ ഗൾഫ് സമ്മാനങ്ങൾ കൊണ്ട് മൂടിക്കൊണ്ടിരിക്കെ, അവനെയും തട്ടിയെടുത്തു വിധി. എന്നെ തകർത്തു കളഞ്ഞു ആ നഷ്ടം! സഹോദരൻ എന്ന വാക്കിന്റെ അർത്ഥത്തെ സഫലമാക്കാൻ പോന്ന ഒരു വ്യക്തിത്വമായിരുന്നു അവൻ. തറവാട്ടിലെ ഇളയവരായ അനുജന്മാർക്കും അനുജത്തിമാർക്കുമെല്ലാം പ്രിയങ്കരനായ ‘അബുവണ്ണൻ’. കസിനെന്നവനെ പറയാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
വലിയ നഷ്ടങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നൊരു മുന്നറിയിപ്പ് ചിലപ്പോഴൊക്കെ ഒരപൂർവ ഇന്ദ്രിയം വഴി എനിക്ക് ലഭിച്ചിരുന്നു എന്നതും ഒരത്ഭുതം. അത് സത്യം തന്നെയായിരുന്നു.
ദാമ്പത്യം നഷ്ടപ്പെട്ടു. കാൻസർ ബാധിച്ച് ആന്തരീകാവയവങ്ങളും അഴകും ആരോഗ്യവും നഷ്ടപ്പെട്ടു. താങ്ങും തണലുമായ അരോഗദൃഢഗാത്രനായ മകന് മാരകമായ ഹെമറേജ് വന്നു. അവൻ രക്ഷപ്പെട്ടെങ്കിലും അവന്റെ കുടുംബം പോയി.
പോരേ, ഇത്രയൊക്കെ പോരേ, എന്ന് അതീവ സങ്കടത്തോടെ ഞാൻ ഈശ്വരനോടും വിധിയോടും കാലത്തിനോടും ചോദിച്ചിട്ടുണ്ട്. മേഘങ്ങൾക്കിടയിൽ വെള്ളിരേഖ പോലെ ചില ഭാഗ്യങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. എന്ത് കാര്യം? വീണ്ടും നഷ്ടങ്ങൾ എന്റെ ബാലൻസ് ഷീറ്റിൽ ആ അജ്ഞാത കരങ്ങൾ എഴുതിച്ചേർത്തു കൊണ്ടിരിക്കുന്നു.
ഈശ്വരൻ കരുണാമയനാണെന്ന് നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചതാരാണ്? സത്യമാണത്. കരുണക്കടൽ തന്നെയാണവ. സംശയമില്ല. ഓരോ നഷ്ടത്തിൽ നിന്നും കരകയറാനും നഷ്ടങ്ങൾ സഹിക്കാനും എനിക്കവൻ കരുത്ത് നൽകുന്നു. ഒരുപക്ഷേ ഇതൊക്കെ തടയാൻ അവനു കഴിയില്ലായിരിക്കും. എന്നാലും സംഭവിച്ചു കഴിഞ്ഞാൽ താങ്ങായി നിന്ന് കരകയറ്റാൻ അവൻ ഒപ്പമുണ്ടാകും. (ഇതൊക്കെ എന്റെ മാത്രം അനുഭവങ്ങളും വിശ്വാസങ്ങളുമാണ്) എന്നിട്ടും എന്റെ ബാലൻസ് ഷീറ്റിൽ ഇടമുണ്ടെന്നു കണ്ട ദുർവിധി എന്റെ മകനെ ഒരു ജീവശ്ചവമാക്കി എന്റെ നഷ്ടം പൂര്‍ണ്ണമാക്കി.
എന്താണുദ്ദേശം എന്ന് ദൈവത്തോട് ചോദിക്കാൻ നമുക്കാവുമോ? കൂടുതൽ സൗഭാഗ്യങ്ങളൊന്നും വേണ്ട തന്നതൊന്നും തിരിച്ചെടുക്കരുതേ എന്നായിരുന്നു എന്നും എന്റെ അപേക്ഷ !
എന്നിട്ടും ഇപ്പോൾ എന്റെ മാത്രമല്ല, ഞങ്ങൾ മൂന്നു സഹോദരിമാരുടെ ഏകസഹോദരനെ ഓർക്കാപ്പുറത്ത് വിളിച്ചു കൊണ്ടുപോയി ദൈവം ഞങ്ങളെ സങ്കടക്കയത്തിൽ മുക്കി താഴ്ത്തിക്കളഞ്ഞു. എന്റെ അനുജനെപ്പറ്റി ഒരുപാടൊന്നും പറയാനില്ല. ഒരു സാധാരണ സഹോദരൻ. രണ്ടു ചേച്ചിമാർക്കും ഒരനുജത്തിക്കും ഏറ്റവും പ്രിയപ്പെട്ടവൻ. വ്യായാമങ്ങളും കളരിയും ആരോഗ്യസംരക്ഷണവുമായി ഈട്ടിത്തടിയുടെ കരുത്തു നേടിയവൻ ! അവനാണ് ഒറ്റയടിക്കങ്ങു പോയത്. ഒറ്റപ്പുത്രന്റേതായ എല്ലാ ഗുണദോഷങ്ങളുമുണ്ടെങ്കിലും, വീടിനു പുറത്ത് അവൻ മറ്റൊരാളാണ് .വിനയവും നല്ല പെരുമാറ്റവും നർമഭാഷണവും കൊണ്ട് ആരെയും വശത്താക്കുന്നവൻ. സ്നേഹിതർക്കും സഹപ്രവർത്തകർക്കുമിടയിൽ തികച്ചും വ്യത്യസ്തനായൊരു ‘ഗോപൻ’. അവർക്കെല്ലാം ഗോപനെപ്പറ്റി നല്ലതു മാത്രമേ പറയാനുള്ളു .
ചോദ്യം ആവർത്തിക്കട്ടെ. ഈ നഷ്ടം ഞാൻ എവിടെ എഴുതിച്ചേർക്കും?
എന്തിനാണിപ്പോൾ ഇങ്ങനെ ഒരു എണ്ണിപ്പെറുക്കൽ എന്നല്ലേ? സുഖവും സന്തോഷവും നേട്ടങ്ങളും ലാഭങ്ങളും സൗഭാഗ്യങ്ങളും വേണ്ടുവോളം അനുഭവിച്ച് ഈ ലോകത്തു ജീവിക്കുന്ന ഒരുപാടുപേരില്ലേ? അവർക്കിടയിലിങ്ങനെ ചില കഷ്ട ജന്മങ്ങൾ കൂടിയുണ്ടെന്ന് ലോകം അറിയണ്ടേ ?
English Summary: Web Column Kadhaillayimakal, The things you lose with the deaths of dear ones