അമ്മയ്ക്കൊരു ദിനം
ഒരു മെയ് മാസതീയതിയിൽ ലോകമെമ്പാടും മാതൃ ദിനം കൊണ്ടാടുമ്പോൾ അതേക്കുറിച്ചൊന്ന് എഴുതാതിരിക്കുന്നതെങ്ങിനെ? മെയ് 9 -അഖിലലോക മാതൃദിനം അല്ലേ? അമ്മയ്ക്ക് പകരം അമ്മ മാത്രം! അമ്മയല്ലാതൊരു ദൈവമുണ്ടോ ? അമ്മയുടെ സ്നേഹം വാത്സല്യം, ത്യാഗം എല്ലാം അനുപമം ! എങ്കിൽ പിന്നെ അമ്മയെ ഓർക്കാൻ പ്രത്യേകിച്ചൊരു ദിനം വേണോ
ഒരു മെയ് മാസതീയതിയിൽ ലോകമെമ്പാടും മാതൃ ദിനം കൊണ്ടാടുമ്പോൾ അതേക്കുറിച്ചൊന്ന് എഴുതാതിരിക്കുന്നതെങ്ങിനെ? മെയ് 9 -അഖിലലോക മാതൃദിനം അല്ലേ? അമ്മയ്ക്ക് പകരം അമ്മ മാത്രം! അമ്മയല്ലാതൊരു ദൈവമുണ്ടോ ? അമ്മയുടെ സ്നേഹം വാത്സല്യം, ത്യാഗം എല്ലാം അനുപമം ! എങ്കിൽ പിന്നെ അമ്മയെ ഓർക്കാൻ പ്രത്യേകിച്ചൊരു ദിനം വേണോ
ഒരു മെയ് മാസതീയതിയിൽ ലോകമെമ്പാടും മാതൃ ദിനം കൊണ്ടാടുമ്പോൾ അതേക്കുറിച്ചൊന്ന് എഴുതാതിരിക്കുന്നതെങ്ങിനെ? മെയ് 9 -അഖിലലോക മാതൃദിനം അല്ലേ? അമ്മയ്ക്ക് പകരം അമ്മ മാത്രം! അമ്മയല്ലാതൊരു ദൈവമുണ്ടോ ? അമ്മയുടെ സ്നേഹം വാത്സല്യം, ത്യാഗം എല്ലാം അനുപമം ! എങ്കിൽ പിന്നെ അമ്മയെ ഓർക്കാൻ പ്രത്യേകിച്ചൊരു ദിനം വേണോ
ഒരു മെയ് മാസതീയതിയിൽ ലോകമെമ്പാടും മാതൃ ദിനം കൊണ്ടാടുമ്പോൾ അതേക്കുറിച്ചൊന്ന് എഴുതാതിരിക്കുന്നതെങ്ങിനെ? മെയ് 9 -അഖിലലോക മാതൃദിനം അല്ലേ?
അമ്മയ്ക്ക് പകരം അമ്മ മാത്രം!
അമ്മയല്ലാതൊരു ദൈവമുണ്ടോ ?
അമ്മയുടെ സ്നേഹം വാത്സല്യം, ത്യാഗം എല്ലാം അനുപമം !
എങ്കിൽ പിന്നെ അമ്മയെ ഓർക്കാൻ പ്രത്യേകിച്ചൊരു ദിനം വേണോ ?
(ഇതെന്തൊരു പ്രഹസനമാണ് സജീ .. കടപ്പാട് )
ഒരിക്കലും അമ്മയാകേണ്ട എന്ന് തീരുമാനിച്ചവരും, ശാരീരികമായും മാനസികമായും സാമ്പത്തികമായും തയ്യാറാണെങ്കിൽ മാത്രം അമ്മയായാൽ മതി എന്നുറപ്പിക്കുന്നവരും ഇന്ന് നമ്മുടെയിടയിലുണ്ട്. മഹത്വവും ത്യാഗവും നിസ്വാർത്ഥതയുമൊക്കെ വെറുതെ അമ്മമാരുടെ തലയിൽ കെട്ടി വയ്ക്കുന്നതാണ്, കഷ്ടപ്പാടും ദുരിതവും മാത്രമാണ് ഒരമ്മയുടെ ജീവിതം എന്ന് വാദിക്കുന്നവരുമുണ്ട്.
ഏതായാലും ഒരു തർക്കത്തിന് ഞാനില്ല. തീരെ ചെറുപ്പത്തിൽ അമ്മയായതാണ് ഞാൻ. അമ്മയാകാൻ ആശിച്ചിരുന്നു എന്നതും കോളജ് കാലത്തിനിടയിലൊരു മകനെക്കിട്ടിയതിൽ അത്യധികം ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു എന്നതും സത്യം.
അതിനും മുൻപുള്ള കഥ പറയാനാണെങ്കിൽ ‘അമ്മ’ എന്ന സുദൃഢമായ ബന്ധമായി എന്റെ ശൈശവ ബാല്യങ്ങളിൽ എന്നോടൊപ്പമുണ്ടായിരുന്നത് എന്റെ അമ്മുമ്മയായിരുന്നു (അമ്മയുടെ അമ്മ) എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഞാൻ ജനിച്ചു കഴിഞ്ഞും അമ്മ നിയമ വിദ്യാഭ്യാസം തുടരാനായി ലോ കോളേജ് ഹോസ്റ്റലിലേക്ക് പോയിരുന്നു. അതോടെ ഒരകൽച്ച എനിക്കും അമ്മയ്ക്കുമിടയിലുണ്ടായി. അമ്മയെ വളരെക്കാലം മൂത്ത ജ്യേഷ്ഠത്തി എന്ന് ധരിച്ച് കുഞ്ഞമ്മമാരും അമ്മാവന്മാരും വിളിക്കും പോലെ ചേച്ചി എന്ന് ഞാനും വിളിച്ചു പോന്നു. പിന്നീട് പറഞ്ഞ് മനസ്സിലാക്കി തരികയായിരുന്നു. അമ്മുമ്മയുടെ അനന്യ സാധാരണമായ സ്വഭാവഗുണങ്ങൾ അമ്മയ്ക്കുണ്ടായിരുന്നില്ല. അത് കൊണ്ടാവാം ‘അമ്മ’ എന്ന മഹനീയ സങ്കല്പമായി ഇന്നും എന്റെ മനസ്സിലുള്ളത് അമ്മുമ്മയാണ് .
എനിക്ക് പിന്നീട് രണ്ടനുജത്തിമാരും ഒരനുജനും ഉണ്ടായി. അമ്മവീട്ടിൽ നിന്ന് മാറി ഞാൻ അച്ഛനമ്മമാരോടൊപ്പം നഗരത്തിലെ പുതിയ വീട്ടിൽ താമസമാക്കുകയും ചെയ്തു. വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. അതുകൊണ്ട് അവധിക്കാലങ്ങളിൽ അമ്മ വീട്ടിലേയ്ക്ക് പോകാൻ, അമ്മുമ്മയുടെ മടിയിൽ അഭയം തേടാൻ ഞാൻ ഉത്സാഹിച്ചിരുന്നു. അമ്മ ഉദ്യോഗസ്ഥ ആയിരുന്നതിനാൽ പരിചാരകർ എന്നു വിളിക്കാനാവാത്ത അകന്ന ബന്ധുക്കളാണ് ഞങ്ങളെ വളർത്തിയത്. അമ്മ ശ്രദ്ധയും സ്നേഹവും വാത്സല്യവുമൊന്നും പകർന്നു തന്നിട്ടില്ല എന്നല്ല. എങ്കിലും അതൊക്കെ അമ്മയുടേതായ ഒരു പ്രത്യേക രീതിയിൽ ആയിരുന്നു. ഞങ്ങൾക്ക് വേണ്ടിടത്തോളമല്ല അമ്മയ്ക്ക് ഇഷ്ടമുള്ളിടത്തോളമായിരുന്നു അതെല്ലാം തന്നെ. വളരെ സുഖസൗകര്യങ്ങളിൽ തന്നെയാണ് ഞാനും സഹോദരങ്ങളും വളർന്നത്.
പെറ്റമ്മ മാത്രമല്ല നമുക്ക് അമ്മയാകുന്നത്. അമ്മുമ്മ, അച്ഛമ്മ, ചെറിയമ്മ, അച്ഛൻപെങ്ങൾ ഇവരൊക്കെ നമുക്ക് ചിലപ്പോൾ അമ്മയ്ക്ക് സമമാകാറുണ്ട്. അതിരറ്റ വാത്സല്യം ഇവരിൽ നിന്നൊക്കെ നമുക്ക് ലഭിച്ചിട്ടുമുണ്ടാവും. അതിരുകളില്ലാത്ത സ്‌നേഹവും വാത്സല്യവും ലാളനയും പകർന്നു നൽകുന്നവർ ആരായാലും അത് അമ്മ തന്നെ. ഇതിനു ധാരാളം ഉദാഹരണങ്ങൾ നമുക്ക് പുരാണങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും ദൈനംദിന ജീവിതത്തിൽ നിന്നും എടുത്തു കാട്ടാനാവും. ഞാൻ ഒരമ്മയായിക്കഴിഞ്ഞപ്പോഴാണ് മാതൃത്വം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞത്. മക്കൾ മാത്രമായി എന്റെ ലോകം. അച്ഛനില്ലാത്ത കുറവ് മക്കളെ അറിയിക്കാതെ വളർത്തേണ്ട ബാധ്യതകൂടി എനിക്കുണ്ടായി. എന്റെ മക്കൾക്കു താങ്ങും തണലുമായിരിക്കാൻ ഞാൻ പ്രത്യേകം നിഷ്ക്കർഷിച്ചു. ത്യാഗവും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക മാത്രമല്ല ആഴത്തിലുള്ള ഒരു സൗഹൃദവും എനിക്കും മക്കൾക്കുമിടയിൽ ഞാൻ ഉണ്ടാക്കിയെടുത്തു. ‘അമ്മയാണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി’ എന്ന് മക്കൾ രണ്ടു പേരും പറയുമായിരുന്നു. കാലം കഴിഞ്ഞപ്പോൾ അവർ മുതിർന്ന് അവർക്ക് കുടുംബവും കുട്ടികളും ഒക്കെയായി കഴിഞ്ഞപ്പോൾ മുൻഗണനകൾക്ക് മാറ്റം വന്നിരിക്കാം. എങ്കിലും ‘ഈ അമ്മക്കൂട്ടുകാരി’ എന്നും അവരുടെ ഉള്ളിലുണ്ടെന്ന് എനിക്കറിയാം .
അച്ഛൻ ഞങ്ങളെ വിട്ടു പോയിക്കഴിഞ്ഞപ്പോൾ ഞാൻ കുറേക്കാലം അമ്മയോടൊപ്പം താമസിച്ചിരുന്നു. അമ്മയുടെ മറ്റു മക്കളും എന്റെ മക്കളും ഓരോരോ ഇടങ്ങളിൽ സെറ്റിൽ ചെയ്തു കഴിഞ്ഞിരുന്നു. ഒരു വലിയ വീട്ടിൽ അമ്മയും ഞാനും മാത്രം. ജോലിക്കൊക്കെ സഹായിക്കാൻ ആളുണ്ട്. ഞാൻ അമ്മയ്ക്ക് കൂട്ടായിരുന്നാൽ മാത്രം മതി.. അപ്പോഴാണ് അമ്മയുമായി വളരെ അടുത്ത ഒരു സൗഹൃദം എനിക്കുണ്ടായത്. കളിയും ചിരിയും സംസാരവും ഒക്കെയായി കുറെ നല്ല നാളുകൾ. (ഏകദേശം രണ്ടു വർഷക്കാലം ) എന്റെ ‘മകൾജീവിത’ത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം മരണത്തെക്കുറിച്ച് ഇടയ്ക്കൊക്കെ അമ്മ പറയുമ്പോൾ ‘‘ഇപ്പോഴൊന്നും മരിക്കരുതേ അമ്മേ, ഞാൻ തനിച്ചായിപ്പോകും’’ എന്ന് ഞാൻ പറയാറുണ്ടായിരുന്നു. (ബാക്കിയുള്ളവർക്കൊക്കെ കുടുംബമുണ്ട് എനിക്കതില്ലല്ലോ.)
പക്ഷേ അമ്മ പോയി. വല്ലാത്തൊരു ശൂന്യത എനിക്ക് അനുഭവപ്പെട്ടു. അമ്മ യാത്രയായശേഷം വീട്ടിൽ നിന്ന് പടിയിറങ്ങിയ ഞാൻ പിന്നെ എന്റെ വീട്ടിലേയ്ക്കു പോയതേയില്ല -നീണ്ട പത്തു വർഷങ്ങൾ! എന്റെ ഏക സഹോദരനും കുടുംബവുമാണ് അവിടെ താമസിച്ചിരുന്നത്. അവരോടുള്ള യാതൊരു ഇഷ്ടക്കുറവും കൊണ്ടല്ല, അമ്മ ഇല്ലാത്ത ആ വീട്ടിലേയ്ക്ക് എനിക്ക് പോകാനാവില്ല എന്നൊരു തോന്നൽ എന്റെ മനസ്സിൽ രൂഢ മൂലമായി. വീട്ടിലേയ്ക്കുള്ള വഴിയുടെ അരികിൽ കൂടി പോലും പിന്നെ ഞാൻ പോയിട്ടില്ല. ‘ഇത് ഒരു തരം ഭ്രാന്താണോ’ എന്ന് ഞാൻ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ വീണ്ടും അവിടെ പോകേണ്ടിവന്നു. ഏക സഹോദരനെ അവസാനയാത്ര അയയ്ക്കാൻ!
ഇന്നും അമ്മയെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. കുട്ടിക്കാലം മുതൽ അമ്മയുമൊത്തുണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഞാൻ വെറുതെ ഓർത്ത് രസിക്കുകയും സങ്കടപ്പെടുകയും ചെയ്യും . അങ്ങനെയുള്ളഎനിക്കാണോ അമ്മയെ ഓർക്കാൻ ഒരു മാതൃദിനം? എന്നാലും ലോകത്തുള്ള എല്ലാ നല്ല അമ്മമാർക്കും ഞാൻ ആശംസകൾ നേരുന്നു.
English Summary: Web Column Kadhaillayimakal, Mother's Day